Thursday, 16 January 2014

പരസ്യങ്ങളില്‍ ഉപയോക്താവിന്റെ ചിത്രം: ഗൂഗിളിനെതിരെ പ്രതിഷേധം ശക്തം


 

പരസ്യങ്ങള്‍ക്ക് കൂടുതല്‍ സോഷ്യല്‍ സ്വഭാവം നല്‍കാനുദ്ദേശിച്ച് ഗൂഗിള്‍ അവതരിപ്പിച്ച പോളിസി പരിഷ്‌ക്കരണത്തിന്റെ പേരില്‍ പ്രതിഷേധം ശക്തമാകുന്നു. പരസ്യങ്ങളില്‍ നിങ്ങളുടെ പേരും ചിത്രവും കമന്റും, നിങ്ങളുടെ അനുവാദം കൂടാതെ ഉപയോഗിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുന്നതാണ് പുതിയ നയപരിഷ്‌ക്കരണം.

ഫെയ്‌സ്ബുക്കിന്റെ 'സോഷ്യല്‍ ആഡ്‌സി' ( Social Ads ) ന്റെ പാത പിന്തുടര്‍ന്നാണ് ഗൂഗിളും ഈ പരിഷ്‌ക്കരണം വരുത്തുന്നത്. 'ഷെയേര്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്‌സ്' പോളിസി ( 'shared endorsements' policy ) എന്ന പേരില്‍ നവംബര്‍ 11 മുതലാണ് പുതിയ നയപരിഷ്‌ക്കരണം പ്രാബല്യത്തില്‍ വരിക.

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസിലെ കമന്റുകള്‍ , 'follows' ഒക്കെ ഉപയോക്താവിന്റെ അനുമതി കൂടാതെ ഫോട്ടോയ്‌ക്കൊപ്പം പരസ്യങ്ങളില്‍ കാട്ടാന്‍ ഗൂഗിളിന് കഴിയും. പരസ്യങ്ങള്‍ക്ക് കൂടുതല്‍ 'സോഷ്യല്‍ മൂല്യം' കൈവരുത്തുകയാണ് ലക്ഷ്യം.


എങ്ങനെയാണ് 'ഷെയേര്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്' സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിള്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു ഷോപ്പിന്റെ സ്ട്രീറ്റ് വ്യൂ ദൃശ്യത്തിനും, സെര്‍ച്ച് ഫലങ്ങള്‍ക്കുമൊപ്പം ആളുകളുടെ ചിത്രവും കമന്റും പ്രത്യക്ഷപ്പെടുന്നത് ആ പേജില്‍ ഗൂഗിള്‍ നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഒരു പ്രശ്‌നം ചിലര്‍ പ്രൊഫൈല്‍ ചിത്രമായി സ്വന്തം ചിത്രത്തിന് പകരം പല മഹാന്‍മാരുടെയും പ്രധാന വ്യക്തികളുടെയും ചിത്രം നല്‍കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആ ചിത്രമായിരിക്കും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക, അല്ലാതെ യഥാര്‍ഥ യൂസറിന്റെ ചിത്രമാകില്ല.

ഒട്ടേറെപ്പേര്‍ ഗൂഗിളിന്റെ പുതിയ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പലരും ഗൂഗിള്‍ പ്ലസ്സ് അക്കൗണ്ടിലെ സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങളും മാറ്റി.

എന്നാല്‍ , പുതിയ സംവിധാനത്തിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാമെന്നും, വേണ്ടെങ്കില്‍ അത് ഒഴിവാക്കാമെന്നും ഗൂഗിള്‍ പറയുന്നു. എങ്ങനെ ആ സംവിധാനത്തില്‍ നിന്ന് ഒഴിവാകാമെന്ന് ഈ പേജില്‍ ഗൂഗിള്‍ വിശദീകരിച്ചിട്ടുള്ളത് കാണുകhttp://plus.google.com/settings/endorsements 

'sponsored stories'
 എന്ന പേരില്‍ ഏതാണ്ട് സമാനമായ ഒരു സംവിധാനം 2011 ല്‍ ഫെയ്‌സ്ബുക്ക് നടപ്പില്‍ വരുത്തിയപ്പോഴും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനെതിരെ നിയമനടപടികളുമുണ്ടായി. അനുവാദമില്ലാതെ യൂസര്‍മാരുടെ ചിത്രം ഉപയോഗിച്ചതിന് ഫെയ്‌സ്ബുക്കിന് 200 ലക്ഷം ഡോളര്‍ നഷ്ടപരിഹാരവും നല്‍കേണ്ടിവന്നു.

No comments:

Post a Comment