Thursday, 16 January 2014

റോബോട്ടിക് പദ്ധതിയുമായി ഗൂഗിള്‍

റോബോട്ടിക് പദ്ധതിയുമായി ഗൂഗിള്‍

    |    Dec 05, 2013

ആറുമാസത്തിനിടെ ഏഴ് റോബോട്ടിക് കമ്പനികളെ ആരുമറിയാതെ സ്വന്തമാക്കുക. അതുമായി ബന്ധപ്പെട്ട വിഭാഗത്തിന്റെ ചുമതല, ലോകത്തെ ഏറ്റവും ജനപ്രിയ മൊബൈല്‍ പ്ലാറ്റ്‌ഫോമായ ആന്‍ഡ്രോയ്ഡ് വികസിപ്പിച്ച സാക്ഷാല്‍ ആന്‍ഡി റൂബിനെ ഏല്‍പ്പിക്കുക....എന്തിനുള്ള പുറപ്പാടാണ് ഗൂഗിളിന്റേത് എന്ന അമ്പരപ്പിലാണ് ടെക്‌ലോകം!!

സ്വന്തമായി റോബോട്ടുകളെ പുറത്തിറക്കാനാണോ ഗൂഗിളിന്റെ നീക്കം. അതോ റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെ മറ്റൊരു സാങ്കേതിക വിപ്ലവത്തിനുള്ള പടപ്പുറപ്പാടോ? ഗൂഗിളില്‍നിന്ന് ആരും ഒന്നും പറയുന്നില്ല. ചില അഭ്യൂഹങ്ങള്‍ മാത്രമേ ഉള്ളൂ.

ഏതായാലും ഒന്നുറപ്പ്; ഒരുങ്ങി തന്നെയാണ് ഗൂഗിള്‍ പുറപ്പെട്ടിരിക്കുന്നത്.

2013 മാര്‍ച്ച് 13 നാണ് ആന്‍ഡ്രോയ്ഡിന്റെ ചുമതല ആന്‍ഡി റൂബിന്‍ ഒഴിഞ്ഞത്. പകരംഇന്ത്യന്‍ വംശജനായ സുന്ദര്‍ പിച്ചയ് ആന്‍ഡ്രോയ്ഡിന്റെ ചുമതല ഏറ്റെടുത്തപ്പോള്‍ , ആന്‍ഡി റൂബില്‍ ഗൂഗിളുമായി തെറ്റിയെന്ന് ചിലരെങ്കിലും കരുതി. എന്നാല്‍ , ആന്‍ഡി റൂബിനെ മറ്റൊരു സുപ്രധാന ദൗത്യം ഏല്‍പ്പിക്കാനായിരുന്നു നീക്കമെന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.

റോബോട്ടിക് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് ആന്‍ഡി റൂബിനാണെന്ന് ഗൂഗിളിന്റെ വക്താവ് സ്ഥിരീകരിച്ചെങ്കിലും, ആ ദൗത്യത്തിന്റെ സ്വഭാവമെന്താണെന്ന് ഒരു സൂചനയും നല്‍കാന്‍ ഗൂഗിളോ ആന്‍ഡി റൂബിനോ തയ്യാറായില്ല.

ഗൂഗിളിന്റെ 'ഡ്രൈവറില്ലാ കാര്‍ സങ്കേത'വുമായി
 കൂട്ടുചേര്‍ന്നാണ് റോബോട്ടിക് പദ്ധതിയും പുരോഗമിക്കുന്നതെന്നും, ആരുടെയും സഹായമില്ലാതെ വീടുകളില്‍ സാധനങ്ങളെത്തിക്കാനുള്ള ഓട്ടോമേറ്റഡ് സംവിധാനമാകാം ഗൂഗിള്‍ വികസിപ്പിക്കുന്നതെന്നും'ന്യൂയോര്‍ക്ക് ടൈംസ്' പറയുന്നു.

ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍ ) ഉപയോഗിച്ച് വീടുകളില്‍ സാധനങ്ങളെത്തിക്കാന്‍'പ്രൈം എയര്‍ ' എന്ന പദ്ധതി ആമസോണ്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമാണ്. ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ , ആമസോണിന്റെ പദ്ധതിക്ക് ബദലായിരിക്കും ഗൂഗിളിന്റെ റോബോട്ടിക്ക് പദ്ധതി.

ഓര്‍ഡര്‍ ചെയ്യുന്ന ദിവസം തന്നെ പലചരക്ക് സാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ, സാന്‍ ഹൊസെ എന്നിവിടങ്ങളില്‍ 'ഗൂഗിള്‍ ഷോപ്പിങ് എക്‌സ്പ്രസ്സ്' ( Google Shopping Express ) എന്ന പേരിലൊരു സര്‍വീസ് ഗൂഗിള്‍ അടുത്തയിടെ ആരംഭിച്ച കാര്യം റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ഗൂഗിളിന്റെ ഉദ്ദേശം എന്താണെങ്കിലും, അധികം വൈകാതെ റോബോട്ടിക് സാങ്കേതികവിദ്യ മുഖ്യധാരാ വിപണിയിലേക്ക് എത്തും എന്നത് വ്യക്തമാണെന്ന്, എഡിന്‍ബറോ സര്‍വകലാശാലയിലെ റോബോട്ടിക് ലാബ് ഡയറക്ടര്‍ പ്രൊഫ.സേതു വിജയകുമാര്‍ ബിബിസിയോട് പറഞ്ഞു.

റോബോട്ടിക് സാങ്കേതികവിദ്യയുടെ കാര്യത്തില്‍ ചലനം, സെന്‍സിങ് സംവിധാനങ്ങള്‍ മുതലായവയില്‍ വലിയ മുന്നേറ്റം ഇതിനകം സാധ്യമായിട്ടുള്ള കാര്യം പ്രൊഫ. വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു. ഗൂഗിളിനെപ്പോലുള്ള മുഖ്യധാരാ കമ്പനികള്‍ ഈ രംഗത്തെ വെല്ലുവിളില്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നതോടെ, സോഫ്റ്റ്‌വേര്‍ ഇന്റഗ്രേഷന്‍ , സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, മോഡുലാര്‍ ഡിസൈന്‍ തുടങ്ങിയ രംഗങ്ങളില്‍ വലിയ മുന്നേറ്റം സാധ്യമാകും - അദ്ദേഹം പറഞ്ഞു.

കാലിഫോര്‍ണിയയില്‍ പാലോ ഓള്‍ട്ടോയിലാണ് ഗൂഗിളിന്റെ റോബോട്ടിക് പദ്ധതിയുടെ ആസ്ഥാനം. റോബോട്ടിക് രംഗത്ത് വന്‍മുന്നേറ്റം നടത്തുന്ന ജപ്പാനിലും ഇതുമായി ബന്ധപ്പെട്ട് ഗൂഗിളിന്റെ ഒരു ഓഫീസ് പ്രവര്‍ത്തിക്കും.

'പത്തുവര്‍ഷത്തെ വീക്ഷണ'മാണ് ഗൂഗിളിന് ഇക്കാര്യത്തിലുള്ളതെന്ന് ആന്‍ഡി റൂബിന്‍ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട ഹാര്‍ഡ്‌വേറും സോഫ്റ്റ്‌വേറുമൊക്കെ തന്റെ ടീം നിര്‍മിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഒരു ജാപ്പനീസ് കമ്പനി ഉള്‍പ്പടെ റോബോട്ടിക്‌സ് രംഗത്തുള്ള ഏഴ് കമ്പനികളെയാണ് പോയ മാസങ്ങളില്‍ ഗൂഗിള്‍ സ്വന്തമാക്കിയത്.

പരസ്യങ്ങളുടെ നിര്‍മിതിക്ക് റോബോട്ടിക് സാങ്കേതികത ഉപയോഗപ്പെടുത്തുന്ന സാന്‍ ഫ്രാന്‍സിസ്‌കോ കമ്പനിയായ Autofuss ആണ് ഗൂഗിള്‍ സ്വന്തമാക്കിയ കമ്പനികളിലൊന്ന്. Autofuss ന്റെ സഹോദര കമ്പനിയായ, സിനിമനിര്‍മാണത്തിനായി റോബോട്ടിക് ചലനങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന Bot & Dolly ആണ് മറ്റൊരു കമ്പനി.

വാഹനങ്ങളുടെ ചലനം ഏത് ദിശയിലും മികച്ചതാക്കാന്‍ സഹായിക്കുന്ന സങ്കേതം വികസിപ്പിക്കുന്ന കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ കേന്ദ്രമായുള്ള Holomni , ട്രക്കുകളിലും മറ്റും പാക്കേജുകള്‍ ലോഡ് ചെയ്യാനും കൈകാര്യം ചെയ്യാനും ആവശ്യമായ ത്രീഡി വിഷന്‍ ഗൈഡഡ് റോബോട്ടിക് സങ്കേതികതയില്‍ ശ്രദ്ധയൂന്നുന്ന പാലോ ഓള്‍ട്ടോയിലെIndustrial Perception എന്നിവയാണ് ഗൂഗിള്‍ ഏറ്റെടുത്ത മറ്റ് രണ്ട് കമ്പനികള്‍ .

സുരക്ഷിതമായ റോബോട്ട് ഭാഗങ്ങള്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന Meka Roboticsആണ് ഗൂഗിളിന്റെ ചിറകിന്‍ കീഴിലെത്തുന്ന മറ്റൊരു കമ്പനി. മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി ( MIT ) യില്‍ നിന്ന് പുറത്തുവന്ന കമ്പനിയാണിത്. നിര്‍മാണം, വിതരണം മുതലായ വ്യവസായിക ആവശ്യങ്ങള്‍ക്കായുള്ള പുതിയ തലമുറ റോബോട്ടിക് കരങ്ങള്‍ നിര്‍മിക്കുന്ന, സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായുള്ള Redwood Robotics ആണ് മറ്റൊരു കമ്പനി.

ജപ്പാനില്‍ ടോക്യോ സര്‍വകലാശാലയില്‍ നിന്ന് രൂപപ്പെട്ട റോബോട്ടിക് കമ്പനിയായSchaft ആണ് ഗൂഗിളേറ്റെടുത്ത മറ്റൊരു കമ്പനി. ഹ്യുമനോയ്ഡ് റോബോട്ടുകളെ വികസിപ്പിക്കുന്നതില്‍ സ്‌പെഷ്യലൈസ് ചെയ്യുന്ന കമ്പനിയാണിത്. (ചിത്രങ്ങള്‍ കടപ്പാട് : MEKA )

No comments:

Post a Comment