സീരിയലുകളും വാര്‍ത്തകളും തമ്മിലുള്ള 'ആശയസംഘട്ടന'മൊഴിവാക്കാനാവാം കാശുള്ള വീടുകളിലെല്ലാം ഇപ്പോള്‍ ഒന്നിലേറെ ടി.വി.യുണ്ട്. അതിലൊന്ന് വയര്‍ലെസ് ആയാലോ? കണ്ണടപോലെ മുഖത്തണിഞ്ഞ് ഇയര്‍ഫോണിലൂടെ കിടിലന്‍ ശബ്ദവും കേള്‍ക്കാവുന്ന തരത്തിലൊരു വയര്‍ലെസ് ഡിവൈസ്? സംഗതി കൊളളാമെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് സോണിയുടെ പുതിയ ഗാഡ്ജറ്റ് എച്ച്.എം.എസ് - ടി3ക്യു (Sony HMZ-T3Q).
'ധരിക്കാവുന്ന എച്ച്.ഡി.ടി.വി' എന്ന് സോണി വിശേഷിപ്പിക്കുന്ന ഈ ഉപകരണം ഒരു വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റാണ്. കണ്ണടപോലെ മുഖത്തണിയാമിത്. കണ്ണടയുള്ളവര്‍ക്ക് അതിന്റെ മുകളില്‍ ഇത് ധരിക്കാനാകും. നെറ്റി വേദനിക്കാതിരിക്കാന്‍ ഒരു സോഫ്റ്റ്പാഡും ഊരിവീഴാതിരിക്കാന്‍ തലയ്ക്കും ചുറ്റും സ്ട്രാപുകളും ഇതിനൊപ്പമുണ്ട്.
ഇരുകണ്ണുകള്‍ക്കുമായി 0.7 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ഇതിലുളളത്. കുത്തനെയുള്ള സ്‌ക്രീനുകളില്‍ നിന്ന് 720 പി റിസൊല്യൂഷനുള്ള ഹൈഡെഫനിഷന്‍ ഇമേജുകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. സ്‌ക്രീനിന് താഴെയുള്ള ചെറിയ നോബുകള്‍ ഉപയോഗിച്ച് ഫോക്കസ് ക്രമീകരിക്കാം. 750 ഇഞ്ച് (19 മീറ്റര്‍) വിസ്താരമുളള സ്‌ക്രീന്‍ 65 അടി (20 മീറ്റര്‍) ദൂരത്തില്‍ നിന്ന് കാണുന്ന അതേ ഇഫക്ട് ആണ് ഈ ഗാഡ്ജറ്റ് സമ്മാനിക്കുകയെന്ന് സോണി പറയുന്നു. 320 ഗ്രാം ആണ് ഭാരം.
തലയുടെ ചലനങ്ങള്‍ കൃത്യമായി മനസിലാക്കുന്ന സെന്‍സറുകളോടു കൂടിയതാണ് ഗാഡ്ജറ്റിലെ സ്ട്രാപ്പുകള്‍. തല അനക്കുന്നതനുസരിച്ച് സ്‌ക്രീനിന്റെ ഫോക്കസിനും മാറ്റം വരും. ഇടത്തേക്ക് തലവെട്ടിച്ചാല്‍ ഇടതുവശത്തുള്ള സ്‌ക്രീനിലെ ദൃശ്യങ്ങള്‍ കൂടുതല്‍ ക്ലോസപ്പ് ആകും. വലതുവശത്തേക്ക് തലവെട്ടിച്ചാല്‍ വലത്തേ സ്‌ക്രീനിലും ഇതു തന്നെ സംഭവിക്കും.
സ്‌ക്രീനിലെ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം ആസ്വദിക്കാന്‍ 7.1 സറൗണ്ട് സംവിധാനമുള്ള ഹെഡ്‌സെറ്റും ഇതിനൊപ്പമുണ്ട്. നമ്മുടെ കൈയിലുള്ള സ്മാര്‍ട്‌ഫോണോ ഗാഡ്ജറ്റോ ഇതിലേക്ക് കണക്ട് ചെയ്യാനുമാവും. ഫോണിലുളള സിനിമകളും വീഡിയോയും ഇതില്‍ സുഖമായി കാണാമെന്നര്‍ഥം.
മറ്റാരെങ്കിലും എടുത്ത് പെരുമാറാതിരിക്കാന്‍ പാസ്‌വേഡും സംവിധാനവും കുട്ടികളെ നിയന്ത്രിക്കാന്‍ ചൈല്‍ഡ് ലോക്കും ഇതിലുണ്ട്. ടി.വി. പരിപാടികള്‍ ആസ്വദിക്കാന്‍ ഒന്നര മീറ്റര്‍ വലിപ്പമുള്ള ഒരു എച്ച്.ഡി.എം.ഐ. കേബിളും സോണി ഇതിനൊപ്പം നല്‍കുന്നു.
നടന്നുകൊണ്ട് സിനിമ കണ്ട് എവിടെയെങ്കിലും തട്ടിത്തടഞ്ഞ് വീണാല്‍ സോണി കമ്പനിക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് മാത്രം.
ചാര്‍ജ് ചെയ്യാവുന്ന തരത്തിലുള്ള ബില്‍ട്ട് ഇന്‍ ലിത്തിയം ബാറ്ററിയാണ് ഈ ഗാഡ്ജറ്റിന് വേണ്ട ഊര്‍ജ്ജം പകരുന്നത്.
ലാസ് വെഗാസില്‍ കഴിഞ്ഞയാഴ്ച രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യുടെ വേദിയിലാണ് സോണി എച്ച്.എം.എസ്. ടി3ക്യു അവതരിപ്പിച്ചത്. ആയിരം ഡോളറാണ് ഇതിന്റെ വിലയെന്ന് കമ്പനി പറയുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട് : വാര്‍ത്താഏജന്‍സികള്‍ ; ചിത്രം : AP
)
No comments:
Post a Comment