ശരിക്കുപറഞ്ഞാല്‍ ഇതൊരു ക്രിസ്മസ്-പുതുവത്സര സമ്മാനമാണ്. ഒരുകാലത്ത് പാശ്ചാത്യലോകത്ത് കുട്ടികളുടെ ഹരമായിരുന്ന ആയിരത്തോളം ക്ലാസിക് വീഡിയോ ഗെയിമുകള്‍ 'ഇന്റര്‍നെറ്റ് ആര്‍ക്കൈവ്' ഓണ്‍ലൈനിലെത്തിക്കുകയാണ്. ഇനിയവ വെബ്ബ് ബ്രൗസറില്‍ കളിക്കാം!
ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ 'ദി കണ്‍സോള്‍ ലിവിങ് റൂം' ( Console Living Room ) പദ്ധതിയുടെ ഭാഗമായാണ്, തലമുറകള്‍ക്ക് ഹരംപകര്‍ന്ന ആ പ്രസിദ്ധ വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനിലെത്തുന്നത്.
ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ സ്ഥാപകന്‍ ജാസണ്‍ സ്‌കോട്ട് ബ്ലോഗില്‍ പറയുന്നത്നോക്കുക : 'മരച്ചുവട്ടിലിരിക്കുന്ന വലിയൊരു പാഴ്‌സല്‍ കണ്ടെത്തുക. അതു തുറക്കുമ്പോള്‍ ഉള്ളില്‍ ആവേശമുണര്‍ത്തുന്ന, എണ്ണമറ്റ വീഡിയോ ഗെയിമുകളടങ്ങിയ വര്‍ണാഭമായ ആ പെട്ടി. ഒരു തലമുറയിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഏറ്റവും ആവേശകരമായ ക്രിസ്മസ് സമ്മാനം അതായിരുന്നു'.
ഇന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ മാത്രം. സാങ്കേതികവിദ്യ വികസിച്ചപ്പോള്‍ വീഡിയോ ഗെയിം കണ്‍സോളുകള്‍ പഴങ്കഥയായി, ഒപ്പം പഴയ ഗെയിമുകളും.
1970 കളിലും 1980 കളിലും വന്‍ജനപ്രീതി നേടിയ വീഡിയോ ഗെയിമുകളാണ് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് ബ്രൗസര്‍ അധിഷ്ഠിത ഗെയിമുകളായി പുനര്‍ജനിപ്പിക്കുന്നത്. അറ്റാരി 2600 ( Attari 2600 ), അറ്റാരി 7800 പ്രോസിസ്റ്റം ( Atari 7800 ProSystem ), കൊലെകോ വിഷന്‍ ( Coleco Vision ), മാഗ്നാവോക്‌സ് ഒഡീസി ( Magnavox Odyssey ), അസ്‌ട്രോകേഡ് ( Astrocade ) എന്നീ അഞ്ച് കണ്‍സോളുകള്‍ക്കായി സൃഷ്ടിക്കപ്പെട്ട വീഡിയോ ഗെയിമുകളാണ് വിരല്‍ത്തുമ്പിലെത്തുക.
'ദി കണ്‍സോള്‍ ലിവിങ് റൂം' ബീറ്റാ വേര്‍ഷനാണെന്ന് ജാസണ്‍ സ്‌കോട്ട് ബ്ലോഗില്‍ അറിയിച്ചു. അതിനാല്‍ ബ്രൗസറില്‍ കളിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളും തടസ്സങ്ങളും ഉണ്ടായേക്കാം. സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘം വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുവരികയാണ്. ഏതാനും ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ മിക്കതും പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം എഴുതുന്നു. നിലവില്‍ ഗെയിമുകള്‍ക്ക് ശബ്ദമില്ല. താമസിയാതെ ആ ഫീച്ചര്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.
ഇന്റര്‍നെറ്റിന്റെ ചരിത്രം രേഖപ്പെടുത്തി വെയ്ക്കുന്നതില്‍ സ്തുത്യാര്‍ഹമായ സേവനമാണ് 1996 മുതല്‍ ഇന്റര്‍നെറ്റ് ആര്‍ക്കൈവ് നടത്തുന്നത്. വീഡിയോ ഗെയിമുകള്‍ തീര്‍ച്ചയായും സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ്. ആ അധ്യായമാണ് പുതിയ പദ്ധതി വഴി സൃഷ്ടിക്കപ്പെടുക
.
No comments:
Post a Comment