Thursday, 16 January 2014

പരസ്യങ്ങളില്‍ ഉപയോക്താവിന്റെ ചിത്രം: ഗൂഗിളിനെതിരെ പ്രതിഷേധം ശക്തം


 

പരസ്യങ്ങള്‍ക്ക് കൂടുതല്‍ സോഷ്യല്‍ സ്വഭാവം നല്‍കാനുദ്ദേശിച്ച് ഗൂഗിള്‍ അവതരിപ്പിച്ച പോളിസി പരിഷ്‌ക്കരണത്തിന്റെ പേരില്‍ പ്രതിഷേധം ശക്തമാകുന്നു. പരസ്യങ്ങളില്‍ നിങ്ങളുടെ പേരും ചിത്രവും കമന്റും, നിങ്ങളുടെ അനുവാദം കൂടാതെ ഉപയോഗിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുന്നതാണ് പുതിയ നയപരിഷ്‌ക്കരണം.

ഫെയ്‌സ്ബുക്കിന്റെ 'സോഷ്യല്‍ ആഡ്‌സി' ( Social Ads ) ന്റെ പാത പിന്തുടര്‍ന്നാണ് ഗൂഗിളും ഈ പരിഷ്‌ക്കരണം വരുത്തുന്നത്. 'ഷെയേര്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്‌സ്' പോളിസി ( 'shared endorsements' policy ) എന്ന പേരില്‍ നവംബര്‍ 11 മുതലാണ് പുതിയ നയപരിഷ്‌ക്കരണം പ്രാബല്യത്തില്‍ വരിക.

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസിലെ കമന്റുകള്‍ , 'follows' ഒക്കെ ഉപയോക്താവിന്റെ അനുമതി കൂടാതെ ഫോട്ടോയ്‌ക്കൊപ്പം പരസ്യങ്ങളില്‍ കാട്ടാന്‍ ഗൂഗിളിന് കഴിയും. പരസ്യങ്ങള്‍ക്ക് കൂടുതല്‍ 'സോഷ്യല്‍ മൂല്യം' കൈവരുത്തുകയാണ് ലക്ഷ്യം.


എങ്ങനെയാണ് 'ഷെയേര്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്' സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിള്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു ഷോപ്പിന്റെ സ്ട്രീറ്റ് വ്യൂ ദൃശ്യത്തിനും, സെര്‍ച്ച് ഫലങ്ങള്‍ക്കുമൊപ്പം ആളുകളുടെ ചിത്രവും കമന്റും പ്രത്യക്ഷപ്പെടുന്നത് ആ പേജില്‍ ഗൂഗിള്‍ നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഒരു പ്രശ്‌നം ചിലര്‍ പ്രൊഫൈല്‍ ചിത്രമായി സ്വന്തം ചിത്രത്തിന് പകരം പല മഹാന്‍മാരുടെയും പ്രധാന വ്യക്തികളുടെയും ചിത്രം നല്‍കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആ ചിത്രമായിരിക്കും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക, അല്ലാതെ യഥാര്‍ഥ യൂസറിന്റെ ചിത്രമാകില്ല.

ഒട്ടേറെപ്പേര്‍ ഗൂഗിളിന്റെ പുതിയ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പലരും ഗൂഗിള്‍ പ്ലസ്സ് അക്കൗണ്ടിലെ സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങളും മാറ്റി.

എന്നാല്‍ , പുതിയ സംവിധാനത്തിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാമെന്നും, വേണ്ടെങ്കില്‍ അത് ഒഴിവാക്കാമെന്നും ഗൂഗിള്‍ പറയുന്നു. എങ്ങനെ ആ സംവിധാനത്തില്‍ നിന്ന് ഒഴിവാകാമെന്ന് ഈ പേജില്‍ ഗൂഗിള്‍ വിശദീകരിച്ചിട്ടുള്ളത് കാണുകhttp://plus.google.com/settings/endorsements 

'sponsored stories'
 എന്ന പേരില്‍ ഏതാണ്ട് സമാനമായ ഒരു സംവിധാനം 2011 ല്‍ ഫെയ്‌സ്ബുക്ക് നടപ്പില്‍ വരുത്തിയപ്പോഴും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനെതിരെ നിയമനടപടികളുമുണ്ടായി. അനുവാദമില്ലാതെ യൂസര്‍മാരുടെ ചിത്രം ഉപയോഗിച്ചതിന് ഫെയ്‌സ്ബുക്കിന് 200 ലക്ഷം ഡോളര്‍ നഷ്ടപരിഹാരവും നല്‍കേണ്ടിവന്നു.

ചൈനയുടെ ഡിജിറ്റല്‍ സൈനികാഭ്യാസം അടുത്താഴ്ച


    

ബെയ്ജിങ് : ചൈനയുടെ ' ഡിജിറ്റല്‍ ടെക്‌നോളജി ' സൈനികാഭ്യാസം അടുത്താഴ്ച നടക്കും. ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണത്തെക്കുറിച്ച് ലോകരാജ്യങ്ങള്‍ ആശങ്കപ്പെടുന്ന സമയത്താണ് ചൈനയുടെ ആദ്യ ഡിജിറ്റല്‍ സൈനികാഭ്യാസം നടത്തുന്നത്.

ഉത്തരചൈനയിലെ മംഗോളിയ മേഖലയിലാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൈനികവിഭാഗത്തിന്റെ അഭ്യാസം നടക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വാര്‍ത്താ കുറിപ്പ് പറയുന്നു. ഇലക്ട്രോണിക് കൗണ്ടര്‍ ഫോഴ്‌സ്, ആര്‍മി, ദൗത്യസേനകള്‍ തുടങ്ങിയ വിഭാഗങ്ങളാണ് പങ്കെടുക്കുന്നത്.

സൈബര്‍ സുരക്ഷയെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് സൈ ചിന്‍പിങ്ങുമായി യു.എസ് പ്രസിഡന്റ് അടുത്താഴ്ച ചര്‍ച്ചനടത്താനിരിക്കെയാണ് ഈ അഭ്യാസപ്രകടനം. യു.എസ് സൈന്യത്തിന്റെ ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ ചൈനീസ് ഹാക്കര്‍മാര്‍ കടന്നുകയറിയതായ ആരോപണത്തെതുടര്‍ന്നാണ് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ കടന്നുകയറ്റം നിഷേധിച്ചിട്ടുണ്ട്.

തലയിലണിയാനും ടിവി !



സീരിയലുകളും വാര്‍ത്തകളും തമ്മിലുള്ള 'ആശയസംഘട്ടന'മൊഴിവാക്കാനാവാം കാശുള്ള വീടുകളിലെല്ലാം ഇപ്പോള്‍ ഒന്നിലേറെ ടി.വി.യുണ്ട്. അതിലൊന്ന് വയര്‍ലെസ് ആയാലോ? കണ്ണടപോലെ മുഖത്തണിഞ്ഞ് ഇയര്‍ഫോണിലൂടെ കിടിലന്‍ ശബ്ദവും കേള്‍ക്കാവുന്ന തരത്തിലൊരു വയര്‍ലെസ് ഡിവൈസ്? സംഗതി കൊളളാമെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് സോണിയുടെ പുതിയ ഗാഡ്ജറ്റ് എച്ച്.എം.എസ് - ടി3ക്യു (Sony HMZ-T3Q).

'ധരിക്കാവുന്ന എച്ച്.ഡി.ടി.വി' എന്ന് സോണി വിശേഷിപ്പിക്കുന്ന ഈ ഉപകരണം ഒരു വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റാണ്. കണ്ണടപോലെ മുഖത്തണിയാമിത്. കണ്ണടയുള്ളവര്‍ക്ക് അതിന്റെ മുകളില്‍ ഇത് ധരിക്കാനാകും. നെറ്റി വേദനിക്കാതിരിക്കാന്‍ ഒരു സോഫ്റ്റ്പാഡും ഊരിവീഴാതിരിക്കാന്‍ തലയ്ക്കും ചുറ്റും സ്ട്രാപുകളും ഇതിനൊപ്പമുണ്ട്.

ഇരുകണ്ണുകള്‍ക്കുമായി 0.7 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ഇതിലുളളത്. കുത്തനെയുള്ള സ്‌ക്രീനുകളില്‍ നിന്ന് 720 പി റിസൊല്യൂഷനുള്ള ഹൈഡെഫനിഷന്‍ ഇമേജുകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. സ്‌ക്രീനിന് താഴെയുള്ള ചെറിയ നോബുകള്‍ ഉപയോഗിച്ച് ഫോക്കസ് ക്രമീകരിക്കാം. 750 ഇഞ്ച് (19 മീറ്റര്‍) വിസ്താരമുളള സ്‌ക്രീന്‍ 65 അടി (20 മീറ്റര്‍) ദൂരത്തില്‍ നിന്ന് കാണുന്ന അതേ ഇഫക്ട് ആണ് ഈ ഗാഡ്ജറ്റ് സമ്മാനിക്കുകയെന്ന് സോണി പറയുന്നു. 320 ഗ്രാം ആണ് ഭാരം.

തലയുടെ ചലനങ്ങള്‍ കൃത്യമായി മനസിലാക്കുന്ന സെന്‍സറുകളോടു കൂടിയതാണ് ഗാഡ്ജറ്റിലെ സ്ട്രാപ്പുകള്‍. തല അനക്കുന്നതനുസരിച്ച് സ്‌ക്രീനിന്റെ ഫോക്കസിനും മാറ്റം വരും. ഇടത്തേക്ക് തലവെട്ടിച്ചാല്‍ ഇടതുവശത്തുള്ള സ്‌ക്രീനിലെ ദൃശ്യങ്ങള്‍ കൂടുതല്‍ ക്ലോസപ്പ് ആകും. വലതുവശത്തേക്ക് തലവെട്ടിച്ചാല്‍ വലത്തേ സ്‌ക്രീനിലും ഇതു തന്നെ സംഭവിക്കും.

സ്‌ക്രീനിലെ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം ആസ്വദിക്കാന്‍ 7.1 സറൗണ്ട് സംവിധാനമുള്ള ഹെഡ്‌സെറ്റും ഇതിനൊപ്പമുണ്ട്. നമ്മുടെ കൈയിലുള്ള സ്മാര്‍ട്‌ഫോണോ ഗാഡ്ജറ്റോ ഇതിലേക്ക് കണക്ട് ചെയ്യാനുമാവും. ഫോണിലുളള സിനിമകളും വീഡിയോയും ഇതില്‍ സുഖമായി കാണാമെന്നര്‍ഥം.

മറ്റാരെങ്കിലും എടുത്ത് പെരുമാറാതിരിക്കാന്‍ പാസ്‌വേഡും സംവിധാനവും കുട്ടികളെ നിയന്ത്രിക്കാന്‍ ചൈല്‍ഡ് ലോക്കും ഇതിലുണ്ട്. ടി.വി. പരിപാടികള്‍ ആസ്വദിക്കാന്‍ ഒന്നര മീറ്റര്‍ വലിപ്പമുള്ള ഒരു എച്ച്.ഡി.എം.ഐ. കേബിളും സോണി ഇതിനൊപ്പം നല്‍കുന്നു.

നടന്നുകൊണ്ട് സിനിമ കണ്ട് എവിടെയെങ്കിലും തട്ടിത്തടഞ്ഞ് വീണാല്‍ സോണി കമ്പനിക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് മാത്രം.

ചാര്‍ജ് ചെയ്യാവുന്ന തരത്തിലുള്ള ബില്‍ട്ട് ഇന്‍ ലിത്തിയം ബാറ്ററിയാണ് ഈ ഗാഡ്ജറ്റിന് വേണ്ട ഊര്‍ജ്ജം പകരുന്നത്.

ലാസ് വെഗാസില്‍ കഴിഞ്ഞയാഴ്ച രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യുടെ വേദിയിലാണ് സോണി എച്ച്.എം.എസ്. ടി3ക്യു അവതരിപ്പിച്ചത്. ആയിരം ഡോളറാണ് ഇതിന്റെ വിലയെന്ന് കമ്പനി പറയുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട് : വാര്‍ത്താഏജന്‍സികള്‍ ; ചിത്രം : AP
)

സാങ്കേതിക വിപ്ലവം റാസ്ബറി പൈ വഴി




'വെള്ളം, വെള്ളം സര്‍വത്ര! തുള്ളി കുടിക്കാന്‍ ഇല്ലത്രെ!!' എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കും വിധമാണ് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇപ്പോള്‍ . സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക കമ്പ്യൂട്ടറുകളും ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്. പണ്ട് ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങള്‍ ഇന്ന് പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുപോലും ലഭ്യമാണ്.

കമ്പ്യൂട്ടര്‍മേഖലയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ( Consumer Eletcronics ) മേഖലയും ചേര്‍ന്ന് മനോഹരവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ഒട്ടേറെ ഗാഡ്ജറ്റുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമൊക്കെ ലക്ഷ്വറി ഉപകരണങ്ങള്‍ എന്നതില്‍നിന്ന് നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്നവയായി മാറിയിരിക്കുന്നു. സമീപഭാവിയില്‍ പാഠപുസ്തകങ്ങളും ഹോംവര്‍ക്കുകളും പരീക്ഷകളുമെല്ലാം കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകും എന്ന യാഥാര്‍ത്ഥ്യം മുന്നില്‍കണ്ട്, പല വിദേശ രാജ്യങ്ങളിലും കുട്ടികളെ അക്ഷരം എഴുതി പഠിപ്പിക്കുന്നതിന് പകരം കമ്പ്യൂട്ടര്‍ ടൈപ്പിങിന് പ്രാധാന്യം കൊടുത്തു തുടങ്ങിയിരിക്കുന്നു.

സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്ക് സാങ്കേതികവിദ്യകള്‍ ഇഴുകിച്ചേരുന്നത് നല്ലകാര്യം തന്നെ. എന്നാല്‍ അടുത്ത തലമുറയുടെ ദിശാബോധം രൂപപ്പെടുത്തുന്നതില്‍ ഈ മുന്നേറ്റം തെറ്റായ ചില സ്വാധീനങ്ങള്‍ ചെലുത്തുന്നതായി ഒട്ടേറെ വിദ്യാഭ്യാസവിചക്ഷണര്‍ വിലയിരുത്തുന്നു. ശാസ്ത്രാഭിരുചിയും ഗണിതപ്രശ്‌നപരിഹാര (problem solving) ശേഷിയും പുതിയ തലമുറയില്‍ അപകടകരമാം വിധം കുറഞ്ഞുവരുന്നുവെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

കമ്പ്യൂട്ടര്‍ അവബോധത്തിന്റെ കാര്യത്തില്‍ മറ്റേത് തലമുറയെക്കാളും മുന്നില്‍ നില്‍ക്കുന ഇക്കാലത്ത് വിലകൂടിയ, കാര്യക്ഷമതയേറിയ ഉപകരണങ്ങള്‍ കുട്ടികളുടെ ജിജ്ഞാസ തല്ലിക്കെടുത്തുന്നു. എന്തും വിരല്‍തുമ്പില്‍ സാധ്യമാകുന്നു എന്നത് കുട്ടികളുടെ സ്വതന്ത്രചിന്തയെ പ്രതികൂലമായി ബാധിക്കും. വിലപിടിപ്പുള്ള കമ്പ്യൂട്ടറുകള്‍ സ്വന്തമായി ഉണ്ടെങ്കിലും അവയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനോ അവയെ അടുത്തറിയാനോ സാദ്ധ്യമല്ലാത്തതിനാല്‍ , വെറും ഗെയിമുകളിലും വീഡിയോ കാണലിലും ഒതുങ്ങിപ്പോകുന്നു കുട്ടികളുടെ മനോവ്യാപാരം.

ചുരുക്കത്തില്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമല്ലാതിരുന്ന പഴയ തലമുറയെക്കാള്‍ ശുഷ്‌ക്കമായ അവസ്ഥയില്ലാണ് ഇന്നത്തെ വിദ്യാര്‍ഥിസമൂഹത്തിന്റെ ചിന്താമണ്ഡലം എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ ആശയവൈവിധ്യമോ കാര്യപ്രാപ്തിയോ ഇല്ലാത്ത, എന്തിന് ഓര്‍മ്മശക്തി പോലും നേരാംവണ്ണമില്ലാത്ത ഒരു സമൂഹം ആയിരിക്കും ഉരുത്തിരിയുന്നത് എന്ന മുന്നറിയിപ്പാണ് പല വിദഗ്ധരും നല്‍കുന്നത്.

ലോകമെമ്പാടും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാവ്യാധിക്ക് പരിഹാരം കാണാനും, കുട്ടികളില്‍ കമ്പ്യൂട്ടര്‍ അഭിരുചി വര്‍ധിപ്പിക്കുവാനും വേണ്ടി ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ എബെന്‍ അപ്പ്‌ടൌണി ( Eben Upton ) ന്റെ നേതൃത്വത്തിലുള്ള സംഘം രൂപകല്‍പ്പന ചെയ്ത ചെറിയ കമ്പ്യൂട്ടറാണ് റാസ്‌ബെറി പൈ (Raspberry Pi).

അടുത്തകാലം വരെ റാസ്‌ബെറി പഴങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഒരു മധുരപലഹാരമായിരുന്നു റാസ്‌ബെറി പൈ. എന്നാലിന്ന് ഒരു സാങ്കേതിക നവോത്ഥാനത്തിന് ചുക്കാന്‍ പിടിക്കുന്ന കമ്പ്യുട്ടര്‍ ആണിത്. മധുരപലഹാരം കഴിക്കുന്ന താത്പര്യത്തോടെയും ആവേശത്തോടെയുമാകണം കുട്ടികള്‍ ഇതിനെ സമീപിക്കേണ്ടത് എന്ന ഉദ്ദേശത്തോടെയാണത്രേ ഈ പേര് നല്‍കിയത്.

കേവലം 45 ഗ്രാം മാത്രം ഭാരമുള്ള, പേഴ്‌സിലൊതുങ്ങുന്ന ഒരു ക്രെഡിറ്റ്കാര്‍ഡിന്റെ വലുപ്പമുള്ള ഒരു സിങിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍ ആണിത്. 700 മെഗാഹെര്‍ട്‌സില്‍ (700 MHz ) പ്രവര്‍ത്തിക്കുന്ന ആം (ARM architecture) വിഭാഗത്തില്‍പെട്ട മൈക്രോപ്രോസസ്സര്‍ ആണ് ഇതിനു ജീവന്‍ നല്‍കുന്നത്. ഹൈഡെഫനിഷന്‍ വീഡിയോകള്‍ പ്രോസസ് ചെയ്യാന്‍ കെല്‍പ്പുള്ള ഗ്രാഫിക് പ്രോസിസ്സിങ് യുണിറ്റും പൈക്ക് സ്വന്തമായുണ്ട്.

ക്യാമറകളിലും മറ്റും നാം ഉപയോഗിക്കുന്ന എസ് ഡി കാര്‍ഡ് ആണ് പൈയുടെ ഹാര്‍ഡ്ഡിസ്‌ക്. ലിനക്‌സ്/യുണിക്‌സ് സിസ്റ്റങ്ങളുടെ ചുവടുപിടിച്ച്, ഈ കാര്‍ഡില്‍ ഒതുങ്ങുന്ന ഒരു കുഞ്ഞന്‍ ഓപ്പറെറ്റിംഗ് സിസ്റ്റവും പൈയില്‍ ഉണ്ട്.

വലിയ കമ്പ്യൂട്ടറുകളെപോലെ സങ്കീര്‍ണമായ പവര്‍യൂണിറ്റുകളൊന്നും പൈയ്ക്ക് ആവശ്യമില്ല. സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ സര്‍വസാധാരണമായ മൈക്രോ യു എസ്ബി കേബിള്‍ വഴിയാണ് ഇതിനു പവര്‍ നല്‍കുന്നത്. കീബോര്‍ഡും മൗസും ഘടിപ്പിക്കാനാവശ്യമായ യു എസ് ബി പോര്‍ട്ടുകളും, നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിക്കായി ഈതര്‍നെറ്റ് പോര്‍ട്ടും ഇതിന്റെ ചെറിയ ബോര്‍ഡില്‍ തന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്. എച്ച്ഡിഎംഐ ഉള്‍പെടെ അവശ്യം വേണ്ട ഓഡിയോ വീഡിയോ പോര്‍ട്ടുകള്‍ ഇതില്‍ ഉണ്ട്.

ഒരു കമ്പ്യുട്ടര്‍ മോണിറ്ററുമായോ ടിവിയുമായോ ഘടിപ്പിച്ച് പവര്‍ ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ പത്തുമിനിറ്റിനുള്ളില്‍ കമ്പ്യൂട്ടര്‍ റെഡി.

ഉപഭോക്താവിന് സാമ്പത്തിക ബാധ്യത പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്ന പോര്‍ട്ടുകളും മറ്റു ഇന്‍പുട്ട് ഔട്ട്പുട്ട് സങ്കേതങ്ങളുമാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ചെലവ് കുറയ്ക്കുമെന്ന് മാത്രമല്ല, ലളിതമായ രീതിയിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരം കുട്ടികള്‍ക്ക് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാനും കമ്പ്യൂട്ടറിന്റെ സവിശേഷതകള്‍ മനസിലാക്കാനും സാധിക്കും.


വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് സാങ്കേതികപരിജ്ഞാനം നല്‍കാന്‍ പൈ ഉള്‍പ്പെടുന്ന ഒട്ടേറെ പദ്ധതികള്‍ വിവധ സന്നദ്ധസംഘടനകള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഘാന പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം 'പൈ ലാബുകള്‍' സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. സാങ്കേതിക മുന്നേറ്റങ്ങളില്‍ , സാധാരണഗതിയില്‍ പിന്തള്ളപ്പെട്ടു പോകാറുള്ള ഇത്തരം നാടുകളിലെ കുട്ടികളെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പ്രശംസനീയമാണ്. പൈയുടെ കുറഞ്ഞ ചിലവും, പ്രവര്‍ത്തിപ്പിക്കാന്‍ വളരെ ചെറിയ സാങ്കേതിക പരിജ്ഞാനം മതിയെന്നതും ഇതിന്റെ വിജയത്തിലെ അനിവാര്യഘടകങ്ങളാണ്.

കുട്ടികള്‍ക്കായുള്ള വെബ്ബ് ബ്രൗസര്‍ , മറ്റ് വിദ്യാഭ്യാസ അധിഷ്ഠത സോഫ്റ്റ്‌വേറുകള്‍ , ഗെയിമുകള്‍ എന്നിവ യഥേഷ്ടം ഡൗണ്‍ലോഡുചെയ്ത് ഉപയോഗിക്കാവുന്നതരത്തില്‍ പൈ സ്റ്റോറുകളില്‍ ലഭ്യമാണ്.

എട്ടുവയസു മുതല്‍ കുട്ടികള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങില്‍ തുടക്കം കുറിക്കണം എന്നാണ് എംഐടി ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. അതുപ്രകാരം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിന്റെ ബാലപാഠങ്ങള്‍ രസകരമായി കുട്ടികളില്‍ എത്തിക്കുവാന്‍ ഉതകുന്ന സ്‌ക്രാച്ച് (Scratch) സോഫ്റ്റ്‌വേര്‍ സൗജന്യമായി പൈ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം .

ഇന്റര്‍നെറ്റിന്റെയും വെബ്ബ്‌സൈറ്റുകളുടെയും അടിസ്ഥാനത്ത്വങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ വേണ്ടി ഗൂഗിള്‍ 'കോഡര്‍' (Coder ) എന്ന ചെറുസോഫ്റ്റ്‌വേര്‍ ടൂള്‍കിറ്റ് റാസ്‌ബെറി പൈക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.

സയന്‍സ് പഠിതാക്കള്‍ക്ക് അവശ്യം വേണ്ടുന്ന മാത്തമാറ്റിക്ക സോഫ്റ്റ്‌വേര്‍ റാസ്‌ബെറി പൈ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുമെന്ന വാര്‍ത്ത ഈ രംഗത്തുള്ളവര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇവയ്ക്ക് പുറമേ കുട്ടികള്‍കള്‍ക്കാവശ്യമുള്ള ഒട്ടേറെ കൂട്ടായ്മകളും രംഗത്തുണ്ട്. കുട്ടികള്‍ക്ക് തനിയെയോ, മുതിര്‍ന്നവരുടെ ചെറിയ സഹായത്തോടെയോ ചെയ്യാന്‍ കഴിയുന്ന ഹോബി പ്രോജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന പൈ മാഗസിനും ശ്രദ്ധ നേടിയിട്ടുണ്ട്.

കേവലം കുട്ടികള്‍ക്കായി തുടങ്ങിയ ഈ സംരംഭത്തിന് ലോകത്താകമാനമുള്ള മുതിര്‍ന്ന ടെക്‌നോളജി പ്രേമികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. പൊതുവിപണിയില്‍ ലഭ്യമായി എതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു മില്യന്‍ യൂണിറ്റുകള്‍ വിറ്റഴിഞ്ഞു എന്നതും, വര്‍ധിച്ചുവരുന്ന ആവശ്യക്കാരെ തൃപ്തിപെടുത്താന്‍ ഉല്‍പാദകര്‍ക്ക് സാധിക്കുന്നില്ല എന്നതും പൈയുടെ ജനപ്രീയത സൂചിപ്പിക്കുന്നു.

A, B എന്നീ രണ്ടു മോഡലുകളില്‍ ലഭ്യമായ പൈ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന ഒട്ടേറെ ഹോബി പ്രൊജക്റ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പൈയില്‍ ലഭ്യമായ ഗ്രാഫിക് പ്രോസസിങ് യുണിറ്റുകളുടെയും ഇന്‍പുട്ട് ഔട്ട്പുട്ട് പോര്‍ട്ടുകളുടെയും സഹായത്താല്‍ ചെറിയ ഹോബിപ്രൊജക്റ്റുകള്‍ മുതല്‍ വലിയ സാങ്കേതികസംവിധാനങ്ങള്‍ വരെ നിര്‍മിക്കാന്‍ കഴിയും. പൈയുടെ സഹായത്തല്‍ പ്രവത്തിക്കുന്ന റോബോട്ട് ഈയിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വില കൂടിയ ഹോം എന്റര്‍ടൈന്‍മെന്റ് സംവിധാനങ്ങളെ വെല്ലുന ചില മീഡിയസെന്റര്‍ പ്രോഗ്രാമുകള്‍ ജനശ്രദ്ധ നേടിയിട്ടുണ്ട്.

താത്പര്യമുള്ള സാങ്കേതിക പ്രവത്തകരുടെ കൂട്ടായ്മ പൈ സംരംഭങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. വിവിധ ഉപയോഗങ്ങള്‍ക്കുള്ള സോഫ്റ്റ്‌വേറുകളും ഹാര്‍ഡ്‌വേര്‍ മോഡ്യൂളുകളും സൗജന്യമായും ചുരിങ്ങിയ വിലക്കും ലഭ്യമാകുന്നു.

വീട്ടിലെ മുതിര്‍ന്നവര്‍ വിലകൂടിയ കാറോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്നതിനോടാണ് പൈയെ എബെന്‍ ഉപമിക്കുന്നത്. 'തന്റെ സ്വന്തം' എന്ന ബോധം, പുതിയ പരീക്ഷണങ്ങള്‍ക്ക് കുട്ടികളെ പ്രേരിപ്പിക്കുന്നു. അതുവഴി പ്രവചനങ്ങള്‍ക്കതീതമായ ഫലമാണ് സമൂഹത്തിന് ലഭിക്കുന്നത് .

ഇത്തരം സംരംഭങ്ങളുടെ അനന്തസാധ്യത മുന്നില്‍കണ്ട് ബ്രിട്ടണ്‍ , ക്യാനഡ തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഇതിനെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. അത്രയുമൊന്നും കടന്നുചെല്ലാന്‍ നമുക്കാവില്ല. എങ്കിലും നമ്മുടെ കുട്ടികളെ ഈ മാറ്റങ്ങള്‍ അറിയിക്കാനുള്ള പരിശ്രമമെങ്കിലും നാം നടത്തണം. കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെയും മറ്റും വാര്‍ഷിക പ്രൊജക്റ്റുകളില്‍ ഇത്തരം നൂതനമാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും പ്രോത്സാഹിപ്പിക്കാനും അധ്യാപകര്‍ തയ്യാറാകണം.

ശാസ്ത്രക്ലബ്ബുകളും പിടിഎ സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും കേരളത്തിലെ സ്‌കൂളുകളില്‍ പൈ ലാബുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്കണം. കേരളത്തിലെ മിക്ക സ്‌കൂളുകളിലും ഇന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. അതുകൊണ്ട് കേവലം വിലകുറഞ്ഞ കമ്പ്യുട്ടര്‍ ആയല്ല ഇതിനെ നാം കാണേണ്ടത്. ശാസ്ത്ര സാങ്കേതിക അഭിരുചി വളര്‍ത്തുകയെന്ന വലിയ ലക്ഷ്യത്തെ വേണം മുന്നില്‍ കാണാന്‍ . ശാസ്ത്രസാങ്കേതിക രംഗത്ത് സ്വതന്ത്രമായി ചിന്തിച്ച്, സ്വന്തമായി പരീക്ഷണങ്ങള്‍ നടത്തി മുന്നേറാന്‍ , നമ്മടെ കുട്ടികളെ പ്രാപ്തരാക്കാന്‍ ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട ആശയ സമാഹരണത്തിന് സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് unnii21@gmail.com മായി ബന്ധപ്പെടാം.

ആമസോണ്‍ , ഈബേ, ക്രേസി പൈകിറ്റ്‌സ്ന്‍ സ്‌പേയെഴ്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരികളില്‍നിന്ന് ഏതാണ്ട് 3250 രൂപയ്ക്ക് റാസ്ബറി പൈയും മറ്റ് അനുബന്ധ കിറ്റുകളും സ്വന്തമാക്കാം. സാമ്പത്തിക ശേഷിയുള്ളവരുടെ ക്രിസ്തുമസ് അവധിക്കാലത്തെ ഒഴിവുകാല വിനോദം അതാകട്ടെ. അതുമല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ അടുത്ത പിറന്നാള്‍ ആഘോഷം ഇത്തരം ഒരു കൂട്ടായ്മ നടത്തി ആകട്ടെ. ഇത്തരം അറിവുകള്‍ ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട് .

നാം സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ എത്ര നിസ്സാരമെങ്കിലും അവ നമ്മളില്‍ ഉണ്ടാക്കുന്ന ആവേശവും ആത്മവിശ്വാസവും പറഞ്ഞറിയിക്കവുന്നതിലും അപ്പുറത്താണ്. കേവലം രണ്ടു മൂന്ന് മണിക്കൂറുകള്‍ മാത്രം പൈയുമായി ചിലവിട്ടപ്പോള്‍ തന്നെ, ഒരു പുതിയ ലോകത്തേക്കുള്ള വതായായം തുറന്നതായി എനിക്ക് തോന്നി. അപ്പോള്‍ ഏഴോ എട്ടോ വയസുള്ള ഒരു കുട്ടിയുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ
.

ഓണ്‍ലൈന്‍ ബാങ്കിങില്‍ 'മാന്‍ -ഇന്‍ -ദി -ബ്രൗസര്‍ ' ആക്രമണം വ്യാപിക്കുന്നു


  

കഴിഞ്ഞവര്‍ഷം സൈബര്‍ കുറ്റവാളികള്‍ മുഖ്യമായും ലക്ഷ്യംവെച്ചത് പ്രമുഖ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ആയിരുന്നു. ഇതിനായി ഉപയോഗിച്ചതോ താരതമ്യേന പുതിയ ആക്രമണരീതിയായ 'മാന്‍ -ഇന്‍ -ദി -ബ്രൗസര്‍ ' ( Man-in-the-browser ) ആക്രമണതന്ത്രങ്ങളും.

കമ്പ്യൂട്ടറിനും ഇടപാടുകള്‍ നടത്തുന്ന വെബ്‌സൈറ്റുകള്‍ക്കും ഇടയില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന 'മാന്‍ -ഇന്‍ -മിഡില്‍ അറ്റാക്ക്' എന്ന പരമ്പരാഗത ആക്രമണരീതി, എസ് എസ് എല്‍ (സെക്വേര്‍ഡ് സോക്കറ്റ് ലയര്‍) സാങ്കേതികവിദ്യയുടെ പരക്കെയുള്ള ഉപയോഗം മൂലം ഒരു പരിധിവരെ നിര്‍വീര്യമാക്കപ്പെട്ടു എന്നു പറയാം. ഇവിടെ വെബ് സെര്‍വറുകളും ബ്രൗസറുകളും തമ്മിലുള്ള ആശയവിനിമയം പൂര്‍ണ്ണമായും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഇടയില്‍ കടന്നുകയറുന്നവര്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ ലഭിക്കാതെ വരുന്നു. എല്ലാ ബാങ്കിങ് സൈറ്റുകളും ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളും ഇപ്പോള്‍ നിര്‍ബന്ധമായും എസ് എസ് എല്‍ ഉപയോഗിക്കുന്നതിനാല്‍ മാന്‍-ഇന്‍-മിഡില്‍ ആക്രമണം കാര്യമായി കുറഞ്ഞു.

മാത്രവുമല്ല മൊബൈല്‍ നമ്പരുകളും കാര്‍ഡുകളിലെ രഹസ്യകോഡുകളും എല്ലാമായി ടു സ്‌റ്റെപ് / ത്രീ സ്‌റ്റെപ് വെരിഫിക്കേഷന്‍ മാര്‍ഗ്ഗങ്ങളിലൂടെ ബാങ്കുകള്‍ ഇടപാടുകള്‍ നടത്തുന്നത് യഥാര്‍ത്ഥ ഉപയോക്താവ് തന്നെയാണെന്ന് ഉറപ്പു വരുത്താന്‍ സഹായിച്ചും. ഇതും സൈബര്‍കുറ്റവാളികള്‍ക്ക് തിരിച്ചടിയായി.

ഈ അവസരത്തിലാണ് 'മാന്‍-ഇന്‍-ബ്രൗസര്‍ ' എന്ന പേരില്‍ അറിയപ്പെടുന്ന ആക്രമണരീതി വ്യാപകമായത്.

'മാന്‍-ഇന്‍-ബ്രൗസര്‍ ' ആക്രമണം എങ്ങിനെ വ്യത്യസ്തമാകുന്നു?

1.
 ഇതര ഫിഷിങ്/സ്പൂഫിങ്/വൈറസ് അക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമായി ആന്റിവൈറസ് അപ്ലിക്കേഷനുകളില്‍ നിന്നും മറഞ്ഞിരിക്കാനുള്ള കഴിവ്.

2.
 ബാങ്കുകള്‍ സാധാരണയായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ / വണ്‍ ടൈം പാസ്‌വേഡ് / എസ് എസ് എല്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങളെയെല്ലാം മറികടക്കുന്ന ആക്രമണ രീതി.

3.
 മാന്‍-ഇന്‍-ബ്രൗസര്‍ ആക്രമണങ്ങള്‍ തിരിച്ചറിയുക ദുഷ്‌കരമാണ്. കണക്കുകള്‍ പ്രകാരം 25% മാത്രമാണ് ആന്റീ വൈറസ് പ്രോഗ്രാമുകളുടെ വിജയ സാദ്ധ്യത.

സ്യൂസ് ട്രോജന്‍

2007 ല്‍ ഒരു റഷ്യന്‍ സൈബര്‍ കുറ്റവാളിയാല്‍ നിര്‍മ്മിക്കപ്പെട്ടതും സൈബര്‍ അധോലോകവിപണിയില്‍ പൊന്‍വിലയ്ക്ക് ലഭ്യമായിരുന്നതുമായ ഒരു അപ്ലിക്കേഷന്‍ ആണ് സ്യൂസ് ട്രോജന്‍. മാന്‍-ഇന്‍-ബ്രൗസര്‍ ആക്രമണത്തിന്റെ സാദ്ധ്യതകള്‍ ഫലപ്രദമായി ഉപയോഗിച്ച ആദ്യപ്രോഗ്രാം ആയിരുന്നു.

സ്യൂസ് ട്രോജന്റെ ചുവടുപിടിച്ച് 2011 ല്‍ 'സ്‌പൈ ഐ'ാേ എന്ന പേരില്‍ മറ്റൊരു പ്രോഗ്രാമും എത്തി. സ്യൂസിനെ അപേക്ഷിച്ച് താരതമ്യേന വിലക്കുറവായതും ഉപയോഗിക്കാന്‍ എളുപ്പമായതുമായ സ്‌പൈ ഐ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇതിനിടെ എങ്ങിനെയോ സ്യൂസിന്റെ സോഴ്‌സ് കോഡ് പരസ്യമായി. അതായത് സ്യൂസ് ഒരു ഓപ്പണ്‍ സോഴ്‌സ് ട്രോജന്‍ ആയി മാറി. തുടര്‍ന്ന് പലരും സ്യൂസിന്റെ ന്യൂനതകള്‍ പരിഹരിച്ചും പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തും പരിഷ്‌കരിച്ച പതിപ്പുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി.

സ്‌പൈ ഐ ട്രോജന്‍ നിര്‍മ്മാണ പ്രോഗ്രാമിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് കടപ്പാട് : ദ രജിസ്റ്റര്‍

വാങ്ങുന്നവന് ആവശ്യത്തിനനുസരിച്ച് രൂപവും സ്വഭാവവും മാറ്റി എടുക്കത്തക്കവിധം പ്രത്യേക 'ട്രോജന്‍ കിറ്റുകള്‍' സൈബര്‍ അധോലോകവിപണിയില്‍ ലഭ്യമായിത്തുടങ്ങി. ചില പ്രോഗ്രാമുകളുടെ നിര്‍മ്മാതാക്കള്‍ ഒരുപടി കൂടി കടന്ന്, വാങ്ങുന്നവര്‍ക്ക് വില്‍പ്പനാനന്തര സേവനവും കാലോചിതമായ പരിഷ്‌കരണ സൗകര്യങ്ങളുംകൂടി ഉള്‍ക്കൊള്ളുന്ന പാക്കേജുകളുമായി രംഗത്തു വന്നു.

അതായത് പ്രത്യേക സാങ്കേതിക പരിജ്ഞാനമൊന്നും ഇല്ലാത്ത സൈബര്‍ കുറ്റവാളികള്‍ക്ക് പോലും ഇത്തരം സോഫ്റ്റ്‌വേറുകള്‍ വാങ്ങി യഥേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി.

ബാങ്കുകള്‍ക്ക് തലവേദനയായ സ്‌പൈ ഐ ട്രോജനെ പിന്‍തുടര്‍ന്ന അമേരിക്കന്‍ കുറ്റാന്വേഷകര്‍ ചെന്നെത്തിയത് അള്‍ജീരിയക്കാരനായ 'ഹംസ ബെന്‍ ഡലഡ്ജ്' എന്ന ഇരുപത്തിനാലുകാരനില്‍ ആയിരുന്നു. 2013 ജനുവരി 5 ന് ബെന്‍ ഡലഡ്ജ് ബാങ്കോക്കില്‍വെച്ച് പിടിയിലായി. 

സ്‌പൈ ഐ/ സ്യൂസ് ബോട്ട് നെറ്റുകള്‍ക്ക് പിറകിലെ ബുദ്ധികേന്ദ്രം- ഹംസ ബെന്‍ ഡലഡ്ജ്. ചിത്രം കടപ്പാട് : ബാങ്കോക്ക് പോസ്റ്റ്‌

'സ്‌മൈലിങ് ഹാക്കര്‍' എന്ന പേരില്‍ അറിയപ്പെടുന്ന, സദാ പ്രസന്നവദനനായ ബെന്‍ ഡലഡ്ജ് നൂറു കണക്കിന് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലൂടെ കോടികള്‍ തട്ടിയെടുത്തതായി കണക്കാക്കപ്പെടുന്നു. ഇതിനുപുറമേ 2009 മുതല്‍ 2011 വരെ സ്യൂസിന്റെയും സ്‌പൈ ഐയുടേയും വിവിധ പതിപ്പുകള്‍ ഇന്റര്‍നെറ്റ് അധോലോക വിപണിയിലൂടെ വിറ്റഴിച്ചതിന്റെ പേരിലും ബെന്‍ ഡലഡ്ജ് നിയമനടപടികള്‍ നേരിടുന്നു.

എങ്ങിനെയാണ് ഇത്തരം പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്?


ഏറ്റവും പ്രചാരമുള്ളതും ഏറ്റവും കൂടുതല്‍ വ്യാജപതിപ്പുകള്‍ ഉപയോഗിക്കപ്പെടുന്നതുമായ ഓപ്പറേറ്റിങ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് തന്നെയാണ് ഇത്തരം ട്രോജനുകളുടേയും ഇഷ്ടതാവളം. ഇവിടെ വിന്‍ഡോസിന്റെ പഴുതുകളേക്കാള്‍ കൂടുതല്‍ ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയും ചൂഷണം ചെയ്താണ് ദുഷ്ടപ്രോഗ്രാമുകള്‍ കമ്പ്യൂട്ടറുകളില്‍ കയറിക്കൂടുന്നത്. ഇവയില്‍ എടുത്തുപറയേണ്ട രണ്ടെണ്ണമാണ് ഫിഷിങും െ്രെഡവ്-ബൈ ഡൗണ്‍ലോഡും.

2009 ല്‍ ഏകദേശം പതിനഞ്ച് ലക്ഷത്തോളം സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെ മാത്രം സ്യൂസ് ട്രോജന്‍ പരത്താനായി അയയ്ക്കപ്പെട്ടത് .

െ്രെഡവ്-ബൈ ഡൗണ്‍ലോഡ് : കബളിപ്പിക്കപ്പെട്ട ഉപയോക്താവിന്റെ പൂര്‍ണ്ണസമ്മതത്തോടെയോ വെബ്ബ്രൗസറുകളുടെ സുരക്ഷാപഴുതുകള്‍ മുതലെടുത്തോ ദുഷ്ട പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടുന്ന മാര്‍ഗമാണ് െ്രെഡവ്-ബൈ ഡൌണ്‍ലോഡ്.

പ്രധാനമായി രണ്ടു രീതികളാണ് െ്രെഡവ്-ബൈ ഡൗണ്‍ലോഡ് ആക്രമണത്തിനായി ഉപയോഗപ്പെടുത്തുന്നത് -


1.
 വ്യാജ വെബ്‌സൈറ്റുകളും, മറ്റു ക്ഷുദ്രപ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകളും സന്ദര്‍ശിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന പോപ്പ് അപ്പ് വിന്‍ഡോകള്‍. ഇവ അടയ്ക്കാനുള്ള ക്ലോസ്ബട്ടണ്‍ വരെ സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബ്രൗസറിനെ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കും. ചില ഫയല്‍ഷെയറിങ് വെബ് സൈറ്റുകളിലും വ്യാജ സോഫ്റ്റ്‌വേറുകള്‍ വിതരണം ചെയ്യുന്ന വെബ്‌സൈറ്റുകളിലും കാണപ്പെടുന്ന എളുപ്പം ശ്രദ്ധയാകര്‍ഷിക്കുന്ന ഡൗണ്‍ലോഡ് ബട്ടണുകളാല്‍ കബളിപ്പിക്കപ്പെട്ടും ഉപയോക്താക്കള്‍ ദുഷ്ടപ്രോഗ്രാമുകളുടെ വലയില്‍ കുരുങ്ങാറുണ്ട്.

2. 
ബ്രൗസറുകളുടെയും ഫ് ളാഷ് പ്ലയര്‍, ജാവ തുടങ്ങിയ പ്ലഗ്ഗിനുകളുടെയും സുരക്ഷാപഴുതുകള്‍ മുതലെടുത്ത് കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറ്റം നടത്തുക.

ആധുനിക ബ്രൗസറുകളിലെല്ലാം പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറുകളിലേയ്ക്ക് സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാതിരിക്കത്തക്ക രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ മിക്കപ്പോഴും ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയും മുതലെടുത്താണ് ട്രോജനുകള്‍ നുഴഞ്ഞുകയറ്റം നടത്തുന്നത്. 

മാന്‍-ഇന്‍-ബ്രൌസര്‍ ആക്രമണ രീതി

മേല്‍പ്പറഞ്ഞ മാര്‍ഗങ്ങളില്‍ ഏതെങ്കിലും രീതിയില്‍ കമ്പ്യൂട്ടറില്‍ കടന്നുകയറുന്ന ട്രോജന്‍ , സാധാരണ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കുകയില്ല. അതിനാല്‍ ഇവയെ തിരിച്ചറിയുക പ്രയാസമാണ്.

ഒന്നോ അതിലധികമോ ബാങ്കിങ് സൈറ്റുകളെ ലക്ഷ്യമാക്കി നിര്‍മ്മിക്കപ്പെട്ട ഇത്തരം ട്രോജനുകള്‍ , ഉപയോക്താവ് പ്രസ്തുത വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതുവരെ ഉറക്കം നടിക്കുന്നു. ഇത്തരം ഒരു വെബ്‌സൈറ്റ് തുറക്കുന്നതോടെ അത് ജോലി തുടങ്ങുകയായി.

ബാങ്കുകളുടെ വെബ്‌സൈറ്റുകളും മറ്റും ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്ന ഉപയോക്താക്കള്‍ , അഡ്രസ്സ്ബാറിലെ ' വേേു െ' സ്റ്റാറ്റസ് ബാറിലെ 'താഴ് അടയാളം' തുടങ്ങിയവയെല്ലാം ശ്രദ്ധിക്കാറുണ്ട്.

ഇവിടെ ഇത്തരം എല്ലാ സുരക്ഷാഅടയാളങ്ങളും ഉണ്ടെന്നാകിലും പ്രസ്ത്റ്റുത ബാങ്കിന്റെ സൈറ്റില്‍ നിന്നുതന്നെ വരുന്നുവെന്നു തോന്നിക്കുന്ന പോപ് അപ് വിന്‍ഡോകളും ഉപയോക്താവിന്റെ യൂസര്‍ നേം, ക്രഡിറ്റ്കാര്‍ഡ് നമ്പര്‍, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പേജുകളും ട്രോജനുകള്‍ വെബ്‌പേജുകളിലേക്ക് കുത്തിവക്കുന്നു. വെബ്‌സൈറ്റിന്റെ യു ആര്‍ എല്ലിലോ മറ്റു സുരക്ഷാ അടയാളങ്ങളിലോ കുഴപ്പമൊന്നും കാണാത്ത ഉപയോക്താക്കള്‍ , ഇത്തരത്തില്‍ നല്‍കുന്ന വിവരങ്ങള്‍ പോവുക മറ്റൊരിടത്തായിരിക്കും.

മറ്റൊരു തരത്തിലും ഇത്തരം ട്രോജനുകള്‍ അക്രമണം നടത്താറുണ്ട്. ഇവിടെ ബാങ്കിങ് ഇടപാടുകളില്‍ ഉപയോക്താവ് നല്‍കുന്ന വിവരങ്ങളില്‍ നിന്നും വ്യത്യസ്തമായ വിവരങ്ങള്‍ ബാങ്കിങ് സെര്‍വറിലേക്ക് നല്‍കുന്നു. അതായത് 'രാമന്റെ അക്കൗണ്ടിലേക്ക് 10000 രൂപ അയയ്ക്കുക' എന്ന് ബാങ്കിനു നല്‍കുന്ന നിര്‍ദ്ദേശം ബ്രൗസറിനകത്തിരുന്നുകൊണ്ട് ' ക്രുഷ്ണന്റെ അക്കൗണ്ടിലേക്ക് 50000 രൂപ അയയ്ക്കുക' എന്നു തിരുത്താന്‍ ഇത്തരം ട്രോജനുകള്‍ക്ക് കഴിയുന്നു. മാത്രവുമല്ല ഇങ്ങനെ മാറ്റിയ വിവരം ഉപയോക്താവ് അറിയാതിരിക്കാനുള്ള വിദ്യയും ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും.

അതായത് വൈറസ്ബാധയേറ്റ കമ്പ്യൂട്ടറില്‍നിന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്ന ഉപയോക്താവിന് എന്തെങ്കിലും കള്ളക്കളി നടന്നതായി അറിയാന്‍ കഴിഞ്ഞെന്നും വരില്ല.

ബാങ്കിങ് ട്രോജനുകളെല്ലാംതന്നെ ഓരോ ബാങ്കിങ് സൈറ്റുകളുടേയും പ്രവര്‍ത്തനരീതി വ്യക്തമായി പഠിച്ചതിനുശേഷം നിര്‍മ്മിക്കപ്പെട്ടതായതിനാല്‍ , തുറക്കുന്ന വിന്‍ഡോകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോയെന്ന് പ്രത്യക്ഷത്തില്‍ അറിയാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുന്നില്ല. മാത്രവുമല്ല ബ്രൗസര്‍ എക്സ്റ്റന്‍ഷനുകളായി പ്രവര്‍ത്തിക്കുന്ന ഇവയെ ആന്റിവൈറസ് സോഫ്റ്റ്‌വേറുകള്‍ക്കും കണ്ടെത്താന്‍ പ്രയാസമാണ്.

ആന്റിവൈറസ് പ്രോഗ്രാമുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അതിന്റെ പരമാവധി ആക്കിയാല്‍ ആവശ്യമുള്ള പല പ്രോഗ്രാമുകളും തുറക്കാതെ വരുന്ന അവസ്ഥ ഉള്ളതിനാല്‍ ഉപയോക്താക്കള്‍ മിക്കവാറും മധ്യതലത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് പൊതുവെ ഉപയോഗിക്കാറ്. ഇത് ട്രോജന്‍ നിര്‍മ്മാതാക്കള്‍ മുതലെടുക്കുന്നു.

സ്പിറ്റ്‌മോ- സ്‌പൈ ഐയുടെ ആന്‍ഡ്രോയ്ഡ് പതിപ്പ്

സ്‌പൈ ഐ യുടെ ഒരു മൊബൈല്‍ പതിപ്പ് സ്പിറ്റ്‌മോ എന്ന പേരില്‍ കണ്ടെത്തിയിട്ടുണ്ട് (സ്‌പൈ ഐ ഫോര്‍ മൊബൈല്‍). ഇത് സ്‌പൈ ഐ ട്രോജന്‍ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. സ്പിറ്റ്‌മോ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിലെ എസ് എം എസുകള്‍ ചോര്‍ത്തപ്പെടുന്നു. ഇത്തരത്തില്‍ ബാങ്കുകള്‍ ഇടപാടുകള്‍ ഉറപ്പുവരുത്താന്‍ ഉപയോഗിക്കുന്ന ടു-സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ എസ് എം എസ്സുകളും വണ്‍ ടൈം പാസ്‌വേഡുകളും (OTP) കുറ്റവാളികളിലേയ്ക്ക് രഹസ്യമായി കൈമാറ്റം ചെയ്യപ്പെടുന്നു.


മാന്‍-ഇന്‍-ബ്രൗസര്‍ ആക്രമണങ്ങള്‍ എങ്ങനെയെല്ലാം പ്രതിരോധിക്കാം

1. 
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളാണ് ഈ ആക്രമണത്തിന് ഇരയാകുന്നത് എന്നതിനാല്‍ ലിനക്‌സ്, മാക് തുടങ്ങിയ മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുക. ഇത് വിന്‍ഡോസ് ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് പ്രായോഗികമായിക്കൊള്ളണം എന്നില്ല. എന്നിരുന്നാലും ബാങ്കിങ് ഇടപാടുകള്‍ ബൂട്ട് ചെയ്ത് ഉപയോഗിക്കാവുന്ന ലിനക്‌സ് 'ലൈവ് സി ഡി'യിലെ ബ്രൗസറുകളിലൂടെയാകുന്നത് കൂടൂതല്‍ സുരക്ഷിതത്വം നല്‍കും. പ്രത്യേകിച്ച് സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പില്ലാത്ത കമ്പ്യൂട്ടറുകളിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍.

2. 
സൗജ്യന്യ സോഫ്റ്റ്‌വേറുകള്‍ വിശ്വാസയോഗ്യമായ വെബ്‌സൈറ്റുകളില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. ഫയല്‍ ഷെയറിങ് സൈറ്റുകളില്‍ സാധാരണ കാണുന്ന വ്യാജഡൗണ്‍ലോഡ് ബട്ടനുകളെ ശ്രദ്ധിക്കുക.

3.
 ഫയര്‍ഫോക്‌സ്, ക്രോം തുടങ്ങിയ ബ്രൗസറുകളില്‍ ആഡ് ബ്ലോക്ക് എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ അനാവശ്യമായ പോപ് അപ്പുകളില്‍ നിന്നും വ്യാജ പരസ്യങ്ങളില്‍ നിന്നും രക്ഷനേടാം.

5. 
ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ അതാത് ബ്രൗസറുകളുടെ എക്സ്റ്റന്‍ഷന്‍ ഗാലറിയില്‍ നിന്നുമാത്രം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇന്റര്‍നെറ്റില്‍ പരതുമ്പോഴോ ഏതെങ്കിലും സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക.

6.
 മിക്കവാറും എല്ലാ ബാങ്കുകളും സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി അപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം അപ്ലിക്കേഷനുകളിലൂടെ ഇടപാടുകള്‍ നടത്തുന്നത് വെബ്ബ്രൗസറുകളിലൂടെ നടത്തുന്ന ഇടപാടുകളേക്കാള്‍ താരതമ്യേന സുരക്ഷിതമായിരിക്കും.

7. 
സ്മാര്‍ട്ട്‌ഫോണുകളില്‍ അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അപ്ലിക്കേഷനുകള്‍ അതാത് ഓപ്പറേറ്റിങ് സിസ്റ്റം അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.

50,000 നെറ്റ്‌വര്‍ക്കുകളില്‍ അമേരിക്ക ദുഷ്ടപ്രോഗ്രം കടത്തിവിട്ടു: റിപ്പോര്‍ട്ട്




ഓണ്‍ലൈന്‍ ചാരപ്രവര്‍ത്തനത്തിന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ( NSA ) ദുഷ്ടപ്രോഗ്രാമുകള്‍ വ്യാപകമായി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.

ലോകമെമ്പാടും 50,000 നെറ്റ്‌വര്‍ക്കുകളില്‍ എന്‍ എസ് എ ദുഷ്ടപ്രോഗ്രാം ( malware ) കടത്തിവിട്ടതായി, ഡച്ച് പത്രമായ എന്‍ ആര്‍ സി ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സുപ്രധാന വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്താന്‍ ദുഷ്ടപ്രോഗ്രാമുകള്‍ ഉപയോഗിച്ചെന്ന വിവരം, മുന്‍ എന്‍ എസ് എ കോണ്‍ട്രാക്ടര്‍ എഡ്വേര്‍ഡ് സ്‌നേഡന്‍ പുറത്തുവിട്ട രഹസ്യവിവരങ്ങളിലാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2008 ല്‍ 20,000 നെറ്റ്‌വര്‍ക്കുകളില്‍ ദുഷ്ടപ്രോഗ്രാം എത്തിക്കാന്‍ എന്‍ എസ് എ യ്ക്ക് സാധിച്ചെന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളില്‍ പറയുന്നു. റോം, ബെര്‍ലിന്‍ , പ്രിസ്റ്റീന, കിന്‍ഷാഷ, റാന്‍ഗൂണ്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സമീപകാലത്ത് ഈ പ്രവര്‍ത്തനം അമേരിക്കന്‍ ഏജന്‍സി വ്യാപിപ്പിച്ചു.

റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ എന്‍ എസ് എ അധികൃതര്‍ തയ്യാറായില്ലെന്ന്, ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

'സ്ലീപ്പര്‍ ' മോഡില്‍നിന്ന് ഒറ്റ ക്ലിക്കിലൂടെ പ്രവര്‍ത്തനക്ഷമമാക്കാവുന്ന ദുഷ്ടപ്രോഗ്രാമാണ് അമേരിക്ക ഉപയോഗിച്ചതെന്ന് എന്‍ ആര്‍ സി യുടെ റിപ്പോര്‍ട്ട് പറയുന്നു.

എന്‍ എസ് എ പോലുള്ള ഏജന്‍സികള്‍ നടത്തുന്ന ഓണ്‍ലൈന്‍ ചാരപ്രവര്‍ത്തനത്തില്‍ നിന്ന് യൂസര്‍മാരെ രക്ഷിക്കാന്‍ , അധിക സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്റര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്
.

1000 ക്ലാസിക് വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനില്‍




ശരിക്കുപറഞ്ഞാല്‍ ഇതൊരു ക്രിസ്മസ്-പുതുവത്സര സമ്മാനമാണ്. ഒരുകാലത്ത് പാശ്ചാത്യലോകത്ത് കുട്ടികളുടെ ഹരമായിരുന്ന ആയിരത്തോളം ക്ലാസിക് വീഡിയോ ഗെയിമുകള്‍ 'ഇന്റര്‍നെറ്റ് ആര്‍ക്കൈവ്' ഓണ്‍ലൈനിലെത്തിക്കുകയാണ്. ഇനിയവ വെബ്ബ് ബ്രൗസറില്‍ കളിക്കാം!

ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ 'ദി കണ്‍സോള്‍ ലിവിങ് റൂം' ( Console Living Room ) പദ്ധതിയുടെ ഭാഗമായാണ്, തലമുറകള്‍ക്ക് ഹരംപകര്‍ന്ന ആ പ്രസിദ്ധ വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനിലെത്തുന്നത്.

ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ സ്ഥാപകന്‍ ജാസണ്‍ സ്‌കോട്ട് ബ്ലോഗില്‍ പറയുന്നത്നോക്കുക : 'മരച്ചുവട്ടിലിരിക്കുന്ന വലിയൊരു പാഴ്‌സല്‍ കണ്ടെത്തുക. അതു തുറക്കുമ്പോള്‍ ഉള്ളില്‍ ആവേശമുണര്‍ത്തുന്ന, എണ്ണമറ്റ വീഡിയോ ഗെയിമുകളടങ്ങിയ വര്‍ണാഭമായ ആ പെട്ടി. ഒരു തലമുറയിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഏറ്റവും ആവേശകരമായ ക്രിസ്മസ് സമ്മാനം അതായിരുന്നു'.

ഇന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ മാത്രം. സാങ്കേതികവിദ്യ വികസിച്ചപ്പോള്‍ വീഡിയോ ഗെയിം കണ്‍സോളുകള്‍ പഴങ്കഥയായി, ഒപ്പം പഴയ ഗെയിമുകളും.

1970 കളിലും 1980 കളിലും വന്‍ജനപ്രീതി നേടിയ വീഡിയോ ഗെയിമുകളാണ് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് ബ്രൗസര്‍ അധിഷ്ഠിത ഗെയിമുകളായി പുനര്‍ജനിപ്പിക്കുന്നത്. അറ്റാരി 2600 ( Attari 2600 ), അറ്റാരി 7800 പ്രോസിസ്റ്റം ( Atari 7800 ProSystem ), കൊലെകോ വിഷന്‍ ( Coleco Vision ), മാഗ്നാവോക്‌സ് ഒഡീസി ( Magnavox Odyssey ), അസ്‌ട്രോകേഡ് ( Astrocade ) എന്നീ അഞ്ച് കണ്‍സോളുകള്‍ക്കായി സൃഷ്ടിക്കപ്പെട്ട വീഡിയോ ഗെയിമുകളാണ് വിരല്‍ത്തുമ്പിലെത്തുക.

'ദി കണ്‍സോള്‍ ലിവിങ് റൂം' ബീറ്റാ വേര്‍ഷനാണെന്ന് ജാസണ്‍ സ്‌കോട്ട് ബ്ലോഗില്‍ അറിയിച്ചു. അതിനാല്‍ ബ്രൗസറില്‍ കളിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളും തടസ്സങ്ങളും ഉണ്ടായേക്കാം. സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘം വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുവരികയാണ്. ഏതാനും ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ മിക്കതും പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം എഴുതുന്നു. നിലവില്‍ ഗെയിമുകള്‍ക്ക് ശബ്ദമില്ല. താമസിയാതെ ആ ഫീച്ചര്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

ഇന്റര്‍നെറ്റിന്റെ ചരിത്രം രേഖപ്പെടുത്തി വെയ്ക്കുന്നതില്‍ സ്തുത്യാര്‍ഹമായ സേവനമാണ് 1996 മുതല്‍ ഇന്റര്‍നെറ്റ് ആര്‍ക്കൈവ് നടത്തുന്നത്. വീഡിയോ ഗെയിമുകള്‍ തീര്‍ച്ചയായും സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ്. ആ അധ്യായമാണ് പുതിയ പദ്ധതി വഴി സൃഷ്ടിക്കപ്പെടുക
.

ബിറ്റ്‌കോയിനും ഇന്‍ഷൂറന്‍സ് പരിരക്ഷ!


ഇന്‍ഷൂറന്‍സ് പരിരക്ഷയോടുകൂടിയ ബിറ്റ്‌കോയിന്‍ ( Bitcoin ) സംഭരണി ലണ്ടനില്‍ ആരംഭിച്ചു. ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്‍ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ നഷ്ടപരിഹാരം ലഭിക്കും.

ലോകത്ത് ആദ്യമായാണ് ബിറ്റ്‌കോയിന് ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കുന്നത്. സൈബര്‍ കവര്‍ച്ചയില്‍നിന്ന് ക്രിപ്‌റ്റോകറന്‍സിയായ ബിറ്റ്‌കോയിനെ രക്ഷിക്കാനുദ്ദേശിച്ചുള്ളതാണ് 'എല്ലിപ്റ്റിക് വാള്‍ട്ടി' ( Elliptic Vault ) ന്റെ സര്‍വീസ്.

'ഡീപ് കോള്‍ഡ് സ്‌റ്റോറേജിലാ' ( 'deep cold storage' ) കും ബിറ്റ്‌കോയിനുകള്‍ സൂക്ഷിക്കുകയെന്ന് എല്ലിപ്റ്റിക് വാള്‍ട്ട് അധികൃതര്‍ പറയുന്നു. ബിറ്റ്‌കോയിനുമായി ബന്ധപ്പെട്ട എന്‍ക്രിപ്റ്റഡ് കോഡുകള്‍ ഓഫ്‌ലൈനില്‍ സുരക്ഷിതമായ സ്ഥാനങ്ങളില്‍ സൂക്ഷിക്കും. ഓണ്‍ലൈനിലൂടെ അത് കൈക്കലാക്കാന്‍ കഴിയില്ല.

'കസ്റ്റമറുടെ ബിറ്റ്‌കോയിനുകള്‍ ഞങ്ങളുടെ പക്കല്‍നിന്ന് നഷ്ടപ്പെട്ടാലും, കസ്റ്റമര്‍ക്ക് പേടിക്കേണ്ട. നഷ്ടപരിഹാരം ലഭിക്കും. ബിറ്റ്‌കോയിനെ സംബന്ധിച്ച് ഇതൊരു വലിയ ചുവടുവെപ്പാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഒരു സാധാരണ ബാങ്ക് അക്കൗണ്ടിന്റെ കാര്യത്തിലെന്ന പോലെ, ബിറ്റ്‌കോയിന്‍ ഉടമയ്ക്ക് ഇത് മനസ്സമാധാനം നല്‍കും'' - ലണ്ടന്‍ കേന്ദ്രമായുള്ള എല്ലിപ്റ്റിക് വാള്‍ട്ടിന്റെ സഹസ്ഥാപകന്‍ ടിം റോബിന്‍സണ്‍ അറിയിച്ചു.

ഒരുവര്‍ഷംമുമ്പ് ഒരു ബിറ്റ്‌കോയിന് 25 ഡോളര്‍ മൂല്യമുണ്ടായിരുന്നത് ഇപ്പോള്‍ ആയിരം ഡോളര്‍ കടന്നിരിക്കുന്നു. അതോടെ ബിറ്റ്‌കോയിനുകള്‍ സൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ പലതിനും കോടികളുടെ മൂല്യമായി.

ദുഷ്ടപ്രോഗ്രാമുകളുടെ സഹായത്തോടെ കമ്പ്യൂട്ടറുകളില്‍നിന്ന് ബിറ്റ്‌കോയിനുകള്‍ സൈബര്‍ ക്രിമിനലുകള്‍ക്ക് ചോര്‍ത്തിയെടുക്കാന്‍ അധികം ബുദ്ധിമുട്ടില്ലെന്ന കാര്യം പലരുടെയും ഉറക്കംകെടുത്തുകയാണ്. കവര്‍ച്ച ചെയ്യപ്പെട്ടാല്‍ ബിറ്റ്‌കോയിനുകള്‍ തിരികെ കിട്ടുക അസാധ്യമാണ്.

ഈ പ്രശ്‌നത്തിനുള്ള പരിഹാരമാണ് എല്ലിപ്റ്റിക് മുന്നോട്ടുവെയ്ക്കുന്നത്. ബിറ്റ്‌കോയിന്‍ മൂല്യത്തില്‍ രണ്ടുശതമാനമാണ് അത് ഇന്‍ഷൂറന്‍സോടുകൂടി സൂക്ഷിക്കാന്‍ എല്ലിപ്റ്റ്‌സ് ഈടാക്കുക. (കടപ്പാട് : ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസ് )

ഫെയ്‌സ്ബുക്കില്‍ വിഷമിക്കാന്‍ ഇനി 'സിമ്പതി' ബട്ടനും




പരീക്ഷണാടിസ്ഥാനത്തിലാണ് 'സിമ്പതി' ബട്ടണ്‍ തുടങ്ങുന്നത്. സങ്കടകരമായ വാര്‍ത്തയും വിഷമിക്കുന്ന 'സാഡ് സെ്‌മെലി'യും 'ഫീലിങ്് ഡിപ്രസ്ഡ്' എന്നൊക്കെ കൊടുത്തുകഴിഞ്ഞാല്‍ 'ലൈക്ക്' ബട്ടണു പകരം സിമ്പതി വരും.

ഫെയ്‌സ്ബുക്ക് ഓഫീസില്‍ നടന്ന 'കംപാഷന്‍ റിസര്‍ച്ച് ഡേയി'ലെ സെമിനാറിലാണ് ഡാന്‍ മ്യുറിയല്ലോ പുതിയ ബട്ടണെക്കുറിച്ചു പറഞ്ഞത്. ജീവനക്കാര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായമനുസരിച്ചാണ് വിഷമാവസ്ഥയ്ക്ക് പിന്തുണ അറിയിക്കാനായി 'സിമ്പതി'യുമായി ഫെയ്‌സ്ബുക്ക് രംഗത്തിറങ്ങിയതെന്ന് ഡാന്‍. 'കുറച്ചു ദിവസത്തിനുള്ളില്‍ അഞ്ചുപേര്‍ ലൈക്ക് ചെയ്തു എന്നതിനു പകരം അഞ്ചു പേര്‍ സിമ്പതി അറിയിക്കുന്നുവെന്നാകും'അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിമ്പതി ബട്ടണ് ആളുകള്‍ക്കിടയില്‍ നല്ല സ്വീകരണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡാന്‍ അഭിപ്രായപ്പെട്ടു. പുതിയ സംവിധാനത്തിന് ഏതാനും ദിവസം കാത്തിരിക്കേണ്ടി വരുമെന്നു മാത്രം
.

ട്വിറ്റര്‍ - കണക്കുകള്‍ , കൗതുകങ്ങള്‍


സോഷ്യന്‍ നെറ്റ്‌വര്‍ക്ക് കമ്പനിയായ ട്വിറ്റര്‍ പ്രഥമ ഓഹരി വില്‍പ്പനയ്ക്ക് തയ്യാറെടുക്കുകയാണ്. ബന്ധപ്പെട്ട രേഖകള്‍ അതിനായി യു.എസ്.അധികൃതര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തുകഴിഞ്ഞു.100 കോടി ഡോളര്‍ സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും രേഖകള്‍ പറയുന്നു.

ഫെയ്‌സ്ബുക്കിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രഥമ ഓഹരി വില്‍പ്പന (ഐ.പി.ഒ) ആണ് സിലിക്കണ്‍ വാലിയില്‍ ഇതിന് മുമ്പ് ഇത്രയും ആകാംക്ഷ സൃഷ്ടിച്ചത്. മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ പോകുന്ന ഓഹരി വാഗ്ദാനത്തിന്റെ പശ്ചാത്തലത്തില്‍ കൗതുകമുണര്‍ത്തുന്ന ചില ട്വിറ്റര്‍ വിശേഷങ്ങളും കണക്കുകളും ചുവടെ -

2006 മാര്‍ച്ച് 21 ന് കമ്പനി സഹസ്ഥാപകന്‍ ജാക്ക് ഡോര്‍സേയുടെ അക്കൗണ്ടില്‍ ( @jack ) നിന്ന് ഓട്ടോമാറ്റിക്കായി അയച്ച ആദ്യ ട്വിറ്റോടെയാണ് 'ട്വിറ്റര്‍യുഗം' ആരംഭിച്ചത്. 'just setting up my twttr' എന്നായിരുന്നു ആദ്യ ട്വീറ്റ്.

അതിനുശേഷം ലോകത്താകമാനം 17000 കോടി ട്വീറ്റുകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ജൂണിലെ കണക്കനുസരിച്ച് ആ സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ 21.8 കോടി സജീവ അംഗങ്ങളുണ്ട്. എന്നുവെച്ചാല്‍ , ശരിക്കമൊരു ആഗോള പ്രതിഭാസമായി ട്വിറ്റര്‍ മാറിയെന്ന് സാരം.

ചൊവ്വാഴ്ച്ച ഇന്ത്യന്‍ സമയം പകല്‍ 1.30 ലെ കണക്കനുസരിച്ച് ട്വിറ്ററില്‍ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള വ്യക്തി ജസ്റ്റിന്‍ ബീബര്‍ ( @justinbieber ) ആണ്. ഫോളോവേഴ്‌സിന്റെ എണ്ണം 45,546,833.

തൊട്ടടുത്ത സ്ഥാനത്ത് കാറ്റി പെറി ( @katyperry ) ആണ്. ഫോളോവേഴ്‌സ് 44,494,785പേര്‍ . മൂന്നാമത് ലേഡി ഗാഗയും ( @ladygaga ). ഫോളോവേഴ്‌സിന്റെ എണ്ണം 40,222,870.

ട്വിറ്ററില്‍ 37,812,440 ഫോളോവേഴ്‌സുള്ള യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ ( @barackobama ) ആണ് നാലാംസ്ഥാനത്ത്.

ട്വിറ്ററില്‍ ഒരോ യൂസര്‍ക്കും ശരാശരി 208 ഫോളോവേഴ്‌സുണ്ട്. ഓരോരുത്തരും പ്രതിമാസം ശരാശരി 170 മിനിറ്റു വീതം ട്വിറ്ററില്‍ ചെലവിടുന്നു.

ട്വിറ്ററിലെ സജീവ അംഗങ്ങളില്‍ 80 ശതമാനവും ട്വിറ്റര്‍ സന്ദര്‍ശിക്കുന്നത് സ്മാര്‍ട്ട്‌ഫോണിലൂടെയും മറ്റ് മൊബൈല്‍ ഉപകരണങ്ങളിലൂടെയുമാണ്.

ട്വിറ്ററിലെ 200 ലക്ഷം അക്കൗണ്ടുകള്‍ വ്യാജമെന്ന് കണക്ക്.

ഒരു പ്രത്യേക വിഷയത്തിലെ ട്വീറ്റുകളെ ഗ്രൂപ്പുചെയ്യാനുപയോഗിക്കുന്ന # 'ഹാഷ് ടാഗ്' ( hashtag ) 2007 ആഗസ്തിലാണ് ട്വിറ്റര്‍ അവതരിപ്പിച്ചത്. ഒരു യൂസര്‍ ഈ സംവിധാനം നിര്‍ദേശിക്കുകയായിരുന്നു.

ഗൂഗിളും മൈക്രോസോഫ്റ്റും തങ്ങളുടെ സെര്‍ച്ച് സര്‍വീസുകളില്‍ ട്വീറ്റുകളും ഉള്‍പ്പെടുത്താനാരംഭിച്ചത് 2009 ഒക്ടോബറിലാണ്.

ആറ് സെക്കന്‍ഡ് വീഡിയോകള്‍ ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യാന്‍ യൂസര്‍മാരെ സഹായിക്കുന്ന 'വൈന്‍ ' ( Vine ) അവതരിപ്പിച്ചത് 2013 ജനവരിയിലാണ്. നിലവില്‍ 120 ലക്ഷം വൈന്‍ വീഡിയോ വീതം ദിവസവും ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്യപ്പെടുന്നു.

ട്വിറ്ററിന്റെ ആസ്ഥാനം അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ ആണ്. ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ്, വാഷിംങ്ടണ്‍ എന്നിവിടങ്ങളിലും ട്വിറ്ററിന്റെ ഓഫീസുകളുണ്ട്. മൊത്തം 900 പേര്‍ ട്വിറ്ററില്‍ ജോലി ചെയ്യുന്നു.

ബിസ് സ്‌റ്റോണ്‍ ( @biz ), ഇവാന്‍ വില്യംസ് ( @ev and ), ജാക്ക് ഡോര്‍സേ ( @jack ) എന്നിവര്‍ ചേര്‍ന്നാണ് ട്വിറ്റര്‍ സ്ഥാപിച്ചത്. (കടപ്പാട് : AFP )

സോഷ്യല്‍ മീഡിയ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിരീക്ഷണത്തില്‍


ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയിലെ ലൈക്കിന്റെയും ഫോളോവേഴ്‌സിന്റെയും എണ്ണം കാട്ടി മേനി നടിക്കുന്ന രാഷ്ട്രീയക്കാര്‍ ജാഗ്രതൈ. നിങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിരീക്ഷണത്തിലാണ്.

സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണത്തിന് ചിലവാകുന്ന ഓരോ രൂപയും ഇനി തിരഞ്ഞെടുപ്പ് ചിലവിന്റെ കണക്കില്‍ വരും. ഇതിന്റെ കണക്ക് കമ്മിഷന് ഹാജരാക്കണം. വീഴ്ച വരുത്തിയാല്‍ പിടി വീഴും.

വെള്ളിയാഴ്ചയാണ് ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ , യൂട്യൂബ് എന്നിവ വഴിയുള്ള പ്രചരണത്തിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുതിയ മാര്‍ഗരേഖ പുറത്തിറക്കിയത്. ഇതനുസരിച്ച് ഇനി മുതല്‍ സ്ഥാനാര്‍ഥികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളുടെ വിവരങ്ങളും സത്യവാങ്മൂലത്തിന്റെ ഭാഗമായി കമ്മിഷന് സമര്‍പ്പിക്കണം.

ഈ സോഷ്യല്‍ മീഡിയാ സൈറ്റുകളില്‍ ഉപയോഗിക്കുന്ന പരസ്യങ്ങള്‍ കമ്മിഷനില്‍ നിന്ന് നേരത്തെ സര്‍ട്ടിഫൈ ചെയ്തു വാങ്ങുകയും ചെയ്യണം. ഈ പരസ്യങ്ങളും സൈറ്റുകളിലെ മറ്റു വിവരങ്ങളും തയ്യാറാക്കുന്നതിനും പോസ്റ്റ് ചെയ്യുന്നതിനും വേണ്ടി ചിലവിടുന്ന മുഴുവന്‍ പണവും ഇനി പാര്‍ട്ടികള്‍ കണക്കു കാണിക്കണം.

ഈ സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകളും ഇനി മുതല്‍ പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാകും. രാഷ്ട്രീയ പാര്‍ട്ടികളും വെബ്‌സൈറ്റുകള്‍ക്കും സോഷ്യല്‍ മീഡിയയിലെ വെബ്‌പേജുകള്‍ക്കും ഇതു ബാധകമാണ്.

കൊളാബൊറേറ്റീവ് പ്രോജക്റ്റ്‌സ് (വിക്കിപീഡിയ), ബ്ലോഗുകളും മൈക്രോ ബ്ലോഗുകളും (ട്വിറ്റര്‍ ), കണ്ടന്റ് കമ്മ്യൂണിറ്റികള്‍ (യൂട്യൂബ്), സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ (ഫെയ്‌സ്ബുക്ക്), വര്‍ച്വല്‍ ഗെയിം വേള്‍ഡ് (അപഌക്കേഷനുകള്‍ ) എന്നിങ്ങനെ അഞ്ചായി തിരിച്ചാണ് കമ്മിഷന്‍ മാര്‍ഗരേഖ പുറത്തിറക്കിയത്
.

സാംസങ്ങിന്റെ ടൈസണ്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന് ഒരു വെല്ലുവിളിയകുമോ ???

സാംസങ്ങിന്റെ ടൈസണ്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന് ഒരു വെല്ലുവിളിയകുമോ ???

ഏറ്റവും മികച്ച മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം എന്ന സ്ഥാനം കരസ്ഥമാക്കാന്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡും, ആപ്പിളിന്റെ ഐഒഎസ്സും തമ്മില്‍ വര്‍ഷങ്ങളായി കടുത്ത മത്സരത്തില്‍ ആണ്. ഇവര്‍ക്ക് രണ്ട് പേര്‍ക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ അടുത്ത വര്‍ഷം മുതല്‍ വിപണിയില്‍ പുതിയ ഒരു എതിരാളി കൂടെ ഉണ്ടാകും. സാംസങ്ങിന്റെ സ്വന്തം ടൈസണ്‍ മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ആ പുതിയ എതിരാളി.
Tizen
ടൈസണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ രംഗപ്രവേശം ഏറ്റവും കൂടുതല്‍ ബാധിക്കുക ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തെ ആയിരിക്കും. കാരണം സാംസങ്ങ് അവരുടെ ഭൂരിഭാഗം സ്മാര്‍ട്ട്‌ഫോണുകളിലും ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ഉപയോഗിക്കുന്നത്, സാംസങ്ങിന്റെ സ്വന്തം മൊബൈല്‍ ഒഎസ്‌ ടൈസണ്‍ യാഥാര്‍ത്ഥ്യമായാല്‍ സ്വാഭാവികമായും ആന്‍ഡ്രോയ്ഡിന് പകരം സാംസങ്ങ് ടൈസണ്‍ ഒഎസ് ആയിരിക്കും ഉപയോഗിക്കുക. ഇത് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ വിപണി വിഹിതത്തില്‍ കാര്യമായ കുറവ് ഉണ്ടാക്കും.
ആന്‍ഡ്രോയ്ഡ് എന്ന് കൈവരിച്ചിരിക്കുന്ന വിജയത്തില്‍ ഒരു മുഖ്യ പങ്ക് സാംസങ്ങിന് അവകാശപെട്ടതാണ്. സാംസങ്ങ് ഏറ്റെടുത്തിട്ടില്ലായിരുന്നെങ്കില്‍ ആന്‍ഡ്രോയ്ഡിന് ഇന്ന് കാണുന്ന വിപണിവിഹിതത്തിന്റെ ഏഴയലത്ത്പോലും എത്തില്ലായിരുന്നു. ആപ്പിള്‍ ഐഫോണുകളുടെ മുന്നില്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക് ഒരു വ്യക്തിമുദ്ര നല്‍കിയത് സാംസങ്ങിന്റെ ഗാലക്സി നിരയില്‍പെട്ട ഫോണുകളാണ്. വേറൊരു ആന്‍ഡ്രോയ്ഡ് ഫോണ്‍നിര്‍മ്മാതാക്കള്‍ക്കും ഇങ്ങനെ ഒരു സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടില്ല. ഈയൊരു കാരണത്താലാണ് ടൈസണ്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ആഗമനം ആന്‍ഡ്രോയ്ഡിന് വന്‍ വെല്ലുവിളി ആയിരിക്കുമെന്ന് വിലയിരുത്തന്നത്.
ഇത്രയും കാലം സ്വന്തം ഒഎസ് എന്ന ചിന്ത സാംസങ്ങിന് ഉണ്ടാകാതിരുന്നത് ഗൂഗിളുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു. ഇനി വെറും കൈയ്യോടെ നിന്നാല്‍ രക്ഷയില്ല എന്ന് സാംസങ്ങിന് മനസിലായിരിക്കണം. ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കള്‍ ആയ മോട്ടോറോളയെ ഏറ്റെടുത്തത് വഴി ആപ്പിളിനെ പോലെ ഗൂഗിളിനും സ്വന്തം ഫോണും, ഒഎസും ആയി. ഇതൊക്കെയാണ് സാംസങ്ങിനെ മാറ്റി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. നോക്കിയയെ മൈക്രോസോഫ്റ്റ് ഏറ്റെടുക്കുകയും കൂടെ ചെയ്തതോടെ സ്വന്തമായി ഒരു മൊബൈല്‍ ഒഎസ് ഇല്ലേല്‍ അത് ഭാവിയില്‍ ദോഷമാകും എന്നുറപ്പായിരിക്കുന്നു.
ചുരുക്കിപറഞ്ഞാല്‍ വരുംനാളുകളില്‍ ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡിന് സാംസങ്ങ് ടൈസണ്‍ , ആപ്പിള്‍ ഐഒഎസ്, മൈക്രോസോഫ്റ്റ് വിന്‍ഡോസ് മൊബൈല്‍ഒഎസ് എന്നിവയില്‍ നിന്ന് വന്‍പ്രഹരം ഏല്‍ക്കും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുന്നു. ചിരവൈരികളായ ആപ്പിളും, മൈക്രോസോഫ്റ്റും ഈ പ്രഹരത്തിന്റെ ശക്തി കൂട്ടാന്‍ അവര്‍ക്ക് കഴിയുന്നതെല്ലാം ചെയ്യും. ഇതിനെയൊക്കെ പ്രതിരോധിക്കാന്‍ ഗൂഗിള്‍ ഈയിടെ ഏറ്റെടുത്ത മോട്ടോറോളയെ ഉപയോഗിച്ച് സ്വന്തം നിലയ്ക്ക് ഫോണ്‍ ഇറക്കാന്‍ പദ്ധതിയുണ്ട് അത് വേണ്ടത്ര വിജയം വരിക്കുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം.
ഇനി അല്‍പ്പം ടൈസണ്‍ ചരിത്രം ആകാം. ലിനക്സില്‍ അധിഷ്ഠിതമായ ഒരു ഓപ്പണ്‍‌സോഴ്സ് മൊബൈല്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റം ആണ് ടൈസണ്‍. ആന്‍ഡ്രോയ്ഡ് ഒഎസിനെ പോലെ ടൈസണ്‍ മൊബൈലില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല. ടാബ്ലെറ്റ്, ക്യാമറ, ഫ്രിഡ്ജ്‌, ടിവി തുടങ്ങിയ ഉപകരണങ്ങളിലും ടൈസണ്‍ ഉപയോഗിക്കാം. എച്ച്ടിഎംഎല്‍ 5 ആധാരമായ മൊബൈല്‍ അപ്ലിക്കേഷനുകള്‍ക്ക് ആണ് ടൈസണ്‍ മുന്‍ഗണന നല്‍കുന്നത്. സംസങ്ങിനെ കൂടാതെ ഇന്റെല്‍, ഹുവായി, വോഡാഫോണ്‍ തുടങ്ങിയ വമ്പന്‍മാരും ടൈസണ്‍ ഒഎസിനെ പിന്താങ്ങുന്നുണ്ട്. വിപണിയില്‍ ലഭ്യമായ ടൈസണ്‍ ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഏക ഉപകരണം സാംസങ്ങിന്റെ NX300 എന്ന ക്യാമറയാണ്.
അടുത്ത ഫെബ്രുവരിയില്‍ സാംസങ്ങിന്റെ ടൈസണ്‍ ഫോണുകള്‍ വിപണിയില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ടൈസണ്‍ ഒരു വിജയമാവുകയാണെങ്കില്‍ ആന്‍ഡ്രോയ്ഡിന് സാംസങ്ങ് വഴി ലഭിച്ച കിരീടം താഴെയിറക്കേണ്ടിവരും.

മൈക്രോസോഫ്റ്റിന്റെ ഒഫീഷ്യല്‍ ബ്ലോഗ്‌, ട്വിററ്റര്‍ അക്കൗണ്ട്‌ എന്നിവ സിറിയന്‍ ഇലക്ട്രോണിക് ആര്‍മി ഹാക്ക് ചെയ്തു


സിറിയന്‍ ഇലക്ട്രോണിക് ആര്‍മി വീണ്ടും ആഞ്ഞടിച്ചിരിക്കുന്നു. ഇത്തവണ പ്രഹരമേറ്റത് മൈക്രോസോഫ്റ്റിനാണ്. മൈക്രോസോഫ്റ്റിന്റെ ട്വിററ്റര്‍ അക്കൗണ്ട്‌, ഒഫീഷ്യല്‍ ബ്ലോഗ്‌, ചില ഒഫീഷ്യല്‍ ഇമെയില്‍ അക്കൗണ്ടുകള്‍ എന്നിവവയാണ് സിറിയന്‍ ഇലക്ട്രോണിക് ആര്‍മിയുടെ ഹാക്കിങ്ങിന് ഇരയായത്.
മൈക്രോസോഫ്റ്റിന്റെ MSFTnews എന്ന ട്വിററ്റര്‍ അക്കൗണ്ണ്ടാണ് എസ്ഇഎ ഹാക്ക് ചെയ്തത്. ഹാക്ക് ചെയ്ത ട്വിററ്റര്‍ അക്കൗണ്ട്‌ വഴി താഴെ കൊടുത്തിരിക്കുന്ന ട്വീറ്റ് അവര്‍ പോസ്റ്റ്‌ ചെയ്തു. മൈക്രോസോഫ്റ്റ് ഈ ട്വീറ്റ് പിന്നീട് നീക്കം ചെയ്തു.
Syrian Electronic Army - Microsoft hack
Syrian Electronic Army - Microsoft hack tweets
മൈക്രോസോഫ്റ്റ് ഹോട്ട്മെയില്‍, ഔട്ട്‌ലുക്ക്‌ എന്നിവയിലെ ഇമെയില്‍ അക്കൗണ്ടുകള്‍ നിരീക്ഷിക്കുന്നുണ്ട്, മാത്രമല്ല അമേരിക്കന്‍ ഇന്റലീജെന്‍സിനും, മറ്റ് സര്‍ക്കാറുകള്‍ക്കും വിവരങ്ങള്‍ വില്‍ക്കുന്നുണ്ട്. ഇതിനുള്ള പല തെളിവുകളും തങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട് എന്നാണ് എസ്ഇഎ പറയുന്നത്. മൈക്രോസോഫ്റ്റ് തങ്ങളുടെ ശത്രുക്കള്‍ അല്ല, പക്ഷേ മൈക്രോസോഫ്റ്റ് ചെയ്യുന്ന കാര്യങ്ങള്‍ തങ്ങളെ ദോഷകരമായി ബാധിച്ചിട്ടുണ്ട് അതിനാലാണ് ഞങ്ങള്‍ മൈക്രോസോഫ്റ്റിനെ അക്രമിക്കുന്നത് എന്നാണ് എസ്ഇഎ യുടെ വിശദീകരണം.
blogs.technet.com/b/microsoft_blog എന്ന വിലാസത്തില്‍ “The Official Microsoft Blog” ടൈറ്റിലോട് കൂടിയ ബ്ലോഗും എസ്ഇഎ ഹാക്ക് ചെയ്തിട്ടുണ്ട്. “Syrian Electronic Army Was Here” എന്ന സന്ദേശവും ആ ബ്ലോഗില്‍ നല്‍കിയിരുന്നു. താഴെകൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് നോക്കുക.

ആന്‍ഡ്രോയ്ഡ് ഇനി കാറിലേക്കും – ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ് രൂപീകരിച്ച് ഗൂഗിള്‍


ആന്‍ഡ്രോയ്ഡ് ഒഎസ് കാറുകളിലേക്ക് കൊണ്ടുവരാന്‍ ഗൂഗിള്‍ കാര്‍ നിര്‍മ്മാതാക്കളുമായി ചേര്‍ന്ന് ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ് എന്ന ഒരു സംഘടന രൂപീകരിച്ചിരിക്കുന്നു. കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ട, ഓഡി, ഹ്യുണ്ടായ്, ജനറല്‍ മോട്ടോര്‍സ്, കമ്പ്യൂട്ടര്‍ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ പിന്നെ ഗൂഗിളും ചേര്‍ന്നതാണ് ഓപ്പണ്‍ ഓട്ടോമോട്ടീവ് അലൈന്‍സ്.
android in car
2007ല്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കുന്നതിന് വേണ്ടി ഗൂഗിളിന്റെ നേതൃത്വത്തില്‍ ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലൈന്‍സ് എന്ന ഒരു സംഘടന രൂപീകൃതമായിരുന്നു. അത് ഒരു വന്‍വിജയമായിരുന്നു. ആന്‍ഡ്രോയ്ഡ് അടിസ്ഥാനമായുള്ള ഫോണുകളാണ് ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത്‌. അതുപോലെ ആന്‍ഡ്രോയ്ഡ് കാറുകളിലേക്കും കൊണ്ടുവന്ന് വിജയിപ്പിക്കാനാണ് ഗൂഗിള്‍ പ്രതീക്ഷിക്കുന്നത്.
പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് കാറുകളും, ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളും തമ്മില്‍ മികച്ച ഇന്റഗ്രേഷന്‍ സാധ്യമാക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നത്. ഗൂഗിള്‍ ഒരു പ്രത്യേക ആന്‍ഡ്രോയ്ഡ് പ്ലാറ്റ്ഫോം നിര്‍മ്മിക്കുന്നുണ്ട് ഇത് ഉപയോഗിക്കുക വഴി കാറിന് സ്വയം ഒരു ആന്‍ഡ്രോയ്ഡ് ഉപകരണമാകാന്‍ കഴിയും.
ഈ രംഗത്ത് ഗൂഗിള്‍ വളരെ വൈകിയാണ് എത്തുന്നത്‌. കഴിഞ്ഞ ജൂണില്‍ പ്രമുഖ കാര്‍നിര്‍മ്മാതാക്കളുമായി ആപ്പിള്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. iOS in The Car എന്നാണ് ഈ അലൈന്‍സിന്റെ പേര്. ഇതുവഴി ഐഒഎസ് ഉപകരണങ്ങള്‍ വഴി കാറില്‍ പാട്ട് വെക്കാം, മാപ്പ് കാണിക്കാം, മെസ്സേജ് എഴുതാം. 2014 ന്റെ ആദ്യ പകുതിയില്‍ iOS in The Car അലൈന്‍സ് വഴിയുള്ള ആദ്യ കാര്‍ പുറത്തിറങ്ങും.
ഹോണ്ട, നിസ്സാന്‍, ബെന്‍സ്, ഫെരാരി, ഷെവി, ഇന്ഫിനിറ്റി, കിയ, ഹ്യുണ്ടായ്, വോള്‍വോ, ജാഗ്വാര്‍ എന്നീ കാര്‍ നിര്‍മ്മാതാക്കളാണ് iOS in The Car അലൈന്‍സില്‍ ഉള്ളത്. ഹോണ്ട ഹ്യുണ്ടായ് എന്നിവര്‍ ഗൂഗിളിന്റെയും, ആപ്പിളിന്റെയും അലൈന്‍സില്‍ ഉണ്ട്.
ഈ വര്‍ഷാവസാനത്തോട് കൂടി ആന്‍ഡ്രോയ്ഡ് ഇന്റെഗ്രേറ്റ് ചെയ്ത ആദ്യ കാര്‍ വിപണിയില്‍ എത്തും. ഏതു കാര്‍ നിര്‍മ്മാതാവിന്റെയാണ് ആദ്യം വരിക എന്ന് വ്യക്തമല്ല.

ആരണ്‍ സ്വാര്‍ട്‌സിനോടുള്ള ആദര സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് അനോണിമസ് ഹാക്കിങ്ങ് ഗ്രൂപ്പ് ഹാക്ക് ചെയ്തു


സോഫ്റ്റ്‌വെയര്‍ വികസനം, എഴുത്തുകാരന്‍, ഇന്റര്‍നെറ്റ് ആക്റ്റിവിസ്റ്റ്‌ എന്നീ നിലകളില്‍ പ്രശസ്തനായ ആരണ്‍ സ്വാര്‍ട്‌സിനോടുള്ള ബഹുമാന സൂചകമായി എംഐടി സര്‍വ്വകലാശാല വെബ്സൈറ്റ് പ്രശസ്ത ഹാക്കിങ്ങ് ഗ്രൂപ്പായ അനോണിമസ് ഹാക്ക് ചെയ്തു.
ഡിജിറ്റല്‍ ലൈബ്രറിയായ ജെസ്‌റ്റോറില്‍ നിന്നും 40 ലക്ഷത്തോളം അക്കാദമിക് പ്രബന്ധങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് പൊതുജനങ്ങള്‍ക്ക് സൗജന്യമായി ആരണ്‍ വിതരണം ചെയ്തിരുന്നു. കേസില്‍ വിചാരണ തുടങ്ങാനിരിക്കെ ഇരുപത്തിയാറാം വയസ്സില്‍ അദ്ദേഹം ആത്മഹ്യ ചെയ്തു. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ അദ്ദേഹത്തിന് ദീര്‍ഘകാലം തടവില്‍ കഴിയേണ്ടി വരുമായിരുന്നു.
Aaron Swartz
അദ്ദേഹത്തിന്റെ ഒന്നാം ചരമവാര്‍ഷികമായിരുന്നു 2014 ജനുവരി 11ന്. ഈ ദിവസം തന്നെ അനോണിമസ് ഹാക്കിങ്ങ് ഗ്രൂപ്പ് മസ്സാചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ വെബ്സൈറ്റിന്റെ സബ്ഡൊമൈന്‍ http://cogen.mit.edu ഹാക്ക് ചെയ്തു.
“THE DAY WE FIGHT BACK” എന്നായിരുന്നു ഹാക്ക് ചെയ്ത വെബ്സൈറ്റില്‍ അവര്‍ നല്‍കിയ തലവാചകം. “Remember The Day We Fight Back, Remember. We Never Forget, We Never Surrender, Expect Us.” എന്ന സന്ദേശവും ഹക്കിങ്ങിനിരയായ വെബ്സൈറ്റില്‍ അവര്‍ നല്‍കിയിരുന്നു.

ഗൂഗിള്‍ കീബോര്‍ഡ്‌ ടൈപ്പിംഗ്‌ അപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാം


Google Keyboard ushered into Play store, available for free
നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലെ അല്ലെങ്കില്‍ ടാബ്ലെറ്റിലെ ഓപ്പറെറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 4.0 അല്ലെങ്കില്‍ അതില് മുകളിലോ ആണെങ്കില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ഗൂഗിള്‍ കീബോര്‍ഡ്‌ ടൈപ്പിംഗ്‌ അപ്ലിക്കേഷന്‍ സൗജന്യമായി ഡൌണ്‍ലോഡ് ചെയ്തു ഉപയോഗിക്കാം. ഓപ്പറെറ്റിംഗ് സിസ്റ്റം വേര്‍ഷന്‍ ആന്‍ഡ്രോയ്ഡ് 4.0 താഴെയാണെങ്കില്‍ ഈ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കില്ല. ഗൂഗിള്‍ കീബോര്‍ഡ്‌ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.
എല്ലാ രാജ്യങ്ങളിലും ഇപ്പോള്‍ ഈ അപ്ലിക്കേഷന്‍ ലഭ്യമല്ല. വരും ദിവസങ്ങളില്‍ എല്ലാ രാജ്യങ്ങളിലും ലഭ്യമാകും എന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ അപ്ലിക്കേഷന്‍ ഇതിന് മുന്‍പ് ഗൂഗിളിന്റെ നെക്സസ് ഫോണില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ അപ്ലിക്കേഷന്‍ മറ്റു കമ്പനികള്‍ ഇറക്കുന്ന ഫോണുകളില്‍ ഉള്ള ഡിഫാള്‍ട്ട് ടൈപ്പിംഗ്‌ അപ്ലിക്കേഷനുകളെക്കാളും വേഗതയേറിയതും, സൗകര്യപ്രദവുമായ ടൈപ്പിംഗ്‌ അനുഭവം നല്‍കുന്നു.
ഗൂഗിള്‍ കീബോര്‍ഡ്‌ ടൈപ്പിംഗ്‌ അപ്ലിക്കേഷന്‍ ഉപയോഗിച്ച് കീബോര്‍ഡിലൂടെ സ്വയ്പ്പ് (swipe) ചെയ്തു വാക്കുകള്‍ ഉണ്ടാക്കാം. കൂടാതെ ഇത് വാക്കുകള്‍ നിര്‍ദേശിക്കുകയും ചെയ്യും. ഈ അപ്ലിക്കേഷന്‍ 26 ഭാഷകള്‍ പിന്‍തുണക്കും. നമ്പര്‍ ഡയല്‍ ചെയ്യാനും മെസ്സേജ് ടൈപ്പ് ചെയ്യാനും ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ വോയിസ്‌ ടൈപ്പിംഗ്‌ ഉപയോഗിച്ച് നമ്മള്‍ പറയുന്നത് ടെക്സ്റ്റ്‌ ആയി മാറ്റാവുന്നതാണ്.

യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ 10 മികച്ച വഴികള്‍


യുട്യൂബില്‍ കണ്ട വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ എന്ന് പലരും ആഗ്രഹിചിട്ടുണ്ടാകും. സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളവര്‍ക്ക് ഇതു വളരെ ആശ്വാസമായിരിക്കും. കാരണം സ്പീഡ് കുറഞ്ഞ ഇന്റര്‍നെറ്റ്‌ വഴി ഇഷ്ടപെട്ട വീഡിയോ വീണ്ടും വീണ്ടും കാണുക എന്നത് വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് വീഡിയോ ഒരു തവണ ഡൌണ്‍ലോഡ് ചെയ്താല്‍ പിന്നെ ഇഷ്ടത്തിനനുസരിച്ച് കാണാം. യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന മികച്ച 15 വഴികള്‍ താഴെ നല്‍കിയിരിക്കുന്നു.
Youtube Logo
വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍.
1) keepvid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ keepvid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
2) savevid.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ savevid.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം. യുട്യൂബ് അല്ലാതെയുള്ള വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റകളിലെ വീഡിയോയും ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം.
3) clipnabber.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ clipnabber.comഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
4) deturl.com ഡൌണ്‍ലോഡ് ചെയ്യേണ്ട യുട്യൂബ് വീഡിയോയുടെ ലിങ്ക് ഈ വെബ്സൈറ്റിലെ deturl.com ഇന്‍പുട്ട് ബോക്സില്‍ കൊടുത്തു ഡൌണ്‍ലോഡ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. യുട്യൂബ് വീഡിയോ വിവധ ഫോര്‍മാറ്റില്‍ ഈ സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാം. ഈ വെബ്സൈറ്റ് വഴി ഡൌണ്‍ലോഡ് ചെയ്യാന്‍ ജാവ റണ്‍ ടൈം എന്‍വയോന്‍മെന്റ് ഇന്‍സ്റ്റോള്‍ ചെയ്യണം.
ബ്രൌസര്‍ പ്ലഗിന്‍ / എക്സ്റ്റെന്‍ഷന്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
5) SaveFrom.Net എന്ന ബ്രൌസര്‍ പ്ലഗിന്‍ വഴി യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോംഫയര്‍ഫോക്സ്ഒപേറസഫാരി എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
6) FastestTube എന്ന ബ്രൌസര്‍ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്നും വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ടാബ് വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ക്രോംഫയര്‍ഫോക്സ്സഫാരി 5+ഓപേറ 11+ എന്നീ ബ്രൌസറുകള്‍ക്ക് ഈ പ്ലഗിന്‍ ലഭ്യമാണ്.
7) Video DownloadHelper ഒരു ഫയര്‍ഫോക്സ് ബ്രൌസര്‍ ആഡ് ഓണ്‍ ആണ്. ഈ പ്ലഗിന്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ് ഉള്‍പ്പെടെയുള്ള വിവിധ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം. ഈ ആഡ് ഓണ്‍ ഇന്‍സ്റ്റോള്‍ ചെയ്താല്‍ നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വീഡിയോയുടെ താഴെ ഡൌണ്‍ലോഡ് ബട്ടണ്‍ വരും. അത് വഴി വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
മൊബൈല്‍ വഴി ഡൌണ്‍ലോഡ് ചെയ്യാന്‍
8) TubeBox ഇത് ഒരു ഐഒഎസ് ആപ്പ് ആണ്. ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്താല്‍ യുട്യൂബ്, ഡെയിലി മോഷന്‍, എന്നീ വീഡിയോ സ്ട്രീമിംഗ് വെബ്സൈറ്റുകളില്‍ നിന്ന് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
9) TubeMate ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.
10) WonTube ഇത് ഒരു ആന്‍ഡ്രോയ്ഡ് അപ്ലിക്കേഷന്‍ ആണ്. ഇത് ഇന്‍സ്റ്റോള്‍ ചെയ്ത് ആന്‍ഡ്രോയ്ഡ് ഫോണില്‍ യുട്യൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാം.

ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനിമുതല്‍ 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും


പ്രമുഖ ഇകൊമേഴ്സ് പോര്‍ട്ടലായ ഇബേ വഴി വാങ്ങുന്ന സാധനങ്ങള്‍ ഇനി വെറും 9 മണിക്കൂറിനുള്ളില്‍ വീട്ടിലെത്തും. ഇന്ത്യയില്‍ മുംബൈയിലാണ് ഇബേ ഈ പദ്ധതി ആരംഭിച്ചത്. എല്ലാ ഉത്പന്നങ്ങളും ഈ സേവന പരിതിയില്‍ വരില്ല, തെരഞ്ഞെടുക്കപ്പെട്ട ടെക്നോളജി ഉത്പന്നങ്ങളാകും ഇതു പ്രകാരം എത്തിക്കുക.
ebay 9 hours delivery
മൊബൈല്‍ഫോണുകള്‍, ലാപ് ടോപ്, ഡിജിറ്റല്‍ ക്യാമറ, ടാബ്ലെറ്റ്സ് തുടങ്ങിയവയുടെ വില്‍പ്പനയാകും പദ്ധതിക്കു കീഴില്‍ വരിക. ഉച്ചയ്ക്കു 12നു മുന്‍പു ബുക്ക് ചെയ്യുന്ന ഉത്പന്നങ്ങള്‍ രാത്രി ഒമ്പതിനു മുന്‍പ് ആവശ്യക്കാരില്‍ എത്തിക്കുന്നതാണു പദ്ധതി. ഇതിന് അ‍ഡീഷണല്‍ ഷിപ്പിങ് ചാര്‍ജോ ഫീസോ ഇല്ലെന്നും കമ്പനി അറിയിച്ചു. മുബൈ നിവാസികള്‍ക്ക് ഈ സേവനം ലഭ്യമാകാന്‍ www.ebay.in/Mumbai വിലാസത്തില്‍ ഒരു വെബ്സൈറ്റും തുടങ്ങിയിട്ടുണ്ട്.
ഒമ്പതു മണിക്കൂര്‍ ഡെലിവറി സംവിധാനം ഉപഭോക്താക്കള്‍ക്ക് മികച്ചതും വളരെ വേഗതയേറിയതുമായ ഒരു ഷോപ്പിങ്ങ് അനുഭവമായിരിക്കും നല്‍കുക. ഇന്ത്യയിലെ മറ്റു നഗരങ്ങളിലും അധികം താമസിയാതെ ആരംഭിക്കുമെന്നും ഇബേ ഇന്ത്യയുടെ ബിസിനസ്‌ തലവന്‍ വിദ്മയി നൈനി പറഞ്ഞു. ഇന്ത്യന്‍ കമ്പനിയായ ഫ്ലിപ്പ്കാര്‍ട്ടും സമാനമായ ഒരു പദ്ധതി തുടങ്ങിയിട്ടുണ്ട്. ഈ സേവനം ബുക്ക് ചെയ്ത് ഒരു ദിവസത്തിനുള്ളിലാണ് ഡെലിവറി വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഇതിന് ഷിപ്പിങ് ചാര്‍ജായി 90 രൂപ അധികം ഫ്ലിപ്പ്കാര്‍ട്ട് ഈടാക്കുന്നുണ്ട്.

വിന്‍ഡോസ് 9 അടുത്തവര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തും


മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് വിന്‍ഡോസ് 9 അടുത്തവര്‍ഷം ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് അഭ്യൂഹങ്ങള്‍. ‘ത്രെഷോള്‍ഡ്’ (Threshold) എന്നാകും ഈ പതിപ്പിന്‍റെ കോഡ് നെയിം എന്നാണ് സൂചനകള്‍. ഈ വര്‍ഷം ഏപ്രിലില്‍ നടക്കുന്ന മൈക്രോസോഫ്റ്റിന്‍റെ ഡെവലപ്പേര്‍സ് കോണ്‍ഫ്രന്‍സിലായിരിക്കും ഇതിനെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം ഉണ്ടാവുക.
windows 9
വിന്‍ഡോസ് 8 2012 ലാണ് ഇറങ്ങിയത്‌. പ്രധാനമായും ടച്ച്‌ സ്ക്രീന്‍ ഉള്ള ഉപകരണങ്ങളെ ലക്ഷ്യം വെച്ചാണ്‌ ഈ ഒഎസ് വന്നത്. വിന്‍ഡോസ്‌ വിസ്റ്റ പോലെ തന്നെ ഏറെ പഴി കേട്ട ഒരു വിന്‍ഡോസ്‌ പതിപ്പാണ്‌ വിന്‍ഡോസ് 8. വിന്‍ഡോസ് 8ന്റെ കുറവുകള്‍ കൂടി പരിഹരിച്ചായിരിക്കും പുതിയ ‘ത്രെഷോള്‍ഡ്’ ഇറങ്ങുകയെന്നാണ് വിന്‍ഡോസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിന്‍ഡോസ് 8 നോട്‌ വിമുഖത കാണിച്ച ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ വിപണിയെ പ്രീതിപ്പെടുത്തുന്നതിന് പോന്ന മാറ്റങ്ങളുമായിട്ടായിരിക്കും വിന്‍ഡോസ് 9ന്റെ വരവ്.

നോക്കിയ ആന്‍ഡ്രോയിഡ് ഫോണിന്റെ പുതിയ ചിത്രങ്ങളുമായി ഇവ് ലീക്സ്


നോക്കിയ ആന്‍ഡ്രോയിഡ് ഫോണ്‍ നോര്‍മാന്‍ഡിയുടെ പുതിയ ചിത്രങ്ങള്‍ ഇവ് ലീക്സ് പുറത്തുവിട്ടിരിക്കുന്നു. ഇത്തവണ ഈവ് ലീക്സ് പുറത്തു വിട്ടിരിക്കുന്ന നോര്‍മാന്‍ഡി ചിത്രങ്ങള്‍ നോക്കിയയുടെ ആന്‍ഡ്രോയിഡ് ഫോണ്‍ എന്ന അഭ്യൂഹത്തിന് കൂടുതല്‍ ശക്തിപകരുന്നു. സ്ക്യ്പ് , വൈബര്‍ എന്നിവ അപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്ന സ്ക്രീന്‍ ഷോട്ടുകള്‍ ആണ് അതില്‍ ഉള്ളത്.
Nokia Android Phone - Normandy
പുതിയ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ഇതൊരു ഡ്യുവല്‍ സിം ഫോണ്‍ ആയിരിക്കും എന്നാണ്. ഫോണിലെ യൂസര്‍ ഇന്റര്‍ഫേസ് സ്റ്റോക്ക്‌ ആന്‍ഡ്രോയിഡ് പോലെയല്ല ഉള്ളത്. പകരം വിന്‍ഡോസ്‌ മൊബൈല്‍ ഒഎസിന്റെയും സിംബിയന്‍ ഒഎസിന്റെയും ഇടകലര്‍ന്ന ഒരു യൂസര്‍ ഇന്റര്‍ഫേസ് ആണ് ചിത്രത്തില്‍ കാണുന്നത്.
നോക്കിയ ഫോണ്‍ ഹാര്‍ഡ്‌വെയര്‍ മികച്ച നിലവാരം പുലര്‍ത്തുന്നതാണ് അതിന്റെ കൂടെ ആന്‍ഡ്രോയിഡ് ഒഎസ് കൂടെ ആവുകയണേല്‍ അത് നോക്കിയ പ്രേമികളുടെ ചിരകാലാഭിലാഷം സാക്ഷാത്കരിച്ച പോലെയാകും. മൈക്രോസോഫ്റ്റ് നോക്കിയയെ ഏറ്റെടുത്തെങ്കിലും നോര്‍മാന്‍ഡി പ്രൊജക്റ്റ്‌ ഉപേക്ഷിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. വിപണിയെ പ്രകമ്പനം കൊള്ളിക്കാന്‍ സാധിക്കുന്ന ഒരു ഫോണ്‍ ആയിരിക്കും നോര്‍മാന്‍ഡി.

വിവരാവകാശ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സമര്‍പിക്കാവുന്ന വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നു


കടലാസിലെഴുതിയ വിവരാവകാശ അപേക്ഷകളുമായി ഒഫീസുകള്‍ കയറിറങ്ങാതെ ജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പിക്കാവുന്ന ഒരു വെബ്സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ തുടങ്ങിയിരിക്കുന്നു. വ്യക്തികള്‍ക്ക് ആര്‍.ടി.ഐ (RTI – Right To Information) നിയമം വേഗത്തിലും ഫലപ്രദമായും ഉപയോഗിക്കാന്‍ ഇതുവഴി സാദിക്കും. www.rtionline.gov.inഎന്നതാണ് വെബ്സൈറ്റ് വിലാസം.
RTI website
പൊതുജനകാര്യ സഹമന്ത്രി വി. നാരായണ സ്വാമിയാണ് ഈ വെബ്സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. എല്ലാ കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്ക് കീഴിലുമാണ് പ്രഥമഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യം നടപ്പാക്കുന്നത്. 82 കേന്ദ്രസര്‍ക്കാര്‍ ഒഫീസുകളിലാണ് ഈ വെബ്സൈറ്റ് സൗകര്യം നിലവില്‍ വരുകയെന്നും മറ്റു സര്‍ക്കാര്‍ ഒഫീസുകളില്‍ ഉടന്‍ തന്നെ ഏര്‍പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഈ സൗകര്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എല്ലാ സംസ്ഥാനങ്ങള്‍ക്കും കത്തയക്കുമെന്നും അദ്ദേഹം അറിയിച്ചു.
അപേക്ഷ ഫയല്‍ ചെയ്യാന്‍ വെബ്സൈറ്റില്‍ നിഷ്കര്‍ഷിച്ച കോളത്തില്‍ അപേക്ഷ അപ്ലോഡ്ചെയ്യാം. 3000 വാക്കുകള്‍ ആയി അപേക്ഷയുടെ ദൈര്‍ഘ്യം നിജപ്പെടുത്തിയിരിക്കുന്നു. 3000ത്തില്‍ കൂടുതല്‍ വാക്കുകള്‍ ഉണ്ടെങ്കില്‍ അത്തരം അപേക്ഷ അറ്റാച്ച് ചെയ്യാനുള്ള സൗകര്യമുണ്ട്. അപേക്ഷ അപ്ലോഡ് ആവുന്നതിനനുസരിച്ച് അപേക്ഷകന്റെ മൊബൈലില്‍ അലര്‍ട്ട് ലഭിച്ചുകൊണ്ടിരിക്കും. മറുപടിയും ഓണ്‍ലൈന്‍ വഴി ലഭ്യമാവും. ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നവര്‍ ഇന്‍റര്‍നെറ്റ് ബാങ്കിംങ് സംവിധാനത്തിലൂടെ എസ്.ബി.ഐ വഴിയോ അനുബന്ധ ബാങ്കുകള്‍ വഴിയോ ആണ് ഈ ഫീസ് അടക്കേണ്ടത്.