Thursday, 16 January 2014

പരസ്യങ്ങളില്‍ ഉപയോക്താവിന്റെ ചിത്രം: ഗൂഗിളിനെതിരെ പ്രതിഷേധം ശക്തം


 

പരസ്യങ്ങള്‍ക്ക് കൂടുതല്‍ സോഷ്യല്‍ സ്വഭാവം നല്‍കാനുദ്ദേശിച്ച് ഗൂഗിള്‍ അവതരിപ്പിച്ച പോളിസി പരിഷ്‌ക്കരണത്തിന്റെ പേരില്‍ പ്രതിഷേധം ശക്തമാകുന്നു. പരസ്യങ്ങളില്‍ നിങ്ങളുടെ പേരും ചിത്രവും കമന്റും, നിങ്ങളുടെ അനുവാദം കൂടാതെ ഉപയോഗിക്കാന്‍ ഗൂഗിളിന് അനുവാദം നല്‍കുന്നതാണ് പുതിയ നയപരിഷ്‌ക്കരണം.

ഫെയ്‌സ്ബുക്കിന്റെ 'സോഷ്യല്‍ ആഡ്‌സി' ( Social Ads ) ന്റെ പാത പിന്തുടര്‍ന്നാണ് ഗൂഗിളും ഈ പരിഷ്‌ക്കരണം വരുത്തുന്നത്. 'ഷെയേര്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്‌സ്' പോളിസി ( 'shared endorsements' policy ) എന്ന പേരില്‍ നവംബര്‍ 11 മുതലാണ് പുതിയ നയപരിഷ്‌ക്കരണം പ്രാബല്യത്തില്‍ വരിക.

സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ഗൂഗിള്‍ പ്ലസിലെ കമന്റുകള്‍ , 'follows' ഒക്കെ ഉപയോക്താവിന്റെ അനുമതി കൂടാതെ ഫോട്ടോയ്‌ക്കൊപ്പം പരസ്യങ്ങളില്‍ കാട്ടാന്‍ ഗൂഗിളിന് കഴിയും. പരസ്യങ്ങള്‍ക്ക് കൂടുതല്‍ 'സോഷ്യല്‍ മൂല്യം' കൈവരുത്തുകയാണ് ലക്ഷ്യം.


എങ്ങനെയാണ് 'ഷെയേര്‍ഡ് എന്‍ഡോഴ്‌സ്‌മെന്റ്' സംവിധാനം പ്രവര്‍ത്തിക്കുന്നതെന്ന് ഗൂഗിള്‍ വിശദീകരിച്ചിട്ടുണ്ട്. ഒരു ഷോപ്പിന്റെ സ്ട്രീറ്റ് വ്യൂ ദൃശ്യത്തിനും, സെര്‍ച്ച് ഫലങ്ങള്‍ക്കുമൊപ്പം ആളുകളുടെ ചിത്രവും കമന്റും പ്രത്യക്ഷപ്പെടുന്നത് ആ പേജില്‍ ഗൂഗിള്‍ നല്‍കിയിട്ടുണ്ട്.

ഇതിന്റെ ഒരു പ്രശ്‌നം ചിലര്‍ പ്രൊഫൈല്‍ ചിത്രമായി സ്വന്തം ചിത്രത്തിന് പകരം പല മഹാന്‍മാരുടെയും പ്രധാന വ്യക്തികളുടെയും ചിത്രം നല്‍കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആ ചിത്രമായിരിക്കും പരസ്യത്തില്‍ പ്രത്യക്ഷപ്പെടുക, അല്ലാതെ യഥാര്‍ഥ യൂസറിന്റെ ചിത്രമാകില്ല.

ഒട്ടേറെപ്പേര്‍ ഗൂഗിളിന്റെ പുതിയ നീക്കത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി കഴിഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി പലരും ഗൂഗിള്‍ പ്ലസ്സ് അക്കൗണ്ടിലെ സ്വന്തം പ്രൊഫൈല്‍ ചിത്രങ്ങളും മാറ്റി.

എന്നാല്‍ , പുതിയ സംവിധാനത്തിന്റെ ഭാഗമാകണോ വേണ്ടയോ എന്ന് ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാമെന്നും, വേണ്ടെങ്കില്‍ അത് ഒഴിവാക്കാമെന്നും ഗൂഗിള്‍ പറയുന്നു. എങ്ങനെ ആ സംവിധാനത്തില്‍ നിന്ന് ഒഴിവാകാമെന്ന് ഈ പേജില്‍ ഗൂഗിള്‍ വിശദീകരിച്ചിട്ടുള്ളത് കാണുകhttp://plus.google.com/settings/endorsements 

'sponsored stories'
 എന്ന പേരില്‍ ഏതാണ്ട് സമാനമായ ഒരു സംവിധാനം 2011 ല്‍ ഫെയ്‌സ്ബുക്ക് നടപ്പില്‍ വരുത്തിയപ്പോഴും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനെതിരെ നിയമനടപടികളുമുണ്ടായി. അനുവാദമില്ലാതെ യൂസര്‍മാരുടെ ചിത്രം ഉപയോഗിച്ചതിന് ഫെയ്‌സ്ബുക്കിന് 200 ലക്ഷം ഡോളര്‍ നഷ്ടപരിഹാരവും നല്‍കേണ്ടിവന്നു.

ചൈനയുടെ ഡിജിറ്റല്‍ സൈനികാഭ്യാസം അടുത്താഴ്ച


    

ബെയ്ജിങ് : ചൈനയുടെ ' ഡിജിറ്റല്‍ ടെക്‌നോളജി ' സൈനികാഭ്യാസം അടുത്താഴ്ച നടക്കും. ചൈനീസ് ഹാക്കര്‍മാരുടെ ആക്രമണത്തെക്കുറിച്ച് ലോകരാജ്യങ്ങള്‍ ആശങ്കപ്പെടുന്ന സമയത്താണ് ചൈനയുടെ ആദ്യ ഡിജിറ്റല്‍ സൈനികാഭ്യാസം നടത്തുന്നത്.

ഉത്തരചൈനയിലെ മംഗോളിയ മേഖലയിലാണ് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സൈനികവിഭാഗത്തിന്റെ അഭ്യാസം നടക്കുകയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയുടെ വാര്‍ത്താ കുറിപ്പ് പറയുന്നു. ഇലക്ട്രോണിക് കൗണ്ടര്‍ ഫോഴ്‌സ്, ആര്‍മി, ദൗത്യസേനകള്‍ തുടങ്ങിയ വിഭാഗങ്ങളാണ് പങ്കെടുക്കുന്നത്.

സൈബര്‍ സുരക്ഷയെക്കുറിച്ച് ചൈനീസ് പ്രസിഡന്റ് സൈ ചിന്‍പിങ്ങുമായി യു.എസ് പ്രസിഡന്റ് അടുത്താഴ്ച ചര്‍ച്ചനടത്താനിരിക്കെയാണ് ഈ അഭ്യാസപ്രകടനം. യു.എസ് സൈന്യത്തിന്റെ ഡിജിറ്റല്‍ നെറ്റ് വര്‍ക്കുകളില്‍ ചൈനീസ് ഹാക്കര്‍മാര്‍ കടന്നുകയറിയതായ ആരോപണത്തെതുടര്‍ന്നാണ് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ചൈനീസ് സര്‍ക്കാര്‍ കടന്നുകയറ്റം നിഷേധിച്ചിട്ടുണ്ട്.

തലയിലണിയാനും ടിവി !



സീരിയലുകളും വാര്‍ത്തകളും തമ്മിലുള്ള 'ആശയസംഘട്ടന'മൊഴിവാക്കാനാവാം കാശുള്ള വീടുകളിലെല്ലാം ഇപ്പോള്‍ ഒന്നിലേറെ ടി.വി.യുണ്ട്. അതിലൊന്ന് വയര്‍ലെസ് ആയാലോ? കണ്ണടപോലെ മുഖത്തണിഞ്ഞ് ഇയര്‍ഫോണിലൂടെ കിടിലന്‍ ശബ്ദവും കേള്‍ക്കാവുന്ന തരത്തിലൊരു വയര്‍ലെസ് ഡിവൈസ്? സംഗതി കൊളളാമെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ക്കുള്ളതാണ് സോണിയുടെ പുതിയ ഗാഡ്ജറ്റ് എച്ച്.എം.എസ് - ടി3ക്യു (Sony HMZ-T3Q).

'ധരിക്കാവുന്ന എച്ച്.ഡി.ടി.വി' എന്ന് സോണി വിശേഷിപ്പിക്കുന്ന ഈ ഉപകരണം ഒരു വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റാണ്. കണ്ണടപോലെ മുഖത്തണിയാമിത്. കണ്ണടയുള്ളവര്‍ക്ക് അതിന്റെ മുകളില്‍ ഇത് ധരിക്കാനാകും. നെറ്റി വേദനിക്കാതിരിക്കാന്‍ ഒരു സോഫ്റ്റ്പാഡും ഊരിവീഴാതിരിക്കാന്‍ തലയ്ക്കും ചുറ്റും സ്ട്രാപുകളും ഇതിനൊപ്പമുണ്ട്.

ഇരുകണ്ണുകള്‍ക്കുമായി 0.7 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ഇതിലുളളത്. കുത്തനെയുള്ള സ്‌ക്രീനുകളില്‍ നിന്ന് 720 പി റിസൊല്യൂഷനുള്ള ഹൈഡെഫനിഷന്‍ ഇമേജുകള്‍ പ്രദര്‍ശിപ്പിക്കപ്പെടും. സ്‌ക്രീനിന് താഴെയുള്ള ചെറിയ നോബുകള്‍ ഉപയോഗിച്ച് ഫോക്കസ് ക്രമീകരിക്കാം. 750 ഇഞ്ച് (19 മീറ്റര്‍) വിസ്താരമുളള സ്‌ക്രീന്‍ 65 അടി (20 മീറ്റര്‍) ദൂരത്തില്‍ നിന്ന് കാണുന്ന അതേ ഇഫക്ട് ആണ് ഈ ഗാഡ്ജറ്റ് സമ്മാനിക്കുകയെന്ന് സോണി പറയുന്നു. 320 ഗ്രാം ആണ് ഭാരം.

തലയുടെ ചലനങ്ങള്‍ കൃത്യമായി മനസിലാക്കുന്ന സെന്‍സറുകളോടു കൂടിയതാണ് ഗാഡ്ജറ്റിലെ സ്ട്രാപ്പുകള്‍. തല അനക്കുന്നതനുസരിച്ച് സ്‌ക്രീനിന്റെ ഫോക്കസിനും മാറ്റം വരും. ഇടത്തേക്ക് തലവെട്ടിച്ചാല്‍ ഇടതുവശത്തുള്ള സ്‌ക്രീനിലെ ദൃശ്യങ്ങള്‍ കൂടുതല്‍ ക്ലോസപ്പ് ആകും. വലതുവശത്തേക്ക് തലവെട്ടിച്ചാല്‍ വലത്തേ സ്‌ക്രീനിലും ഇതു തന്നെ സംഭവിക്കും.

സ്‌ക്രീനിലെ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം ആസ്വദിക്കാന്‍ 7.1 സറൗണ്ട് സംവിധാനമുള്ള ഹെഡ്‌സെറ്റും ഇതിനൊപ്പമുണ്ട്. നമ്മുടെ കൈയിലുള്ള സ്മാര്‍ട്‌ഫോണോ ഗാഡ്ജറ്റോ ഇതിലേക്ക് കണക്ട് ചെയ്യാനുമാവും. ഫോണിലുളള സിനിമകളും വീഡിയോയും ഇതില്‍ സുഖമായി കാണാമെന്നര്‍ഥം.

മറ്റാരെങ്കിലും എടുത്ത് പെരുമാറാതിരിക്കാന്‍ പാസ്‌വേഡും സംവിധാനവും കുട്ടികളെ നിയന്ത്രിക്കാന്‍ ചൈല്‍ഡ് ലോക്കും ഇതിലുണ്ട്. ടി.വി. പരിപാടികള്‍ ആസ്വദിക്കാന്‍ ഒന്നര മീറ്റര്‍ വലിപ്പമുള്ള ഒരു എച്ച്.ഡി.എം.ഐ. കേബിളും സോണി ഇതിനൊപ്പം നല്‍കുന്നു.

നടന്നുകൊണ്ട് സിനിമ കണ്ട് എവിടെയെങ്കിലും തട്ടിത്തടഞ്ഞ് വീണാല്‍ സോണി കമ്പനിക്ക് ഉത്തരവാദിത്തമുണ്ടാകില്ലെന്ന് മാത്രം.

ചാര്‍ജ് ചെയ്യാവുന്ന തരത്തിലുള്ള ബില്‍ട്ട് ഇന്‍ ലിത്തിയം ബാറ്ററിയാണ് ഈ ഗാഡ്ജറ്റിന് വേണ്ട ഊര്‍ജ്ജം പകരുന്നത്.

ലാസ് വെഗാസില്‍ കഴിഞ്ഞയാഴ്ച രാജ്യാന്തര കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ ( CES 2014 ) യുടെ വേദിയിലാണ് സോണി എച്ച്.എം.എസ്. ടി3ക്യു അവതരിപ്പിച്ചത്. ആയിരം ഡോളറാണ് ഇതിന്റെ വിലയെന്ന് കമ്പനി പറയുന്നു. (വിവരങ്ങള്‍ക്ക് കടപ്പാട് : വാര്‍ത്താഏജന്‍സികള്‍ ; ചിത്രം : AP
)

സാങ്കേതിക വിപ്ലവം റാസ്ബറി പൈ വഴി




'വെള്ളം, വെള്ളം സര്‍വത്ര! തുള്ളി കുടിക്കാന്‍ ഇല്ലത്രെ!!' എന്ന പഴമൊഴിയെ അനുസ്മരിപ്പിക്കും വിധമാണ് ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസ മേഖല ഇപ്പോള്‍ . സ്മാര്‍ട്ട് ഫോണുകളും അത്യാധുനിക കമ്പ്യൂട്ടറുകളും ഇന്നത്തെ വിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്. പണ്ട് ഗ്രാഡ്വേറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രം ലഭ്യമായിരുന്ന സൗകര്യങ്ങള്‍ ഇന്ന് പ്രീസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുപോലും ലഭ്യമാണ്.

കമ്പ്യൂട്ടര്‍മേഖലയും കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ( Consumer Eletcronics ) മേഖലയും ചേര്‍ന്ന് മനോഹരവും എളുപ്പത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നതുമായ ഒട്ടേറെ ഗാഡ്ജറ്റുകള്‍ നമുക്ക് സമ്മാനിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളുമൊക്കെ ലക്ഷ്വറി ഉപകരണങ്ങള്‍ എന്നതില്‍നിന്ന് നിത്യജീവിതത്തിലെ ഓരോ നിമിഷത്തെയും സ്വാധീനിക്കുന്നവയായി മാറിയിരിക്കുന്നു. സമീപഭാവിയില്‍ പാഠപുസ്തകങ്ങളും ഹോംവര്‍ക്കുകളും പരീക്ഷകളുമെല്ലാം കമ്പ്യൂട്ടര്‍ അധിഷ്ഠിതമാകും എന്ന യാഥാര്‍ത്ഥ്യം മുന്നില്‍കണ്ട്, പല വിദേശ രാജ്യങ്ങളിലും കുട്ടികളെ അക്ഷരം എഴുതി പഠിപ്പിക്കുന്നതിന് പകരം കമ്പ്യൂട്ടര്‍ ടൈപ്പിങിന് പ്രാധാന്യം കൊടുത്തു തുടങ്ങിയിരിക്കുന്നു.

സാധാരണ ജനങ്ങളുടെ ജീവിതത്തിലേക്ക് സാങ്കേതികവിദ്യകള്‍ ഇഴുകിച്ചേരുന്നത് നല്ലകാര്യം തന്നെ. എന്നാല്‍ അടുത്ത തലമുറയുടെ ദിശാബോധം രൂപപ്പെടുത്തുന്നതില്‍ ഈ മുന്നേറ്റം തെറ്റായ ചില സ്വാധീനങ്ങള്‍ ചെലുത്തുന്നതായി ഒട്ടേറെ വിദ്യാഭ്യാസവിചക്ഷണര്‍ വിലയിരുത്തുന്നു. ശാസ്ത്രാഭിരുചിയും ഗണിതപ്രശ്‌നപരിഹാര (problem solving) ശേഷിയും പുതിയ തലമുറയില്‍ അപകടകരമാം വിധം കുറഞ്ഞുവരുന്നുവെന്നാണ് പഠനങ്ങള്‍ നല്‍കുന്ന സൂചന.

കമ്പ്യൂട്ടര്‍ അവബോധത്തിന്റെ കാര്യത്തില്‍ മറ്റേത് തലമുറയെക്കാളും മുന്നില്‍ നില്‍ക്കുന ഇക്കാലത്ത് വിലകൂടിയ, കാര്യക്ഷമതയേറിയ ഉപകരണങ്ങള്‍ കുട്ടികളുടെ ജിജ്ഞാസ തല്ലിക്കെടുത്തുന്നു. എന്തും വിരല്‍തുമ്പില്‍ സാധ്യമാകുന്നു എന്നത് കുട്ടികളുടെ സ്വതന്ത്രചിന്തയെ പ്രതികൂലമായി ബാധിക്കും. വിലപിടിപ്പുള്ള കമ്പ്യൂട്ടറുകള്‍ സ്വന്തമായി ഉണ്ടെങ്കിലും അവയില്‍ പരീക്ഷണങ്ങള്‍ നടത്തുവാനോ അവയെ അടുത്തറിയാനോ സാദ്ധ്യമല്ലാത്തതിനാല്‍ , വെറും ഗെയിമുകളിലും വീഡിയോ കാണലിലും ഒതുങ്ങിപ്പോകുന്നു കുട്ടികളുടെ മനോവ്യാപാരം.

ചുരുക്കത്തില്‍ കമ്പ്യൂട്ടറുകള്‍ ലഭ്യമല്ലാതിരുന്ന പഴയ തലമുറയെക്കാള്‍ ശുഷ്‌ക്കമായ അവസ്ഥയില്ലാണ് ഇന്നത്തെ വിദ്യാര്‍ഥിസമൂഹത്തിന്റെ ചിന്താമണ്ഡലം എന്ന് ഖേദപൂര്‍വ്വം പറയേണ്ടി വരുന്നു. ഇങ്ങനെ തുടര്‍ന്നാല്‍ ആശയവൈവിധ്യമോ കാര്യപ്രാപ്തിയോ ഇല്ലാത്ത, എന്തിന് ഓര്‍മ്മശക്തി പോലും നേരാംവണ്ണമില്ലാത്ത ഒരു സമൂഹം ആയിരിക്കും ഉരുത്തിരിയുന്നത് എന്ന മുന്നറിയിപ്പാണ് പല വിദഗ്ധരും നല്‍കുന്നത്.

ലോകമെമ്പാടും പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന ഈ മഹാവ്യാധിക്ക് പരിഹാരം കാണാനും, കുട്ടികളില്‍ കമ്പ്യൂട്ടര്‍ അഭിരുചി വര്‍ധിപ്പിക്കുവാനും വേണ്ടി ബ്രിട്ടനിലെ കേംബ്രിഡ്ജില്‍ എബെന്‍ അപ്പ്‌ടൌണി ( Eben Upton ) ന്റെ നേതൃത്വത്തിലുള്ള സംഘം രൂപകല്‍പ്പന ചെയ്ത ചെറിയ കമ്പ്യൂട്ടറാണ് റാസ്‌ബെറി പൈ (Raspberry Pi).

അടുത്തകാലം വരെ റാസ്‌ബെറി പഴങ്ങള്‍ കൊണ്ടുണ്ടാക്കുന്ന ഒരു മധുരപലഹാരമായിരുന്നു റാസ്‌ബെറി പൈ. എന്നാലിന്ന് ഒരു സാങ്കേതിക നവോത്ഥാനത്തിന് ചുക്കാന്‍ പിടിക്കുന്ന കമ്പ്യുട്ടര്‍ ആണിത്. മധുരപലഹാരം കഴിക്കുന്ന താത്പര്യത്തോടെയും ആവേശത്തോടെയുമാകണം കുട്ടികള്‍ ഇതിനെ സമീപിക്കേണ്ടത് എന്ന ഉദ്ദേശത്തോടെയാണത്രേ ഈ പേര് നല്‍കിയത്.

കേവലം 45 ഗ്രാം മാത്രം ഭാരമുള്ള, പേഴ്‌സിലൊതുങ്ങുന്ന ഒരു ക്രെഡിറ്റ്കാര്‍ഡിന്റെ വലുപ്പമുള്ള ഒരു സിങിള്‍ ബോര്‍ഡ് കമ്പ്യൂട്ടര്‍ ആണിത്. 700 മെഗാഹെര്‍ട്‌സില്‍ (700 MHz ) പ്രവര്‍ത്തിക്കുന്ന ആം (ARM architecture) വിഭാഗത്തില്‍പെട്ട മൈക്രോപ്രോസസ്സര്‍ ആണ് ഇതിനു ജീവന്‍ നല്‍കുന്നത്. ഹൈഡെഫനിഷന്‍ വീഡിയോകള്‍ പ്രോസസ് ചെയ്യാന്‍ കെല്‍പ്പുള്ള ഗ്രാഫിക് പ്രോസിസ്സിങ് യുണിറ്റും പൈക്ക് സ്വന്തമായുണ്ട്.

ക്യാമറകളിലും മറ്റും നാം ഉപയോഗിക്കുന്ന എസ് ഡി കാര്‍ഡ് ആണ് പൈയുടെ ഹാര്‍ഡ്ഡിസ്‌ക്. ലിനക്‌സ്/യുണിക്‌സ് സിസ്റ്റങ്ങളുടെ ചുവടുപിടിച്ച്, ഈ കാര്‍ഡില്‍ ഒതുങ്ങുന്ന ഒരു കുഞ്ഞന്‍ ഓപ്പറെറ്റിംഗ് സിസ്റ്റവും പൈയില്‍ ഉണ്ട്.

വലിയ കമ്പ്യൂട്ടറുകളെപോലെ സങ്കീര്‍ണമായ പവര്‍യൂണിറ്റുകളൊന്നും പൈയ്ക്ക് ആവശ്യമില്ല. സ്മാര്‍ട്ട്‌ഫോണുകളുടെ വരവോടെ സര്‍വസാധാരണമായ മൈക്രോ യു എസ്ബി കേബിള്‍ വഴിയാണ് ഇതിനു പവര്‍ നല്‍കുന്നത്. കീബോര്‍ഡും മൗസും ഘടിപ്പിക്കാനാവശ്യമായ യു എസ് ബി പോര്‍ട്ടുകളും, നെറ്റ്‌വര്‍ക്ക് കണക്ടിവിറ്റിക്കായി ഈതര്‍നെറ്റ് പോര്‍ട്ടും ഇതിന്റെ ചെറിയ ബോര്‍ഡില്‍ തന്നെ സന്നിവേശിപ്പിച്ചിട്ടുണ്ട്. എച്ച്ഡിഎംഐ ഉള്‍പെടെ അവശ്യം വേണ്ട ഓഡിയോ വീഡിയോ പോര്‍ട്ടുകള്‍ ഇതില്‍ ഉണ്ട്.

ഒരു കമ്പ്യുട്ടര്‍ മോണിറ്ററുമായോ ടിവിയുമായോ ഘടിപ്പിച്ച് പവര്‍ ഓണ്‍ ചെയ്തുകഴിഞ്ഞാല്‍ പത്തുമിനിറ്റിനുള്ളില്‍ കമ്പ്യൂട്ടര്‍ റെഡി.

ഉപഭോക്താവിന് സാമ്പത്തിക ബാധ്യത പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്‍പ്പന ചെയ്തിരിക്കുന്നതിനാല്‍ സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്ന പോര്‍ട്ടുകളും മറ്റു ഇന്‍പുട്ട് ഔട്ട്പുട്ട് സങ്കേതങ്ങളുമാണ് ഇതില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ചെലവ് കുറയ്ക്കുമെന്ന് മാത്രമല്ല, ലളിതമായ രീതിയിലുള്ള നിര്‍ദേശങ്ങള്‍ പ്രകാരം കുട്ടികള്‍ക്ക് തന്നെ ഇത് പ്രവര്‍ത്തിപ്പിക്കാനും കമ്പ്യൂട്ടറിന്റെ സവിശേഷതകള്‍ മനസിലാക്കാനും സാധിക്കും.


വികസ്വര രാജ്യങ്ങളിലെ പാവപ്പെട്ട കുട്ടികള്‍ക്ക് സാങ്കേതികപരിജ്ഞാനം നല്‍കാന്‍ പൈ ഉള്‍പ്പെടുന്ന ഒട്ടേറെ പദ്ധതികള്‍ വിവധ സന്നദ്ധസംഘടനകള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഘാന പോലുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഇത്തരം 'പൈ ലാബുകള്‍' സജീവമായി പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു. സാങ്കേതിക മുന്നേറ്റങ്ങളില്‍ , സാധാരണഗതിയില്‍ പിന്തള്ളപ്പെട്ടു പോകാറുള്ള ഇത്തരം നാടുകളിലെ കുട്ടികളെക്കൂടി മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമം പ്രശംസനീയമാണ്. പൈയുടെ കുറഞ്ഞ ചിലവും, പ്രവര്‍ത്തിപ്പിക്കാന്‍ വളരെ ചെറിയ സാങ്കേതിക പരിജ്ഞാനം മതിയെന്നതും ഇതിന്റെ വിജയത്തിലെ അനിവാര്യഘടകങ്ങളാണ്.

കുട്ടികള്‍ക്കായുള്ള വെബ്ബ് ബ്രൗസര്‍ , മറ്റ് വിദ്യാഭ്യാസ അധിഷ്ഠത സോഫ്റ്റ്‌വേറുകള്‍ , ഗെയിമുകള്‍ എന്നിവ യഥേഷ്ടം ഡൗണ്‍ലോഡുചെയ്ത് ഉപയോഗിക്കാവുന്നതരത്തില്‍ പൈ സ്റ്റോറുകളില്‍ ലഭ്യമാണ്.

എട്ടുവയസു മുതല്‍ കുട്ടികള്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങില്‍ തുടക്കം കുറിക്കണം എന്നാണ് എംഐടി ശാസ്ത്രജ്ഞര്‍ നിര്‍ദേശിക്കുന്നത്. അതുപ്രകാരം, കമ്പ്യൂട്ടര്‍ പ്രോഗ്രാമിങിന്റെ ബാലപാഠങ്ങള്‍ രസകരമായി കുട്ടികളില്‍ എത്തിക്കുവാന്‍ ഉതകുന്ന സ്‌ക്രാച്ച് (Scratch) സോഫ്റ്റ്‌വേര്‍ സൗജന്യമായി പൈ കമ്പ്യൂട്ടറില്‍ ഉപയോഗിക്കാം .

ഇന്റര്‍നെറ്റിന്റെയും വെബ്ബ്‌സൈറ്റുകളുടെയും അടിസ്ഥാനത്ത്വങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കിക്കൊടുക്കാന്‍ വേണ്ടി ഗൂഗിള്‍ 'കോഡര്‍' (Coder ) എന്ന ചെറുസോഫ്റ്റ്‌വേര്‍ ടൂള്‍കിറ്റ് റാസ്‌ബെറി പൈക്കുവേണ്ടി ഒരുക്കിയിട്ടുണ്ട്.

സയന്‍സ് പഠിതാക്കള്‍ക്ക് അവശ്യം വേണ്ടുന്ന മാത്തമാറ്റിക്ക സോഫ്റ്റ്‌വേര്‍ റാസ്‌ബെറി പൈ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുമെന്ന വാര്‍ത്ത ഈ രംഗത്തുള്ളവര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇവയ്ക്ക് പുറമേ കുട്ടികള്‍കള്‍ക്കാവശ്യമുള്ള ഒട്ടേറെ കൂട്ടായ്മകളും രംഗത്തുണ്ട്. കുട്ടികള്‍ക്ക് തനിയെയോ, മുതിര്‍ന്നവരുടെ ചെറിയ സഹായത്തോടെയോ ചെയ്യാന്‍ കഴിയുന്ന ഹോബി പ്രോജക്റ്റുകള്‍ പരിചയപ്പെടുത്തുന്ന പൈ മാഗസിനും ശ്രദ്ധ നേടിയിട്ടുണ്ട്.

കേവലം കുട്ടികള്‍ക്കായി തുടങ്ങിയ ഈ സംരംഭത്തിന് ലോകത്താകമാനമുള്ള മുതിര്‍ന്ന ടെക്‌നോളജി പ്രേമികളില്‍ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നത്. പൊതുവിപണിയില്‍ ലഭ്യമായി എതാണ്ട് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ഒരു മില്യന്‍ യൂണിറ്റുകള്‍ വിറ്റഴിഞ്ഞു എന്നതും, വര്‍ധിച്ചുവരുന്ന ആവശ്യക്കാരെ തൃപ്തിപെടുത്താന്‍ ഉല്‍പാദകര്‍ക്ക് സാധിക്കുന്നില്ല എന്നതും പൈയുടെ ജനപ്രീയത സൂചിപ്പിക്കുന്നു.

A, B എന്നീ രണ്ടു മോഡലുകളില്‍ ലഭ്യമായ പൈ ഉപയോഗിച്ച് ചെയ്യാന്‍ കഴിയുന്ന ഒട്ടേറെ ഹോബി പ്രൊജക്റ്റുകള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. പൈയില്‍ ലഭ്യമായ ഗ്രാഫിക് പ്രോസസിങ് യുണിറ്റുകളുടെയും ഇന്‍പുട്ട് ഔട്ട്പുട്ട് പോര്‍ട്ടുകളുടെയും സഹായത്താല്‍ ചെറിയ ഹോബിപ്രൊജക്റ്റുകള്‍ മുതല്‍ വലിയ സാങ്കേതികസംവിധാനങ്ങള്‍ വരെ നിര്‍മിക്കാന്‍ കഴിയും. പൈയുടെ സഹായത്തല്‍ പ്രവത്തിക്കുന്ന റോബോട്ട് ഈയിടെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. വില കൂടിയ ഹോം എന്റര്‍ടൈന്‍മെന്റ് സംവിധാനങ്ങളെ വെല്ലുന ചില മീഡിയസെന്റര്‍ പ്രോഗ്രാമുകള്‍ ജനശ്രദ്ധ നേടിയിട്ടുണ്ട്.

താത്പര്യമുള്ള സാങ്കേതിക പ്രവത്തകരുടെ കൂട്ടായ്മ പൈ സംരംഭങ്ങള്‍ക്ക് വലിയ മുതല്‍ക്കൂട്ടാണ്. വിവിധ ഉപയോഗങ്ങള്‍ക്കുള്ള സോഫ്റ്റ്‌വേറുകളും ഹാര്‍ഡ്‌വേര്‍ മോഡ്യൂളുകളും സൗജന്യമായും ചുരിങ്ങിയ വിലക്കും ലഭ്യമാകുന്നു.

വീട്ടിലെ മുതിര്‍ന്നവര്‍ വിലകൂടിയ കാറോ മറ്റ് വാഹനങ്ങളോ ഉപയോഗിക്കുമ്പോള്‍ കുട്ടികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കുന്നതിനോടാണ് പൈയെ എബെന്‍ ഉപമിക്കുന്നത്. 'തന്റെ സ്വന്തം' എന്ന ബോധം, പുതിയ പരീക്ഷണങ്ങള്‍ക്ക് കുട്ടികളെ പ്രേരിപ്പിക്കുന്നു. അതുവഴി പ്രവചനങ്ങള്‍ക്കതീതമായ ഫലമാണ് സമൂഹത്തിന് ലഭിക്കുന്നത് .

ഇത്തരം സംരംഭങ്ങളുടെ അനന്തസാധ്യത മുന്നില്‍കണ്ട് ബ്രിട്ടണ്‍ , ക്യാനഡ തുടങ്ങിയ വികസിത രാജ്യങ്ങള്‍ ഇതിനെ വിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാക്കിക്കഴിഞ്ഞു. അത്രയുമൊന്നും കടന്നുചെല്ലാന്‍ നമുക്കാവില്ല. എങ്കിലും നമ്മുടെ കുട്ടികളെ ഈ മാറ്റങ്ങള്‍ അറിയിക്കാനുള്ള പരിശ്രമമെങ്കിലും നാം നടത്തണം. കേരളത്തിലെ എന്‍ജിനിയറിങ് കോളേജുകളിലെയും മറ്റും വാര്‍ഷിക പ്രൊജക്റ്റുകളില്‍ ഇത്തരം നൂതനമാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കാനും പ്രോത്സാഹിപ്പിക്കാനും അധ്യാപകര്‍ തയ്യാറാകണം.

ശാസ്ത്രക്ലബ്ബുകളും പിടിഎ സംഘടനകളും മറ്റ് സന്നദ്ധ സംഘടനകളും കേരളത്തിലെ സ്‌കൂളുകളില്‍ പൈ ലാബുകള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിന് നേതൃത്വം നല്കണം. കേരളത്തിലെ മിക്ക സ്‌കൂളുകളിലും ഇന്ന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. അതുകൊണ്ട് കേവലം വിലകുറഞ്ഞ കമ്പ്യുട്ടര്‍ ആയല്ല ഇതിനെ നാം കാണേണ്ടത്. ശാസ്ത്ര സാങ്കേതിക അഭിരുചി വളര്‍ത്തുകയെന്ന വലിയ ലക്ഷ്യത്തെ വേണം മുന്നില്‍ കാണാന്‍ . ശാസ്ത്രസാങ്കേതിക രംഗത്ത് സ്വതന്ത്രമായി ചിന്തിച്ച്, സ്വന്തമായി പരീക്ഷണങ്ങള്‍ നടത്തി മുന്നേറാന്‍ , നമ്മടെ കുട്ടികളെ പ്രാപ്തരാക്കാന്‍ ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണ്. ഇതുമായി ബന്ധപ്പെട്ട ആശയ സമാഹരണത്തിന് സഹകരിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് unnii21@gmail.com മായി ബന്ധപ്പെടാം.

ആമസോണ്‍ , ഈബേ, ക്രേസി പൈകിറ്റ്‌സ്ന്‍ സ്‌പേയെഴ്‌സ് തുടങ്ങിയ ഓണ്‍ലൈന്‍ വ്യാപാരികളില്‍നിന്ന് ഏതാണ്ട് 3250 രൂപയ്ക്ക് റാസ്ബറി പൈയും മറ്റ് അനുബന്ധ കിറ്റുകളും സ്വന്തമാക്കാം. സാമ്പത്തിക ശേഷിയുള്ളവരുടെ ക്രിസ്തുമസ് അവധിക്കാലത്തെ ഒഴിവുകാല വിനോദം അതാകട്ടെ. അതുമല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയുടെ അടുത്ത പിറന്നാള്‍ ആഘോഷം ഇത്തരം ഒരു കൂട്ടായ്മ നടത്തി ആകട്ടെ. ഇത്തരം അറിവുകള്‍ ചെറു പ്രായത്തില്‍ തന്നെ കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കേണ്ടതുണ്ട് .

നാം സ്വന്തമായി ചെയ്യുന്ന കാര്യങ്ങള്‍ എത്ര നിസ്സാരമെങ്കിലും അവ നമ്മളില്‍ ഉണ്ടാക്കുന്ന ആവേശവും ആത്മവിശ്വാസവും പറഞ്ഞറിയിക്കവുന്നതിലും അപ്പുറത്താണ്. കേവലം രണ്ടു മൂന്ന് മണിക്കൂറുകള്‍ മാത്രം പൈയുമായി ചിലവിട്ടപ്പോള്‍ തന്നെ, ഒരു പുതിയ ലോകത്തേക്കുള്ള വതായായം തുറന്നതായി എനിക്ക് തോന്നി. അപ്പോള്‍ ഏഴോ എട്ടോ വയസുള്ള ഒരു കുട്ടിയുടെ കാര്യം ഊഹിക്കാവുന്നതേയുള്ളൂ
.

ഓണ്‍ലൈന്‍ ബാങ്കിങില്‍ 'മാന്‍ -ഇന്‍ -ദി -ബ്രൗസര്‍ ' ആക്രമണം വ്യാപിക്കുന്നു


  

കഴിഞ്ഞവര്‍ഷം സൈബര്‍ കുറ്റവാളികള്‍ മുഖ്യമായും ലക്ഷ്യംവെച്ചത് പ്രമുഖ ബാങ്കുകളെയും ധനകാര്യസ്ഥാപനങ്ങളെയും ആയിരുന്നു. ഇതിനായി ഉപയോഗിച്ചതോ താരതമ്യേന പുതിയ ആക്രമണരീതിയായ 'മാന്‍ -ഇന്‍ -ദി -ബ്രൗസര്‍ ' ( Man-in-the-browser ) ആക്രമണതന്ത്രങ്ങളും.

കമ്പ്യൂട്ടറിനും ഇടപാടുകള്‍ നടത്തുന്ന വെബ്‌സൈറ്റുകള്‍ക്കും ഇടയില്‍ കടന്നുകയറി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്ന 'മാന്‍ -ഇന്‍ -മിഡില്‍ അറ്റാക്ക്' എന്ന പരമ്പരാഗത ആക്രമണരീതി, എസ് എസ് എല്‍ (സെക്വേര്‍ഡ് സോക്കറ്റ് ലയര്‍) സാങ്കേതികവിദ്യയുടെ പരക്കെയുള്ള ഉപയോഗം മൂലം ഒരു പരിധിവരെ നിര്‍വീര്യമാക്കപ്പെട്ടു എന്നു പറയാം. ഇവിടെ വെബ് സെര്‍വറുകളും ബ്രൗസറുകളും തമ്മിലുള്ള ആശയവിനിമയം പൂര്‍ണ്ണമായും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങള്‍ ഉപയോഗിച്ച് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്നതിനാല്‍ ഇടയില്‍ കടന്നുകയറുന്നവര്‍ക്ക് ഉപകാരപ്രദമായ വിവരങ്ങള്‍ ലഭിക്കാതെ വരുന്നു. എല്ലാ ബാങ്കിങ് സൈറ്റുകളും ഓണ്‍ലൈന്‍ ഷോപ്പിങ് പോര്‍ട്ടലുകളും ഇപ്പോള്‍ നിര്‍ബന്ധമായും എസ് എസ് എല്‍ ഉപയോഗിക്കുന്നതിനാല്‍ മാന്‍-ഇന്‍-മിഡില്‍ ആക്രമണം കാര്യമായി കുറഞ്ഞു.

മാത്രവുമല്ല മൊബൈല്‍ നമ്പരുകളും കാര്‍ഡുകളിലെ രഹസ്യകോഡുകളും എല്ലാമായി ടു സ്‌റ്റെപ് / ത്രീ സ്‌റ്റെപ് വെരിഫിക്കേഷന്‍ മാര്‍ഗ്ഗങ്ങളിലൂടെ ബാങ്കുകള്‍ ഇടപാടുകള്‍ നടത്തുന്നത് യഥാര്‍ത്ഥ ഉപയോക്താവ് തന്നെയാണെന്ന് ഉറപ്പു വരുത്താന്‍ സഹായിച്ചും. ഇതും സൈബര്‍കുറ്റവാളികള്‍ക്ക് തിരിച്ചടിയായി.

ഈ അവസരത്തിലാണ് 'മാന്‍-ഇന്‍-ബ്രൗസര്‍ ' എന്ന പേരില്‍ അറിയപ്പെടുന്ന ആക്രമണരീതി വ്യാപകമായത്.

'മാന്‍-ഇന്‍-ബ്രൗസര്‍ ' ആക്രമണം എങ്ങിനെ വ്യത്യസ്തമാകുന്നു?

1.
 ഇതര ഫിഷിങ്/സ്പൂഫിങ്/വൈറസ് അക്രമണങ്ങളില്‍നിന്ന് വ്യത്യസ്തമായി ആന്റിവൈറസ് അപ്ലിക്കേഷനുകളില്‍ നിന്നും മറഞ്ഞിരിക്കാനുള്ള കഴിവ്.

2.
 ബാങ്കുകള്‍ സാധാരണയായി ഉപയോഗിക്കുന്ന മൊബൈല്‍ നമ്പര്‍ വെരിഫിക്കേഷന്‍ / വണ്‍ ടൈം പാസ്‌വേഡ് / എസ് എസ് എല്‍ തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങളെയെല്ലാം മറികടക്കുന്ന ആക്രമണ രീതി.

3.
 മാന്‍-ഇന്‍-ബ്രൗസര്‍ ആക്രമണങ്ങള്‍ തിരിച്ചറിയുക ദുഷ്‌കരമാണ്. കണക്കുകള്‍ പ്രകാരം 25% മാത്രമാണ് ആന്റീ വൈറസ് പ്രോഗ്രാമുകളുടെ വിജയ സാദ്ധ്യത.

സ്യൂസ് ട്രോജന്‍

2007 ല്‍ ഒരു റഷ്യന്‍ സൈബര്‍ കുറ്റവാളിയാല്‍ നിര്‍മ്മിക്കപ്പെട്ടതും സൈബര്‍ അധോലോകവിപണിയില്‍ പൊന്‍വിലയ്ക്ക് ലഭ്യമായിരുന്നതുമായ ഒരു അപ്ലിക്കേഷന്‍ ആണ് സ്യൂസ് ട്രോജന്‍. മാന്‍-ഇന്‍-ബ്രൗസര്‍ ആക്രമണത്തിന്റെ സാദ്ധ്യതകള്‍ ഫലപ്രദമായി ഉപയോഗിച്ച ആദ്യപ്രോഗ്രാം ആയിരുന്നു.

സ്യൂസ് ട്രോജന്റെ ചുവടുപിടിച്ച് 2011 ല്‍ 'സ്‌പൈ ഐ'ാേ എന്ന പേരില്‍ മറ്റൊരു പ്രോഗ്രാമും എത്തി. സ്യൂസിനെ അപേക്ഷിച്ച് താരതമ്യേന വിലക്കുറവായതും ഉപയോഗിക്കാന്‍ എളുപ്പമായതുമായ സ്‌പൈ ഐ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇതിനിടെ എങ്ങിനെയോ സ്യൂസിന്റെ സോഴ്‌സ് കോഡ് പരസ്യമായി. അതായത് സ്യൂസ് ഒരു ഓപ്പണ്‍ സോഴ്‌സ് ട്രോജന്‍ ആയി മാറി. തുടര്‍ന്ന് പലരും സ്യൂസിന്റെ ന്യൂനതകള്‍ പരിഹരിച്ചും പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ത്തും പരിഷ്‌കരിച്ച പതിപ്പുകള്‍ ഉണ്ടാക്കാന്‍ തുടങ്ങി.

സ്‌പൈ ഐ ട്രോജന്‍ നിര്‍മ്മാണ പ്രോഗ്രാമിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് കടപ്പാട് : ദ രജിസ്റ്റര്‍

വാങ്ങുന്നവന് ആവശ്യത്തിനനുസരിച്ച് രൂപവും സ്വഭാവവും മാറ്റി എടുക്കത്തക്കവിധം പ്രത്യേക 'ട്രോജന്‍ കിറ്റുകള്‍' സൈബര്‍ അധോലോകവിപണിയില്‍ ലഭ്യമായിത്തുടങ്ങി. ചില പ്രോഗ്രാമുകളുടെ നിര്‍മ്മാതാക്കള്‍ ഒരുപടി കൂടി കടന്ന്, വാങ്ങുന്നവര്‍ക്ക് വില്‍പ്പനാനന്തര സേവനവും കാലോചിതമായ പരിഷ്‌കരണ സൗകര്യങ്ങളുംകൂടി ഉള്‍ക്കൊള്ളുന്ന പാക്കേജുകളുമായി രംഗത്തു വന്നു.

അതായത് പ്രത്യേക സാങ്കേതിക പരിജ്ഞാനമൊന്നും ഇല്ലാത്ത സൈബര്‍ കുറ്റവാളികള്‍ക്ക് പോലും ഇത്തരം സോഫ്റ്റ്‌വേറുകള്‍ വാങ്ങി യഥേഷ്ടം ഉപയോഗിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി.

ബാങ്കുകള്‍ക്ക് തലവേദനയായ സ്‌പൈ ഐ ട്രോജനെ പിന്‍തുടര്‍ന്ന അമേരിക്കന്‍ കുറ്റാന്വേഷകര്‍ ചെന്നെത്തിയത് അള്‍ജീരിയക്കാരനായ 'ഹംസ ബെന്‍ ഡലഡ്ജ്' എന്ന ഇരുപത്തിനാലുകാരനില്‍ ആയിരുന്നു. 2013 ജനുവരി 5 ന് ബെന്‍ ഡലഡ്ജ് ബാങ്കോക്കില്‍വെച്ച് പിടിയിലായി. 

സ്‌പൈ ഐ/ സ്യൂസ് ബോട്ട് നെറ്റുകള്‍ക്ക് പിറകിലെ ബുദ്ധികേന്ദ്രം- ഹംസ ബെന്‍ ഡലഡ്ജ്. ചിത്രം കടപ്പാട് : ബാങ്കോക്ക് പോസ്റ്റ്‌

'സ്‌മൈലിങ് ഹാക്കര്‍' എന്ന പേരില്‍ അറിയപ്പെടുന്ന, സദാ പ്രസന്നവദനനായ ബെന്‍ ഡലഡ്ജ് നൂറു കണക്കിന് ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളിലൂടെ കോടികള്‍ തട്ടിയെടുത്തതായി കണക്കാക്കപ്പെടുന്നു. ഇതിനുപുറമേ 2009 മുതല്‍ 2011 വരെ സ്യൂസിന്റെയും സ്‌പൈ ഐയുടേയും വിവിധ പതിപ്പുകള്‍ ഇന്റര്‍നെറ്റ് അധോലോക വിപണിയിലൂടെ വിറ്റഴിച്ചതിന്റെ പേരിലും ബെന്‍ ഡലഡ്ജ് നിയമനടപടികള്‍ നേരിടുന്നു.

എങ്ങിനെയാണ് ഇത്തരം പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നത്?


ഏറ്റവും പ്രചാരമുള്ളതും ഏറ്റവും കൂടുതല്‍ വ്യാജപതിപ്പുകള്‍ ഉപയോഗിക്കപ്പെടുന്നതുമായ ഓപ്പറേറ്റിങ് സിസ്റ്റം ആയ മൈക്രോസോഫ്റ്റ് വിന്‍ഡോസ് തന്നെയാണ് ഇത്തരം ട്രോജനുകളുടേയും ഇഷ്ടതാവളം. ഇവിടെ വിന്‍ഡോസിന്റെ പഴുതുകളേക്കാള്‍ കൂടുതല്‍ ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയും ചൂഷണം ചെയ്താണ് ദുഷ്ടപ്രോഗ്രാമുകള്‍ കമ്പ്യൂട്ടറുകളില്‍ കയറിക്കൂടുന്നത്. ഇവയില്‍ എടുത്തുപറയേണ്ട രണ്ടെണ്ണമാണ് ഫിഷിങും െ്രെഡവ്-ബൈ ഡൗണ്‍ലോഡും.

2009 ല്‍ ഏകദേശം പതിനഞ്ച് ലക്ഷത്തോളം സന്ദേശങ്ങളാണ് ഫെയ്‌സ്ബുക്കിലൂടെ മാത്രം സ്യൂസ് ട്രോജന്‍ പരത്താനായി അയയ്ക്കപ്പെട്ടത് .

െ്രെഡവ്-ബൈ ഡൗണ്‍ലോഡ് : കബളിപ്പിക്കപ്പെട്ട ഉപയോക്താവിന്റെ പൂര്‍ണ്ണസമ്മതത്തോടെയോ വെബ്ബ്രൗസറുകളുടെ സുരക്ഷാപഴുതുകള്‍ മുതലെടുത്തോ ദുഷ്ട പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ കടന്നുകൂടുന്ന മാര്‍ഗമാണ് െ്രെഡവ്-ബൈ ഡൌണ്‍ലോഡ്.

പ്രധാനമായി രണ്ടു രീതികളാണ് െ്രെഡവ്-ബൈ ഡൗണ്‍ലോഡ് ആക്രമണത്തിനായി ഉപയോഗപ്പെടുത്തുന്നത് -


1.
 വ്യാജ വെബ്‌സൈറ്റുകളും, മറ്റു ക്ഷുദ്രപ്രോഗ്രാമുകള്‍ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റുകളും സന്ദര്‍ശിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന പോപ്പ് അപ്പ് വിന്‍ഡോകള്‍. ഇവ അടയ്ക്കാനുള്ള ക്ലോസ്ബട്ടണ്‍ വരെ സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ബ്രൗസറിനെ അനുവദിക്കുന്ന തരത്തിലുള്ളതായിരിക്കും. ചില ഫയല്‍ഷെയറിങ് വെബ് സൈറ്റുകളിലും വ്യാജ സോഫ്റ്റ്‌വേറുകള്‍ വിതരണം ചെയ്യുന്ന വെബ്‌സൈറ്റുകളിലും കാണപ്പെടുന്ന എളുപ്പം ശ്രദ്ധയാകര്‍ഷിക്കുന്ന ഡൗണ്‍ലോഡ് ബട്ടണുകളാല്‍ കബളിപ്പിക്കപ്പെട്ടും ഉപയോക്താക്കള്‍ ദുഷ്ടപ്രോഗ്രാമുകളുടെ വലയില്‍ കുരുങ്ങാറുണ്ട്.

2. 
ബ്രൗസറുകളുടെയും ഫ് ളാഷ് പ്ലയര്‍, ജാവ തുടങ്ങിയ പ്ലഗ്ഗിനുകളുടെയും സുരക്ഷാപഴുതുകള്‍ മുതലെടുത്ത് കമ്പ്യൂട്ടറിലേക്ക് നുഴഞ്ഞുകയറ്റം നടത്തുക.

ആധുനിക ബ്രൗസറുകളിലെല്ലാം പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറുകളിലേയ്ക്ക് സ്വയം ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാതിരിക്കത്തക്ക രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. പക്ഷേ ഇവിടെ മിക്കപ്പോഴും ഉപയോക്താക്കളുടെ അജ്ഞതയും അശ്രദ്ധയും മുതലെടുത്താണ് ട്രോജനുകള്‍ നുഴഞ്ഞുകയറ്റം നടത്തുന്നത്. 

മാന്‍-ഇന്‍-ബ്രൌസര്‍ ആക്രമണ രീതി

മേല്‍പ്പറഞ്ഞ മാര്‍ഗങ്ങളില്‍ ഏതെങ്കിലും രീതിയില്‍ കമ്പ്യൂട്ടറില്‍ കടന്നുകയറുന്ന ട്രോജന്‍ , സാധാരണ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളെയൊന്നും ബാധിക്കുകയില്ല. അതിനാല്‍ ഇവയെ തിരിച്ചറിയുക പ്രയാസമാണ്.

ഒന്നോ അതിലധികമോ ബാങ്കിങ് സൈറ്റുകളെ ലക്ഷ്യമാക്കി നിര്‍മ്മിക്കപ്പെട്ട ഇത്തരം ട്രോജനുകള്‍ , ഉപയോക്താവ് പ്രസ്തുത വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നതുവരെ ഉറക്കം നടിക്കുന്നു. ഇത്തരം ഒരു വെബ്‌സൈറ്റ് തുറക്കുന്നതോടെ അത് ജോലി തുടങ്ങുകയായി.

ബാങ്കുകളുടെ വെബ്‌സൈറ്റുകളും മറ്റും ഉപയോഗിക്കുമ്പോള്‍ ഇപ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്ന ഉപയോക്താക്കള്‍ , അഡ്രസ്സ്ബാറിലെ ' വേേു െ' സ്റ്റാറ്റസ് ബാറിലെ 'താഴ് അടയാളം' തുടങ്ങിയവയെല്ലാം ശ്രദ്ധിക്കാറുണ്ട്.

ഇവിടെ ഇത്തരം എല്ലാ സുരക്ഷാഅടയാളങ്ങളും ഉണ്ടെന്നാകിലും പ്രസ്ത്റ്റുത ബാങ്കിന്റെ സൈറ്റില്‍ നിന്നുതന്നെ വരുന്നുവെന്നു തോന്നിക്കുന്ന പോപ് അപ് വിന്‍ഡോകളും ഉപയോക്താവിന്റെ യൂസര്‍ നേം, ക്രഡിറ്റ്കാര്‍ഡ് നമ്പര്‍, പാസ്‌വേഡ് തുടങ്ങിയ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പേജുകളും ട്രോജനുകള്‍ വെബ്‌പേജുകളിലേക്ക് കുത്തിവക്കുന്നു. വെബ്‌സൈറ്റിന്റെ യു ആര്‍ എല്ലിലോ മറ്റു സുരക്ഷാ അടയാളങ്ങളിലോ കുഴപ്പമൊന്നും കാണാത്ത ഉപയോക്താക്കള്‍ , ഇത്തരത്തില്‍ നല്‍കുന്ന വിവരങ്ങള്‍ പോവുക മറ്റൊരിടത്തായിരിക്കും.

മറ്റൊരു തരത്തിലും ഇത്തരം ട്രോജനുകള്‍ അക്രമണം നടത്താറുണ്ട്. ഇവിടെ ബാങ്കിങ് ഇടപാടുകളില്‍ ഉപയോക്താവ് നല്‍കുന്ന വിവരങ്ങളില്‍ നിന്നും വ്യത്യസ്തമായ വിവരങ്ങള്‍ ബാങ്കിങ് സെര്‍വറിലേക്ക് നല്‍കുന്നു. അതായത് 'രാമന്റെ അക്കൗണ്ടിലേക്ക് 10000 രൂപ അയയ്ക്കുക' എന്ന് ബാങ്കിനു നല്‍കുന്ന നിര്‍ദ്ദേശം ബ്രൗസറിനകത്തിരുന്നുകൊണ്ട് ' ക്രുഷ്ണന്റെ അക്കൗണ്ടിലേക്ക് 50000 രൂപ അയയ്ക്കുക' എന്നു തിരുത്താന്‍ ഇത്തരം ട്രോജനുകള്‍ക്ക് കഴിയുന്നു. മാത്രവുമല്ല ഇങ്ങനെ മാറ്റിയ വിവരം ഉപയോക്താവ് അറിയാതിരിക്കാനുള്ള വിദ്യയും ഇവയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും.

അതായത് വൈറസ്ബാധയേറ്റ കമ്പ്യൂട്ടറില്‍നിന്നും ബാങ്ക് അക്കൗണ്ട് പരിശോധിക്കുന്ന ഉപയോക്താവിന് എന്തെങ്കിലും കള്ളക്കളി നടന്നതായി അറിയാന്‍ കഴിഞ്ഞെന്നും വരില്ല.

ബാങ്കിങ് ട്രോജനുകളെല്ലാംതന്നെ ഓരോ ബാങ്കിങ് സൈറ്റുകളുടേയും പ്രവര്‍ത്തനരീതി വ്യക്തമായി പഠിച്ചതിനുശേഷം നിര്‍മ്മിക്കപ്പെട്ടതായതിനാല്‍ , തുറക്കുന്ന വിന്‍ഡോകളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടോയെന്ന് പ്രത്യക്ഷത്തില്‍ അറിയാന്‍ ഉപയോക്താക്കള്‍ക്ക് കഴിയുന്നില്ല. മാത്രവുമല്ല ബ്രൗസര്‍ എക്സ്റ്റന്‍ഷനുകളായി പ്രവര്‍ത്തിക്കുന്ന ഇവയെ ആന്റിവൈറസ് സോഫ്റ്റ്‌വേറുകള്‍ക്കും കണ്ടെത്താന്‍ പ്രയാസമാണ്.

ആന്റിവൈറസ് പ്രോഗ്രാമുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍ അതിന്റെ പരമാവധി ആക്കിയാല്‍ ആവശ്യമുള്ള പല പ്രോഗ്രാമുകളും തുറക്കാതെ വരുന്ന അവസ്ഥ ഉള്ളതിനാല്‍ ഉപയോക്താക്കള്‍ മിക്കവാറും മധ്യതലത്തിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് പൊതുവെ ഉപയോഗിക്കാറ്. ഇത് ട്രോജന്‍ നിര്‍മ്മാതാക്കള്‍ മുതലെടുക്കുന്നു.

സ്പിറ്റ്‌മോ- സ്‌പൈ ഐയുടെ ആന്‍ഡ്രോയ്ഡ് പതിപ്പ്

സ്‌പൈ ഐ യുടെ ഒരു മൊബൈല്‍ പതിപ്പ് സ്പിറ്റ്‌മോ എന്ന പേരില്‍ കണ്ടെത്തിയിട്ടുണ്ട് (സ്‌പൈ ഐ ഫോര്‍ മൊബൈല്‍). ഇത് സ്‌പൈ ഐ ട്രോജന്‍ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. സ്പിറ്റ്‌മോ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണിലെ എസ് എം എസുകള്‍ ചോര്‍ത്തപ്പെടുന്നു. ഇത്തരത്തില്‍ ബാങ്കുകള്‍ ഇടപാടുകള്‍ ഉറപ്പുവരുത്താന്‍ ഉപയോഗിക്കുന്ന ടു-സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ എസ് എം എസ്സുകളും വണ്‍ ടൈം പാസ്‌വേഡുകളും (OTP) കുറ്റവാളികളിലേയ്ക്ക് രഹസ്യമായി കൈമാറ്റം ചെയ്യപ്പെടുന്നു.


മാന്‍-ഇന്‍-ബ്രൗസര്‍ ആക്രമണങ്ങള്‍ എങ്ങനെയെല്ലാം പ്രതിരോധിക്കാം

1. 
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്ത കമ്പ്യൂട്ടറുകളാണ് ഈ ആക്രമണത്തിന് ഇരയാകുന്നത് എന്നതിനാല്‍ ലിനക്‌സ്, മാക് തുടങ്ങിയ മറ്റു ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുക. ഇത് വിന്‍ഡോസ് ഉപയോഗിച്ചു ശീലിച്ചവര്‍ക്ക് പ്രായോഗികമായിക്കൊള്ളണം എന്നില്ല. എന്നിരുന്നാലും ബാങ്കിങ് ഇടപാടുകള്‍ ബൂട്ട് ചെയ്ത് ഉപയോഗിക്കാവുന്ന ലിനക്‌സ് 'ലൈവ് സി ഡി'യിലെ ബ്രൗസറുകളിലൂടെയാകുന്നത് കൂടൂതല്‍ സുരക്ഷിതത്വം നല്‍കും. പ്രത്യേകിച്ച് സുരക്ഷയുടെ കാര്യത്തില്‍ ഉറപ്പില്ലാത്ത കമ്പ്യൂട്ടറുകളിലൂടെ സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍.

2. 
സൗജ്യന്യ സോഫ്റ്റ്‌വേറുകള്‍ വിശ്വാസയോഗ്യമായ വെബ്‌സൈറ്റുകളില്‍നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുക. ഫയല്‍ ഷെയറിങ് സൈറ്റുകളില്‍ സാധാരണ കാണുന്ന വ്യാജഡൗണ്‍ലോഡ് ബട്ടനുകളെ ശ്രദ്ധിക്കുക.

3.
 ഫയര്‍ഫോക്‌സ്, ക്രോം തുടങ്ങിയ ബ്രൗസറുകളില്‍ ആഡ് ബ്ലോക്ക് എന്ന എക്സ്റ്റന്‍ഷന്‍ ഉപയോഗിച്ചാല്‍ അനാവശ്യമായ പോപ് അപ്പുകളില്‍ നിന്നും വ്യാജ പരസ്യങ്ങളില്‍ നിന്നും രക്ഷനേടാം.

5. 
ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ അതാത് ബ്രൗസറുകളുടെ എക്സ്റ്റന്‍ഷന്‍ ഗാലറിയില്‍ നിന്നുമാത്രം ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. ഇന്റര്‍നെറ്റില്‍ പരതുമ്പോഴോ ഏതെങ്കിലും സോഫ്റ്റ്‌വേറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴോ ബ്രൗസര്‍ എക്സ്റ്റന്‍ഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക.

6.
 മിക്കവാറും എല്ലാ ബാങ്കുകളും സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി അപ്ലിക്കേഷനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്തരം അപ്ലിക്കേഷനുകളിലൂടെ ഇടപാടുകള്‍ നടത്തുന്നത് വെബ്ബ്രൗസറുകളിലൂടെ നടത്തുന്ന ഇടപാടുകളേക്കാള്‍ താരതമ്യേന സുരക്ഷിതമായിരിക്കും.

7. 
സ്മാര്‍ട്ട്‌ഫോണുകളില്‍ അപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. അപ്ലിക്കേഷനുകള്‍ അതാത് ഓപ്പറേറ്റിങ് സിസ്റ്റം അപ്ലിക്കേഷന്‍ സ്‌റ്റോറുകളില്‍നിന്ന് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യുക.

50,000 നെറ്റ്‌വര്‍ക്കുകളില്‍ അമേരിക്ക ദുഷ്ടപ്രോഗ്രം കടത്തിവിട്ടു: റിപ്പോര്‍ട്ട്




ഓണ്‍ലൈന്‍ ചാരപ്രവര്‍ത്തനത്തിന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സി ( NSA ) ദുഷ്ടപ്രോഗ്രാമുകള്‍ വ്യാപകമായി ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്.

ലോകമെമ്പാടും 50,000 നെറ്റ്‌വര്‍ക്കുകളില്‍ എന്‍ എസ് എ ദുഷ്ടപ്രോഗ്രാം ( malware ) കടത്തിവിട്ടതായി, ഡച്ച് പത്രമായ എന്‍ ആര്‍ സി ആണ് റിപ്പോര്‍ട്ട് ചെയ്തത്.

സുപ്രധാന വിവരങ്ങള്‍ അനധികൃതമായി ചോര്‍ത്താന്‍ ദുഷ്ടപ്രോഗ്രാമുകള്‍ ഉപയോഗിച്ചെന്ന വിവരം, മുന്‍ എന്‍ എസ് എ കോണ്‍ട്രാക്ടര്‍ എഡ്വേര്‍ഡ് സ്‌നേഡന്‍ പുറത്തുവിട്ട രഹസ്യവിവരങ്ങളിലാണുള്ളതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

2008 ല്‍ 20,000 നെറ്റ്‌വര്‍ക്കുകളില്‍ ദുഷ്ടപ്രോഗ്രാം എത്തിക്കാന്‍ എന്‍ എസ് എ യ്ക്ക് സാധിച്ചെന്ന് ചോര്‍ന്നുകിട്ടിയ വിവരങ്ങളില്‍ പറയുന്നു. റോം, ബെര്‍ലിന്‍ , പ്രിസ്റ്റീന, കിന്‍ഷാഷ, റാന്‍ഗൂണ്‍ തുടങ്ങിയ പ്രദേശങ്ങളിലേക്ക് സമീപകാലത്ത് ഈ പ്രവര്‍ത്തനം അമേരിക്കന്‍ ഏജന്‍സി വ്യാപിപ്പിച്ചു.

റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കാന്‍ എന്‍ എസ് എ അധികൃതര്‍ തയ്യാറായില്ലെന്ന്, ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

'സ്ലീപ്പര്‍ ' മോഡില്‍നിന്ന് ഒറ്റ ക്ലിക്കിലൂടെ പ്രവര്‍ത്തനക്ഷമമാക്കാവുന്ന ദുഷ്ടപ്രോഗ്രാമാണ് അമേരിക്ക ഉപയോഗിച്ചതെന്ന് എന്‍ ആര്‍ സി യുടെ റിപ്പോര്‍ട്ട് പറയുന്നു.

എന്‍ എസ് എ പോലുള്ള ഏജന്‍സികള്‍ നടത്തുന്ന ഓണ്‍ലൈന്‍ ചാരപ്രവര്‍ത്തനത്തില്‍ നിന്ന് യൂസര്‍മാരെ രക്ഷിക്കാന്‍ , അധിക സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തുന്നതായി കഴിഞ്ഞ ദിവസം പ്രമുഖ സോഷ്യല്‍ നെറ്റ്‌വര്‍ക്കായ ട്വിറ്റര്‍ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്
.

1000 ക്ലാസിക് വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനില്‍




ശരിക്കുപറഞ്ഞാല്‍ ഇതൊരു ക്രിസ്മസ്-പുതുവത്സര സമ്മാനമാണ്. ഒരുകാലത്ത് പാശ്ചാത്യലോകത്ത് കുട്ടികളുടെ ഹരമായിരുന്ന ആയിരത്തോളം ക്ലാസിക് വീഡിയോ ഗെയിമുകള്‍ 'ഇന്റര്‍നെറ്റ് ആര്‍ക്കൈവ്' ഓണ്‍ലൈനിലെത്തിക്കുകയാണ്. ഇനിയവ വെബ്ബ് ബ്രൗസറില്‍ കളിക്കാം!

ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ 'ദി കണ്‍സോള്‍ ലിവിങ് റൂം' ( Console Living Room ) പദ്ധതിയുടെ ഭാഗമായാണ്, തലമുറകള്‍ക്ക് ഹരംപകര്‍ന്ന ആ പ്രസിദ്ധ വീഡിയോ ഗെയിമുകള്‍ ഓണ്‍ലൈനിലെത്തുന്നത്.

ഇന്റര്‍നെറ്റ് ആര്‍ക്കൈവിന്റെ സ്ഥാപകന്‍ ജാസണ്‍ സ്‌കോട്ട് ബ്ലോഗില്‍ പറയുന്നത്നോക്കുക : 'മരച്ചുവട്ടിലിരിക്കുന്ന വലിയൊരു പാഴ്‌സല്‍ കണ്ടെത്തുക. അതു തുറക്കുമ്പോള്‍ ഉള്ളില്‍ ആവേശമുണര്‍ത്തുന്ന, എണ്ണമറ്റ വീഡിയോ ഗെയിമുകളടങ്ങിയ വര്‍ണാഭമായ ആ പെട്ടി. ഒരു തലമുറയിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഏറ്റവും ആവേശകരമായ ക്രിസ്മസ് സമ്മാനം അതായിരുന്നു'.

ഇന്നത് ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ മാത്രം. സാങ്കേതികവിദ്യ വികസിച്ചപ്പോള്‍ വീഡിയോ ഗെയിം കണ്‍സോളുകള്‍ പഴങ്കഥയായി, ഒപ്പം പഴയ ഗെയിമുകളും.

1970 കളിലും 1980 കളിലും വന്‍ജനപ്രീതി നേടിയ വീഡിയോ ഗെയിമുകളാണ് ഇന്റര്‍നെറ്റ് ആര്‍ക്കൈവ് ബ്രൗസര്‍ അധിഷ്ഠിത ഗെയിമുകളായി പുനര്‍ജനിപ്പിക്കുന്നത്. അറ്റാരി 2600 ( Attari 2600 ), അറ്റാരി 7800 പ്രോസിസ്റ്റം ( Atari 7800 ProSystem ), കൊലെകോ വിഷന്‍ ( Coleco Vision ), മാഗ്നാവോക്‌സ് ഒഡീസി ( Magnavox Odyssey ), അസ്‌ട്രോകേഡ് ( Astrocade ) എന്നീ അഞ്ച് കണ്‍സോളുകള്‍ക്കായി സൃഷ്ടിക്കപ്പെട്ട വീഡിയോ ഗെയിമുകളാണ് വിരല്‍ത്തുമ്പിലെത്തുക.

'ദി കണ്‍സോള്‍ ലിവിങ് റൂം' ബീറ്റാ വേര്‍ഷനാണെന്ന് ജാസണ്‍ സ്‌കോട്ട് ബ്ലോഗില്‍ അറിയിച്ചു. അതിനാല്‍ ബ്രൗസറില്‍ കളിക്കുമ്പോള്‍ ചില പ്രശ്‌നങ്ങളും തടസ്സങ്ങളും ഉണ്ടായേക്കാം. സന്നദ്ധപ്രവര്‍ത്തകരുടെ ഒരു സംഘം വിവിരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുവരികയാണ്. ഏതാനും ദിവസങ്ങള്‍ക്കകം പ്രശ്‌നങ്ങള്‍ മിക്കതും പരിഹരിക്കാന്‍ കഴിയുമെന്നും അദ്ദേഹം എഴുതുന്നു. നിലവില്‍ ഗെയിമുകള്‍ക്ക് ശബ്ദമില്ല. താമസിയാതെ ആ ഫീച്ചര്‍ ഉള്‍പ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ.

ഇന്റര്‍നെറ്റിന്റെ ചരിത്രം രേഖപ്പെടുത്തി വെയ്ക്കുന്നതില്‍ സ്തുത്യാര്‍ഹമായ സേവനമാണ് 1996 മുതല്‍ ഇന്റര്‍നെറ്റ് ആര്‍ക്കൈവ് നടത്തുന്നത്. വീഡിയോ ഗെയിമുകള്‍ തീര്‍ച്ചയായും സാങ്കേതികവിദ്യയുടെ ചരിത്രത്തിലെ പ്രധാനപ്പെട്ട അധ്യായമാണ്. ആ അധ്യായമാണ് പുതിയ പദ്ധതി വഴി സൃഷ്ടിക്കപ്പെടുക
.